'പെണ്ണുങ്ങൾ മാത്രമുള്ള സദസിൽ കാര്യങ്ങൾ പറയുന്നത് കൊണ്ട് മാത്രം മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല';രജിഷ വിജയൻ
കൊച്ചി; സിനിമകളിൽ റേപ്പ് ചിത്രീകരിക്കുന്നത് നായകനെ ഗ്ലോറിഫൈ ചെയ്യാനെന്ന് നടി രജിഷ വിജയൻ. പലപ്പോഴും അതിന് ശേഷമുള്ള സ്ത്രീകളുടെ ജീവിതം എന്താണെന്ന് കാണിക്കാറില്ലെന്നും രജിഷ. പെണ്ണുങ്ങൾ മാത്രമുള്ള സദസിൽ കാര്യങ്ങൾ പറയുന്നത് കൊണ്ട് മാത്രം മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും രജിഷ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. രജിഷയുടെ വാക്കുകളിലൂടെ

പൊതുവെ സിനിമയിൽ റേപ്പ് കാണിക്കുന്നത് മിക്കവാറും ഹീറോയെ ഗ്ലോറിഫൈ ചെയ്യാനാണ് സംഭവിക്കുന്നത്. റേപ്പിന് ഇരയായവരുടെ അവസ്ഥയെ കുറിച്ച് സിനിമകളിൽ കാണിക്കുന്നില്ല. അതിന് ശേഷം ഉള്ള സ്ത്രീകളുടെ ജീവിതം ഉണ്ട്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ് ആ ജീവിതം. അതിനെ കുറിച്ചൊന്നും ചർച്ച ചെയ്യപ്പെടാറേ ഇല്ല. നമ്മുടെ പങ്കാളിയിൽ നിന്നും ഏറ്റവും വിശ്വസിക്കുന്ന ഒരാളിൽ നിന്നുമൊക്കെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ജീവിതത്തിൽ പിന്നെ മറ്റൊരാളെ വിശ്വസിക്കാൻ സാധിക്കുമോ?

പീഡിപ്പിക്കപ്പെട്ടാൽ പിന്നീട് പരിഹാരം എന്ന നിലയിൽ അയാളുടെ കൂടെ ജീവിക്കാൻ പറയുകയാണ്.അതിക്രമം കാണിച്ചൊരാളെ പങ്കാളിയാക്കാനും ജീവിതകാലം മുഴുവൻ അയാൾക്കൊപ്പം ജീവിക്കുവാനും പറയുന്നതൊക്കെ എങ്ങനെയാണെന്ന് മനസിലകുന്നില്ല. സ്ത്രീധന കേസുകളിൽ ഒക്കെ സ്ഥിരം കേൾക്കുന്നതാണ് പെൺകുട്ടികൾ അഡ്ജസ്റ്റ് ചെയ്യണം എന്നത്. പാശ്ചാത്യ സംസ്കാരം പൂർണമായും പിന്തുടരണമെന്നല്ല. എങ്കിലും വിദേശരാജ്യങ്ങളിലെല്ലാം ഇമോഷ്ണൽ ബ്ലാക്ക്മെയിലിംഗ് പോലും ഡൊമസ്റ്റിക്ക് വയലൻസ് ആയാണ് കണക്കാക്കുന്നത്. എല്ലാവരും വ്യത്യസ്ത വ്യക്തികളാണ് എന്നാണ് പറയുന്നത്.

എന്നാൽ ഇവിടെയോ? നമ്മളെ അടിച്ചാലും കൊന്നലും പറയുന്നത് അഡ്ജസ്റ്റ് ചെയ്യണം എന്നാണ്. എന്തിനാണ് അത്തരത്തിൽ അഡ്ജസ്ററ് ചെയ്യുന്നത്. പണവും സ്ഥലവും കിട്ടിയാലേ നിങ്ങളുടെ കുട്ടിയെ വിവാഹം കഴിക്കൂവെന്ന് പറയുമ്പോൾ തന്നെ പെൺകുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല വിവാഹത്തിന് പുരുഷൻമാർ തയ്യാറാകുന്നതെന്ന് മനസിലാക്കിക്കൂടെ? വിവാഹം കഴിഞ്ഞ ശേഷം ഭർത്താവ് സ്ത്രീയെ ഉപദ്രവിക്കുമ്പോഴെങ്കിലും അതൊന്നും സ്നേഹം കൊണഅടല്ലെന്ന് മനസിലാക്കൂകൂടെ? പെൺകുട്ടികളെ ദ്രോഹിക്കാൻ ആരാണ് ഭർത്താക്കൻമാർക്ക് അനുവാദം കൊടുക്കുന്നത്, നടി ചോദിക്കുന്നു.

സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന തരത്തിലുള്ള പ്രയോഗങ്ങൾക്കെതിരേയും രജിഷ പ്രതികരിച്ചു. പെണ്ണിന്റെ അഭിമാനത്തിന് എന്താണ് എക്സ്ട്രാ പോയിന്റ്സ് ഉള്ളതെന്ന് നടി ചോദിച്ചു. ക്രിസ്റ്റൽ ക്ലിയറാണ്, ക്രൈം എന്നത് ജന്റൽ ലെസ് ആയി എടുത്താൽ പ്രശ്നങ്ങൾ തീരും. തെറ്റ് ചെയ്യുന്നവരാണ് ശക്ഷിക്കപ്പെടേണ്ടത്. ജെന്റർ വരുമ്പോൾ എങ്ങനെയാണ് അതൊക്കെ മാറുന്നതെന്ന് മനസിലാകുന്നില്ല.കുട്ടികളെ ഒരു പോലെയാണ് പരിഗണിക്കേണ്ടത്. ചെറുപ്പം മുതൽ തന്നെ അവരിൽ ഇത്തരത്തിലൊരു അവബോധം ഉണ്ടാക്കണം, രജിഷ വ്യക്തമാക്കി.

പണ്ടൊക്കെ ജെന്റർ എന്നാൽ ആണും പെണ്ണും മാത്രമാണ്. ഇപ്പോഴാണ് രണ്ടല്ല അതിൽ കൂടുലാണെന്ന് നമ്മൾ മനസിലാക്കാനും ഉൾക്കൊള്ളാനും തുടങ്ങിയത്. വസ്ത്രമൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. പക്ഷേ സ്ത്രീകളുടെ വസ്ത്രങ്ങളാണ് പലർക്കും പ്രശ്നം. അങ്ങനെയെങ്കിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലും എങ്ങനെയാണ് റേപ്പ് ചെയപ്പെടുന്നത്. സ്ത്രീകൾ എന്താണ് ധരിച്ചത്, ഏത് സമയത്താണ് പുറത്ത് പോകുന്നത്, അവരുടെ ഇഷ്ടം എന്താണ്, അവരുടെ ജോലി എന്താണ് അതൊക്കെ വെറും പഴിചാരൽ മാത്രമാണ്. പീഡിപ്പിക്കപ്പെട്ടാൽ ഇരയ്ക്കെതിരെയാണ് പലപ്പോഴും വിമർശനങ്ങൾ. അവൾ എന്തിന് 'അസമയത്ത്' പുറത്തിറങ്ങി എന്നൊക്കെയാണ് ആ നേരം ചോദ്യങ്ങൾ വരുന്നത്. കുറ്റവാളിയ്ക്ക് പക്ഷേ യാതൊരു കുഴപ്പവുമില്ല എന്നതാണ് ഇപ്പോൾ നടക്കുന്നത്.

താൻ അനുഭവിച്ചിട്ടില്ല എന്നതിനാൽ കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഇല്ലെന്ന് തനിക്ക് പറയാൻ സാധിക്കില്ല. അത്തരമൊരു അനുഭവം ആരെങ്കിലും തന്നോട് തുറന്ന് പറഞ്ഞാൽ അവർക്കൊപ്പം തന്നെയായിരിക്കും ഞാൻ, നടി വ്യക്തമാക്കി.

വിമൺ ഇൻ സിനിമ കളക്ടീവ് പോലുള്ളവയുടെ ഭാഗാമാകാനുള്ള സമയമോ അതിന് വേണ്ടി എനർജി മാറ്റിവെയ്ക്കാനുള്ള ഒരു അവസ്ഥയോ വരണം. ഇന്നൊരു പത്രസമ്മേളനത്തിൽ വന്ന് പിന്തുണ പ്രഖ്യാപിച്ച് നാളെ അതിൽ എന്നെ കാണാതിരിക്കുന്ന അവസ്ഥ അത് എനിക്ക് സാധിക്കില്ല. ഞാനൊരു കാര്യത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെങ്കിൽ അതിൽ 100 ശതമാനവും പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അങ്ങനെ ഒരു മാനസികാവസ്ഥയും സമയവും വന്ന് ചേരുകയാണെങ്കിൽ തീർച്ചയായും വരും.

പെണ്ണുങ്ങൾ മാത്രമുള്ള സദസിൽ കാര്യങ്ങൾ പറയുന്നത് കൊണ്ട് മാത്രം കാര്യങ്ങൾ മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് പറയാനുള്ള കാര്യങ്ങൾ പുരുഷനും സ്ത്രീയും ട്രാൻസ്ജെന്റർ വിഭാഗങ്ങളും കേൾക്കണമെന്നാണ്. അവരോടൊല്ലാവരോടും സംവദിക്കാനുള്ള ഒരു അവസരം ഉണ്ടാകണമെന്നതാണ്, രജിഷ നിലപാട് വ്യക്തമാക്കി.

ജാതി രാഷ്ട്രീയം
ജാതി അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയം പറഞ്ഞ ജയ് ഭീം പോലുള്ള സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. രണ്ട് സിനികളും പുറത്തുവന്ന ശേഷം നമ്മൾ പ്രതീക്ഷിക്കുന്ന തരത്തിലൊരു മാറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നതും ഏറെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. കാരണം കർണൻ ഇറങ്ങിയ സമയത്ത് ബസ്റ്റോപ്പ് ഒന്നും ഇല്ലാത്ത സ്ഥലങ്ങളിൽ അടക്കം ബസ്റ്റോപ്പും ബസും ഒക്കെ വന്നു. ജയ് ഭീം ഇറങ്ങിയപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ട് ഇരുള വിഭാഗത്തിന് വേണ്ടി രംഗത്തെത്തി. ഒരു സിനിമ കാരണമാണഅ ഈ മാറ്റങ്ങൾ ഉണ്ടാക്കി. സാമൂഹിക-രാഷ്ട്രീയ പ്രാധാന്യം ഉള്ള സിനിമകൾ എടുക്കുമ്പോൾ സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അതിന് പിന്നിൽ ഉണ്ടാകുക.

1995 കാലഘട്ടത്തെ കഥയാണ് കർണനിലേത്.1997 കാലഘട്ടത്തിലെ കഥയാണ് ജയ് ഭീം പറയുന്നത്. എന്നാൽ ഇപ്പോൾ പോലും അവരുടെ ജീവിത്തതിലൊന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പ്രത്യേകിച്ച് ജാതി വ്യവസ്ഥയിൽ. ജാതി സംബന്ധിച്ചുള്ള വിഷയങ്ങളിൽ കേരളത്തിനേക്കാൾ ഭീകരമായ സാഹചര്യമാണ് അവിടുത്തെ കാര്യങ്ങൾ. ഒരു സിനിമ കാരണം ചില കാര്യങ്ങളിൽ എങ്കിലും മാറ്റം വരുന്നുവെന്നത് വളരെ സന്തോഷമാണ്, രജിഷ വിജയൻ പറഞ്ഞു.


Click it and Unblock the Notifications
