'അഖിൽ ഇടക്കിടെ തലചുറ്റി വീഴുമായിരുന്നു, ഒരുപാട് പരിശോധനയ്ക്ക് ശേഷമാണ് അസുഖം കണ്ടുപിടിച്ചത്'; മുത്തശ്ശി
ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ ചർച്ചയായ പേരായിരുന്നു സംവിധായകൻ അഖിൽ മാരാരുടേത്. ബിഗ് ബോസ് ഷോ താൻ കാണാറില്ലെന്നും ബിഗ് ബോസിലേക്ക് പോകുകയില്ലെന്നും പറഞ്ഞെത്തിയ അഖിൽ ബിഗ് ബോസ് മെറ്റീരിയലാണെന്നും ഷോയ്ക്ക് ആവശ്യമായ കണ്ടന്റുകൾ ഉണ്ടാക്കുന്നുണ്ടെന്നുമായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. ടാസ്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനായിരുന്നു അഖിൽ മാരാർ കാഴ്ച വെച്ചത്. എന്നാൽ അനാവശ്യമായി ദേഷ്യപ്പെടുന്ന അഖിലിന്റെ പെരുമാറ്റ രീതിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
അവതാരകനായ മോഹൻലാൽ പങ്കെടുത്ത എപ്പിസോഡിൽ പോലും തന്റെ ദേഷ്യം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ച അഖിലിനെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ദേഷ്യപ്പെടുന്നതിന് കാരണം തനിക്ക് തൈറോയിഡ് പ്രശ്നങ്ങൾ ഉള്ളതിനാലാണെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖിലിന്റെ അസുഖത്തെ കുറിച്ച് പ്രതികരിക്കുകയാണ് അഖിലിന്റെ മുത്തശ്ശി. മഴവിൽ കേരളം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'എല്ലാവരോടും നല്ല സ്നേഹത്തോടെ മാത്രമാണ് ഇതുവരെ പെരുമാറിയിട്ടൂള്ളൂ. വേറൊരു കൊള്ളരുതായ്മയും ഇല്ല. ബിഗ് ബോസ് കാണാറുണ്ട്. അഖിലിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. തൈറോയിഡൊക്കെ രക്തത്തിൽ കലർന്ന് അവന് ഭയങ്കര അസുഖങ്ങളൊക്കെ ആയിരുന്നു. അന്നേരം കുറച്ച് ദേഷ്യമൊക്കെ വരും. പക്ഷേ വെറും പാവമാണ്. പറഞ്ഞ് കഴിയുമ്പോഴേക്ക് ദേഷ്യമൊക്കെ പോവും.
നേരത്തേ തലചുറ്റി വീഴുകയൊക്കെ ചെയ്യുമായിരുന്നു. കുറെ ഡോക്ടർമാരെയൊക്കെ കണ്ടപ്പോഴാണ് ഈ അസുഖമാണെന്ന് മനസിലായത്. എവിടെയെങ്കിലും ഇരിക്കുമ്പോഴേക്കും തലചുറ്റി വീഴും. ഒരു തവണ സ്കൂട്ടറിൽ ഇരുന്നപ്പോൾ തലചുറ്റി വീണു. നമ്മൾ കണ്ടില്ല, ഒരുപാട് പരിശോധനയൊക്കെ നടത്തിയാണ് അസുഖം തിരിച്ചറിഞ്ഞത്. അന്നേരം ദേഷ്യമൊക്കെ വരും. അല്ലാതെ അവനൊരു കുഴപ്പവും ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അവനില്ല.
വീട്ടിലൊക്കെ നല്ല ശീലമായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന്റെ തലേന്ന് പോലും എനിക്ക് 500 രൂപ തന്നിട്ടാണ് പോയത്. പിന്നെ എനിക്ക് തുണി വാങ്ങി തരും, എന്നോട് വലിയ ഇഷ്ടമാണ്. അമ്മയോടൊക്കെ വലിയ ഇഷ്ടമാണ്.
അഖിൽ മാരാരെ എല്ലാവരേയും ചേർന്ന് പറയുമ്പോൾ വിഷമം തോന്നാറുണ്ട്.
താത്വിക അവലോകനം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അഖിൽ മാരാർ എന്ന പേര് ഇട്ടത്. അവന്റെ ആദ്യ സിനിമ ഞാൻ തീയറ്ററിൽ പോയി കണ്ടിരുന്നു. ഇശ്ടമായിരുന്നു', മുത്തശ്ശി പറഞ്ഞു.
അതേസമയം ബിഗ് ബോസ് സീസൺ 5ൽ ഫൈനൽ 5 വരെ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് അഖിൽ മാരാർ എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ സീസൺ 5 ലെ വളരെ ടോക്സിക് ആയ മത്സാർത്ഥിയാണ് അഖിൽ മാരാർ എന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. അഖിലിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications