ആ സീരിയലില്‍ നിന്നും ഇറക്കിവിട്ടു; ശരണ്യയെ വീണ്ടും അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമായിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സേതുലക്ഷ്മി. നാടകവേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയമായത്. അളിയന്‍സ് പോലുള്ള നിരവധി സീരിയലുകളിലും താരം അഭിനയിക്കുന്നു. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസകരമായ അനുഭവങ്ങളെ കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം.
മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 5 വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. ശസ്ത്രക്രിയയുടെ സമയത്ത് പണത്തിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് ഒരുപാട് സിനിമയും സീരിയലും ഉണ്ടായിരുന്നത് കൊണ്ടാണ് ചികിത്സയൊക്കെ നല്ല രീതിയില്‍ കഴിഞ്ഞ് പോയതെന്നുമാണ് എം ലൈഫ് ന്യൂസ് എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പയ്യന്നൂരില്‍ ഉള്‍ട്ട എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ വിവരം അറിയുന്നത്. ആകെ വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തസ്നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു.

അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍ മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്. അങ്ങനെ എറണാകുളത്ത് സീരില്‍ വര്‍ക്കിനായി ചെന്ന സമയത്ത് അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കില്‍ കാര്യം പറയുകയായിരുന്നു. അന്ന് ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ആളുകള്‍ പിന്നീട് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് അക്കൗണ്ട് നമ്പര്‍ നല്‍കിയതെന്നും നടി പറയുന്നു.

അക്കൗണ്ട് നമ്പര്‍ നല്‍കിയതോടെ അതിലേക്ക് നിരവധി ആളുകള്‍ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിച്ചിരിക്കുന്നത്. മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു. അവര്‍ക്ക് താല്‍പര്യമുള്ള ഏത് കോഴ്സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവര്‍ നോക്ക്. പിന്നീട് ഈ കുട്ടികള്‍ക്ക് ജോലി ആവുമ്പോള്‍ ഇതുപോലെ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന. അതുപോലെ ഒരുപാട് കുട്ടികളെ അവര്‍ സഹായിക്കുന്നുണ്ട്.

ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാന്‍ കാരണമായത്. അങ്ങനെയല്ലാത്ത മറ്റ് പലരും എന്നെ വിളിച്ച് ഞങ്ങള്‍ക്കും കൂടെ എങ്ങനെ സഹായം കിട്ടുമെന്ന് അന്വേഷിക്കും. അപ്പോള്‍ എനിക്ക് സങ്കടമാവും. കിഡ്നിരോഗികള്‍ സഹായം തേടുന്നുവെന്ന തരത്തില്‍ പേപ്പറിലൊക്കെ കാണുകയും ചെയ്യും. അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യും.

മകന്റെ ആവശ്യം കഴിഞ്ഞ് കുറച്ച് പൈസ മിച്ചമുണ്ടായിരുന്നു. അതാണ് മരിച്ചു പോയ നടി ശരണ്യയുടെ ആവശ്യത്തിനായി കൊടുത്തത്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു അവള്‍. അവളുടെ കാര്യം പറയുമ്പോള്‍ തന്നെ സങ്കടം വരും. തുള്ളിച്ചാടി നടക്കുന്ന ഒരു പാവം പെണ്ണായിരുന്നു. അവരുടെ വീട്ടിലെ കാര്യങ്ങള്‍ ഒക്കെ എന്നോട് പറയുമായരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വലിയ കാര്യമായിരുന്നു.

അങ്ങനെയാണ് അവള്‍ക്ക് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാവുന്നത്. അങ്ങനെയിരിക്കെ മകനും മകളും കൂടെ പറഞ്ഞിട്ടാണ് ഒരു സഹായം ആശുപത്രിയില്‍ കൊണ്ടുചെന്ന് കൊടുക്കുന്നത്. ചികിത്സയെല്ലാം കഴിഞ്ഞ് അവളെ എങ്ങനെയങ്കിലും ഒരു സീരിയലില്‍ ഒരുവട്ടം കൂടി അഭിനയിപ്പിക്കണമെന്ന് ഞാന്‍ സീമ ജി നായരോട് പറഞ്ഞിരുന്നു. അത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആഗ്രഹിച്ചിരുന്നതായിരുന്നു പക്ഷെ അത് നടന്നില്ല. അവള്‍ പോയി.

ഡാന്‍സ് വേദികളില്‍ നിന്നാണ് നാടകത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ നാടകത്തിലെ ഡാന്‍സുകളിലേക്കാണ് വിളിച്ചിരുന്നത്. പിന്നീട് ചെറിയ വേഷങ്ങള്‍ തരാന്‍ തുടങ്ങി. 50 വര്‍ഷത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ വളരെ കുറവായിരുന്നു. നാടകങ്ങളിലെ അഭിനയത്തിന് 4 സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് സീരിയലിലേക്ക് വിളിക്കുന്നത്.

ആദ്യ സീരിയലില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതിലെ സംവിധായകന്‍ വഴക്ക് പറഞ്ഞ് ഇറക്കിവിട്ടു. നാടകത്തില്‍ നിന്നാണല്ലോ നമ്മള്‍ ചെല്ലുന്നത്. അതിന്റേതായ ചില ബുദ്ധുമുട്ടുകള്‍ ഉണ്ടായിരുന്നു. ഉറക്കെ പറയുന്നതെല്ലാമാണല്ലോ അന്നത്തെ നാടകത്തിന്റെ ശൈലി. ക്യാമറയും എന്നെ വല്ലാതെ വലച്ചിരുന്നു. നാടകത്തില്‍ വേദി മൊത്തത്തില്‍ ഉപയോഗിക്കാം. ക്യാമറയ്ക്ക് മുമ്പില്‍ ആവുമ്പോള്‍ അതിന്റെ പരിധി വിട്ട് പോവാന്‍ പാടില്ല. അതും കൂടെ സാധിക്കാതെ വന്നപ്പോള്‍ ആ ഒരു ഷോട്ട് മാത്രം എടുത്ത് ആ സംവിധായകന്‍ എന്നെ പറഞ്ഞ് വിട്ടു. പിന്നീട് എനിക്കും നില്‍ക്കണമെന്ന് തോന്നിയില്ല.

500 രൂപയും തന്നെ എന്നെ അന്ന് തമ്പാനൂരില്‍ കൊണ്ട് വിടുകയാണ് ചെയ്തത്. എന്നാല്‍ തുടര്‍ന്നും ആളുകള്‍ എന്നെ വിളിച്ചു. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണം എന്ന് പഠിച്ചു. അങ്ങനെ ഏതോ ഒരു സീരിയലില്‍ അഭിനയിക്കുന്നത് സത്യന്‍ അന്തിക്കാട് കണ്ടു. അങ്ങനെയാണ് ഞാനാണ് അന്വേഷിച്ച് എന്നെ രസതന്ത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് ഞാനും മകനും ചേര്‍ന്ന് സ്വന്തം നാടതക സമിതി നടത്തുന്ന സമയമാണ്.

പിന്നീട് ഇന്നത്തെ ചിന്ത വിഷയം, വിനോദയാത്ര, ഭാഗ്യദേവത തുടങ്ങിയ സിനിമയിലൊക്കെ വിളിച്ചു. രണ്ട് മൂന്ന് സിനിമയായപ്പോള്‍ നാടകം നിര്‍ത്തട്ടേയെന്ന് ഞാന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ട, സിനിമയില്‍ ഒന്നും ആയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്ന് പടം ഒക്കെ ആയപ്പോള്‍ സിനിമാക്കാരി ആയെന്നായിരുന്നു എന്റെ ധാരണ. തുടര്‍ന്ന് സിനിമയും നാടകവും സീരിയലും ഒരുമിച്ച് കൊണ്ടു പോവുകയായിരുന്നു.

അങ്ങനെ നാടകം ഒക്കെ കുറഞ്ഞ് വരുന്ന സമയത്താണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ലെന പറഞ്ഞിട്ടായിരുന്നു ആ വിളി. സിനിമ റിലീസായപ്പോള്‍ ആദ്യം ഞാന്‍ കാണാന്‍ പോയില്ല. പിന്നീട് എല്ലാവരും പറഞ്ഞതിന് ശേഷമാണ് പോയത്. എന്നിട്ട് തന്നെ രണ്ട് തവണ കണ്ടപ്പോഴാണ് സിനിമ മനസ്സിലാക്കാന്‍ സാധിച്ചത്. ആദ്യ തവണ എല്ലാവരേയും നോക്കിയിരുപ്പായിരുന്നെന്നും സേതുലക്ഷ്മി പറയുന്നു.


Click it and Unblock the Notifications
