'സ്ത്രീയും സെലിബ്രിറ്റിയുമാണെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്'; തുറന്നടിച്ച് നടി മീന
നടി മീനയും നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന തമിഴ് നടൻ ബയൽവാൻ രംഗനാഥന്റെ പ്രതികരണം അടുത്തിടെ ചൂടുള്ള ചർച്ചയ്ക്കായിരുന്നു കാരണമായത്. 'രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാമെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
അന്ന് ബയൽവാനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താരങ്ങളും ആരോപണം വെറും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അന്നത്തെ ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് നടി മീന.വിഷു ദിനത്തിൽ ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വായിക്കാം

ഞാനൊരു സെലിബ്രിറ്റി ആയത് കൊണ്ടും സ്ത്രീ ആയത് കൊണ്ടും എല്ലാം ലാഘവത്തോടെ എടുക്കാൻ സാധിക്കില്ല. തീർത്തും തെറ്റായ കാര്യങ്ങൾ അവർക്ക് തോന്നും പോലെ എഴുതി പിടിപ്പിക്കാൻ സാധിക്കില്ല. ഗോസിപ്പ് എന്നത് തന്നെ സംബന്ധിച്ച് പുതിയ കാര്യമല്ല. ചെറുപ്പം തൊട്ടേ നിരവധി സിനിമകൾ ചെയ്തയാളാണ് ഞാൻ. അപ്പോൾ തൊട്ട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട്.
അപ്പോഴൊന്നും താൻ അത്തരം ഗോസിപ്പുകളെ കാര്യമായി എടുക്കുകയോ എന്തിന് ശ്രദ്ധിക്കാറ് പോലും ഇല്ലായിരുന്നു. എന്നാൽ നമ്മളും മനുഷ്യരാണ്, നമ്മുക്കും വളരെ അധികം വിഷമിക്കുന്ന ഘട്ടത്തിലൂടെയൊക്കെ കടന്ന് പോകും , ആ സമയത്തും ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നത് തീർത്തും നമ്മളെ ബുദ്ധിമുട്ടിക്കും.
എന്തൊക്കെ കാര്യങ്ങൾ നമ്മളെ കുറിച്ച് എഴുതാൻ ഉണ്ടാകും. എന്നാൽ എപ്പോഴും എന്തിനാണ് നെഗറ്റീവ് മാത്രം എഴുതിപ്പിടിപ്പിക്കുന്നത്. എല്ലാ സമയവും ഒരുപോലെ ആയിരിക്കില്ല, എല്ലായപ്പോഴും ഇത് കേട്ട് നിൽക്കാനും സാധിക്കില്ല', മീന പറഞ്ഞു.
40 വർഷം ഈ സിനിമാ മേഖലയിൽ തുടരാൻ പറ്റുമെന്നോ എല്ലാ ഭാഷകളിലേയും സൂപ്പർ സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്നോ താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ കേൾക്കുമ്പോൾ അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുകയാണ്. എന്റെ ജീവിതം എന്ന് പറയുന്നത് തന്നെ എന്റെ സിനിമയും കഥാപാത്രങ്ങളും കോസ്റ്റ്യൂമും അഭിമുഖങ്ങളും സിനിമയുടെ ബന്ധപ്പെട്ട പരിപാടികളുമെല്ലാമായിരുന്നു.
ഓണത്തിനെക്കാൾ എനിക്ക് ചെറുപ്പത്തിൽ ഇഷ്ടം ഉണ്ടായിരുന്നത് വിഷുവായിരുന്നു. കൈനീട്ടമൊക്കെ വളരെ അധികം സന്തോഷം നൽകുന്ന ഓർമ്മകളാണ്. ദക്ഷിണേന്ത്യൻ സിനിമാ മേഖല എന്നത് വളരെ അധികം മാറിയിട്ടുണ്ട്. സാങ്കേതികമായും സാഹചര്യങ്ങളിലും ഒക്കെ മാറ്റം വന്നിട്ടുണ്ട്. എന്നാൽ സിനിമാരംഗത്ത് സ്ത്രീപുരുഷ സമത്വം പൂർണ്ണമായി വന്നിട്ടില്ല.
നമ്മൾ ആ നിലയിലേക്ക് വളരുന്നതേയുള്ളൂ', നടി പറഞ്ഞു.












Click it and Unblock the Notifications