'അത് മദ്യപാനിയുടെ കണ്ണിലെ ചുവപ്പല്ല.. ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം ഇതാണ്';ലക്ഷ്മിപ്രിയ
ദില്ലി; ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഗതാഗതം തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച പുകയുകയാണ്. അതിനിടെ നടനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. ജോജു മദ്യപിച്ചത് കൊണ്ടാണ് സമരത്തിനെതിരെ രംഗത്തെത്തിയതെന്നും മദ്യപാനിയെ പോലെയാണ് അയാൾ പെരുമാറിയതെന്നുമുള്ള കോൺഗ്രസ് ആരോപണത്തിനുള്ള മറുപടി നൽകുകയാണ് താരം. അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ് ജോജുവിന്റെ കണ്ണിൽ കണ്ടതെന്നും അല്ലാതെ മദ്യാപനിയുടെ കണ്ണിലെ ചുവപ്പല്ലെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. നടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല!അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയിൽ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാർഢ്യം!

ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്....ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു.. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു...

അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്., അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ് !അതേ അയാൾ നമ്മുടെ പ്രതിനിധിയാണ്... പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ.

അയാളെ തടയാൻ ഒരാൾക്കും കഴിയില്ല.അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും... കൂടുതൽ കൂടുതൽ കരുതത്തോടെ..... Support Joju Georgeനിങ്ങൾക്ക് തല്ലിത്തകർക്കാൻ നോക്കാം, എന്നാൽ തടയാൻ നിങ്ങൾക്ക് കഴിയില്ല.....

നബി : ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാൻസ് ഉണ്ടാവാൻ എന്ന കമെന്റ് ഇട്ട് സന്തോഷിക്കാൻ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയിൽ തുടരാം എന്നും ഇത്ര സിനിമകൾ ചെയ്തു കൊള്ളാം എന്നും ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല.... ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ട്. Ok Thanks, ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ജോജുവിനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. വിഷയത്തിൽ ജോജുവിനെതിരെ കേസ് എടുക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. പോലീസ് ഏകപക്ഷീയമായാണ് കേസിൽ ഇടപെടുന്നതെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജോജുവിനെതിരെ കേസ് എടുത്തില്ലേങ്കിൽ കോടതിയെ സമീപിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ പറഞ്ഞു.
Recommended Video

തങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ജോജുവിനെതിരെ കേസെടുത്തിരുന്നു. എന്തുകൊണ്ടാണ് അവരുടെ പരാതിയിൽ പോലീസ് കേസ് എടുക്കാത്തത്. ലഹരിക്ക് അടിമപ്പെട്ട ഒരാളെ പോലെ വന്ന് സ്ത്രീകൾക്ക് നേരെ തട്ടിക്കയറിയ ആളാണ് ജോജു. സ്ത്രീ സുരക്ഷയുടെ പേരിൽ അവരെ നോക്കിയാൽ പോലും കേസെടുക്കുന്ന രാജ്യത്ത് എന്തുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാത്തതെന്നും ദീപ്തി ചോദിച്ചു.


Click it and Unblock the Notifications