അതിരപ്പള്ളിയിലെ കുലുങ്ങാതെ നിന്ന ഷെഡിന്റെ രഹസ്യം? കുറിപ്പുമായി നടി സുബി സുരേഷ്,വൈറൽ
തൃശ്ശൂർ; അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ മഴ ആർത്ത് പെയ്തിട്ടും കുലുങ്ങാതെ പാറ പോലെ ഉറച്ച നിന്ന ഒരു കുഞ്ഞൻ ഷെഡ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.വിനോദ സഞ്ചാരികൾ പുഴയിലേക്കിറങ്ങി അപകടങ്ങൾ ഉണ്ടാകുന്നതു തടയുന്നതിനായി നിയോഗിച്ച വനസംരക്ഷണ സമിതി അംഗങ്ങൾക്ക് വിശ്രമിക്കുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് ഷെഡ്.മഴ തിമിർത്ത് പെയ്തിട്ടും ഈറ്റയോല കൊണ്ട് ഉണ്ടാക്കിയ ഷെഡിന് ഒരു കുലുക്കം പോലും സംഭവിച്ചില്ല. ഈ മഴയിൽ മാത്രമല്ല കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ഈ ഷെഡിനെ യാതൊരു ഇളക്കവും തട്ടിയിരുന്നില്ല.
ഇതോടെ ഷെഡിന്റെ നിർമ്മാണത്തെ കുറിച്ചുള്ള നിരവധി കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങി. തങ്ങളാണ് ഷെഡ് നിർമ്മിച്ചത് എന്ന അവകാശവാദവുമായി ചിലർ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തു. ഇപ്പോൾ ഇതാ ഈ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ നടി സുബി സുരേഷ്. യഥാർത്ഥത്തിൽ ആരാണ് ഈ ഷെഡ് നിർമ്മിച്ചതെന്ന് സുബി ഫേസ്ബുക്കിൽ പറയുന്നു.മറ്റൊരാളുടെ കുറിപ്പ് പങ്കിട്ട് കൊണ്ടാണ് സുബി പ്രചരണങ്ങളെ പൊളിച്ചടുക്കിയത്. വിശദമായി വായിക്കാം

അതിരപ്പിള്ളിയുടെ സ്വന്തം തച്ചന്മാർ.. ♥️
ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാലും, ഒരു കോടി പ്രാവശ്യം പറഞ്ഞാലും അത് സത്യമാകില്ല സത്യം സൂര്യന്റെ പ്രകാശം പോലെ തിളങ്ങി നിൽക്കും. അതിരപ്പിള്ളിയിലെ വിശ്യവിഖ്യാതമായ ഷെഡിനെക്കുറിച്ച് പല വാർത്തകളും പല ഗ്രൂപ്പിലും, മാധ്യമങ്ങളിലും വന്നു കണ്ടു എന്നാൽ സത്യം ആരും പറഞ്ഞു കണ്ടില്ല.

അതിരപ്പിള്ളിയിലെ പെരുന്തച്ചൻ സുരേന്ദ്രൻ ചേട്ടനും, സഹതച്ചന്മാരായ സഹജൻ, T C ചന്ദ്രൻ, T P ഷാജു, രാജൻ തുടങ്ങിയവർ നിർമ്മിച്ച ഷെഡ്ഢിന്റെ അവകാശ വാദവുമായി ചിലർ വന്നിരുന്നു. മനക്കലെ ലക്ഷ്മി ( ആനയാണ് കേട്ടോ ) ഗർഭിണിയാണ് എന്ന് പറഞ്ഞപ്പോൾ അതിന്റെ ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ പോലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാത്ത ചിലർ അവകാശവാദവുമായി വന്നത്.

പുഴയിൽ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഷെഡിനെ പൂർണ്ണമായി ബാധിക്കില്ല . അതിന്റെ മുകളിൽ ഉള്ള കുഴിയിൽ ( ആ കുഴി ഉണ്ടായത് വിജയ്കാന്ത് അഭിനയിച്ച ക്യാപ്റ്റൻ പ്രഭാകർ സിനിമയുടെ സമയത്ത് ആണ് കുഴി ഉണ്ടാക്കിയത് അന്ന് അവിടെ കാവൽക്കാർ ഉണ്ടായിരുന്നില്ല ) തേക്കിന്റെ കാതൽ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകൾ ഉറപ്പിച്ചിരിക്കുന്നത് ആന കുത്തിയാലും ഈ തൂണുകൾ ഇളകില്ല. അതാണ് ഈ ഷെഡിന്റെ ഉറപ്പിന്റെ രഹസ്യം ആര് വന്ന് എന്തൊക്കെ നുണക്കഥകൾ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം.












Click it and Unblock the Notifications