നടി മീര മിഥുന്‍ വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം
ചെന്നൈ: നേരത്തേയും പല തരത്തിലുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള താരമാണ് തമിഴ് നടിയായ മീര മിഥുന്‍. ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ താരത്തെ നേരത്തെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തമിഴ് ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയ മീര നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംവിധായകനും നടനുമായ ചേരൻ തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ബിഗ് ബോസില്‍ താരം വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത് നിഷേധിച്ച് ചേരന്‍ തന്നെ രംഗത്ത് വന്നു. അഗ്‌നി സിറകുകൾ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കിയത് കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകാനാണെന്ന ഒരു ആരോപണവും താരം നടത്തിയിരുന്നു.
ഇഷ്ടമുള്ളത് ധരിക്കുക; ലൈംഗിക ദാരിദ്ര്യം പിടിച്ചവർ ചിന്തിക്കുന്നത് ഓർത്ത് ആശങ്കപ്പെടാൻ സമയമില്ല: റിമ

ഈ വിവാദങ്ങള്‍ക്ക് ശേഷവും തമിഴ് ഉള്‍പ്പടേയുള്ള ഭാഷകളിലെ ചിത്രങ്ങളില്‍ താരം അഭിനയിച്ച് വരികയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ സെൽവ അൻപരസനാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പേയെ കാണോം' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയായിരുന്നു.

ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂൾ കൊടൈക്കനാലിൽ നടന്ന് വരികയാണ്. എന്നാല്‍ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരം സെറ്റില്‍ നിന്നും മുങ്ങിയെന്നാണ് സംവിധായകന്റെ പരാതി. നടിക്കൊപ്പം ആറ് അസിസ്റ്റന്റുമാരേയും കാണാതായിട്ടുണ്ട്. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും സാധനങ്ങളെല്ലാം എടുത്തിട്ടാണ് ഇവർ സ്ഥലം വിട്ടിരിക്കുന്നത്.

രണ്ട് ദിവസത്തെ ചിത്രീകരണം കൂടി കഴിഞ്ഞാല്‍ ഷൂട്ടിങ് പൂർത്തിയാകുമായിരുന്നു. മീരു മിഥുന്‍ അഭിനയിക്കേണ്ട ചിത്രത്തിലെ പ്രസക്ത ഭാഗങ്ങളുടെ ഷൂട്ടിങ്ങായിരുന്നു കൊടൈക്കാനാലില്‍ നടന്നു വന്നിരുന്നത്. സെറ്റില്‍ ഒരോളോട് പോലും പറയാതെയായിരുന്നു അസിസ്റ്റന്റുമാരേയും കൂട്ടി താരം സ്ഥലം വിട്ടത്.

ചിത്രീകരണം മുടങ്ങിയതോടെ നിർമ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും അവർക്കെതിരെ സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും പരാ തി നൽകുമെന്നും അൻപരസൻ പറഞ്ഞു. അതേസമയം താരത്തിന്റെയോ അവരുമായി ബന്ധപ്പെട്ട ആരുടേയും ഭാഗത്ത് നിന്നും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണമുണ്ടായിട്ടില്ല.

അതേസമയം, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ പരാമർശങ്ങളുടെ പേരിൽ മീര മിഥുനെ നേരത്തെ തിരുവനന്തപുരത്ത് വെച്ചായിരുന്നു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെയായിരുന്നു അറസ്റ്റ്. പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടിയുടെ പേരിൽ കേസെടുത്തത്.

പരാതിയില്‍ തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തരത്തിലുള്ള വെല്ലുവിളികളൊക്കെ താരം ആദ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പോലീസിനെ തടയാൻ ശ്രമിച്ച നടി അലമുറയിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടിക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പോലീസ് സമൻസയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് ഹാജരാകാതെ നടി ഒളിവിൽ പോവുകയായിരുന്നു. ഈസമയത്തും സാമൂഹികമാധ്യമങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ കൂടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നടി തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കേരളത്തിലേക്ക് കടന്നുവെന്ന് വ്യക്തമായതോടെ കേരള പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.സി. വിഭാഗത്തിൽപ്പെട്ടവർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണെന്നും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സംവിധായകരെ തമിഴ് സിനിമയിൽനിന്ന് പുറത്താക്കണമെന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ദളിത് വിഭാഗങ്ങള്‍ നടിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.