'നടിമാര്‍ക്ക് ലക്ഷങ്ങളും നടന്മാര്‍ക്ക് കോടികളും കിട്ടാനുളള സെറ്റപ്പ്', 'അമ്മ'ക്കെതിരെ പ്രകാശ് ബാരെ
കൊച്ചി: താരസംഘടനയായ എഎംഎംഎ ക്ലബ്ബ് ആണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് എതിരെ സംഘടനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിജയ് ബാബുവിനെ സംഘടനയിൽ നിന്നും പുറത്താക്കാത്തത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.
മലയാള സിനിമയിലെ ഒരു അശ്ലീലമാണ് അമ്മ സംഘടനയെന്ന് നടൻ പ്രകാശ് ബാരെ തുറന്നടിച്ചു. അതിജീവിതയുടെ കൂടെയാണ് എന്ന് പറഞ്ഞിട്ട് അതിന് നേരെ വിപരീതമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഒരു കറക്ക് സംഘമാണിതെന്നും പ്രകാശ് ബാരെ ന്യൂസ് 18 ചർച്ചയിൽ കുറ്റപ്പെടുത്തി.

പ്രകാശ് ബാരെയുടെ വാക്കുകള്‍: ''ക്ലബ് ആണെന്ന് പറയുന്ന അമ്മയ്ക്ക് ഉളളില്‍ അവര്‍ തന്നെ രൂപീകരിച്ച ഐസിസി എന്താണ് ചെയ്യേണ്ടത് എന്ന് നിര്‍ദേശങ്ങള്‍ കൊടുത്തപ്പോള്‍ അതിന് പുല്ലുവില പോലും കല്‍പ്പിക്കാതെ അംഗങ്ങളെ മുഴുവന്‍ രാജി വെപ്പിച്ചിട്ട് അവരെ അപമാനിച്ച് ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അപ്രതീക്ഷിതമായിട്ട് ഒന്നുമില്ല. മലയാള സമൂഹത്തില്‍ ഒരു അശ്ലീലമാണ് എഎംഎംഎ എന്ന സംഘടന. ഒരാള്‍ പോലും മര്യാദയ്ക്ക് വന്ന് ചാനലില്‍ സംസാരിക്കുക എന്ന പരിപാടി അവര്‍ക്കില്ല.

തിലകനോടും പൃഥ്വിരാജിനോടും സുകുമാരനോടും മലയാളത്തിലെ എത്രയോ പേരോട് ചെയ്തിരിക്കുന്ന നെറികേടിന് അമ്മ എന്നെങ്കിലും മാപ്പ് പറയുമോ. ഇത് ക്ലബ്ബ് തന്നെയാണ്. വലിയ ആള്‍ക്കാരുടെ, ബിഗ് ബോയ്‌സ് ക്ലബ് ആണ്. അവരുടെ തെണ്ടിത്തരത്തിനും നെറികേടിനും വേണ്ടി ബാക്കി ഉളള ആളുകളെ നിരത്തി നിര്‍ത്തി ദാസ്യവേല ചെയ്യിക്കുന്നു. ആരുടെ വെല്‍ഫെയറിന് വേണ്ടിയാണ് അമ്മ സംഘടന?.

മലയാള സിനിമയ്‌ക്കോ സമൂഹത്തിനോ ഇവരുടെ കോണ്‍ട്രിബ്യൂഷന്‍ എന്താണ്. നമുക്കൊക്കെ ഇവരുടെ സിനിമയും കഥാപാത്രങ്ങളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടിട്ട് ഇവര്‍ മനുഷ്യരെന്ന നിലയില്‍ നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്കാണ് മുറിയുന്നത്. ഇത് അവസാനിക്കേണ്ട സമയം എത്തിയിരിക്കുന്നു. ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ കൊട്ടേഷന്‍ കൊടുത്ത് ബലാത്സംഗം ചെയ്യിച്ചത്?.

ഞങ്ങള്‍ അതിജീവിതയുടെ കൂടെയാണ് എന്ന് പറഞ്ഞിട്ട് അതിന് നേരെ വിപരീതമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഒരു കറക്ക് സംഘമാണിത്. ഈ സംഘത്തില്‍ നിന്ന് നമ്മള്‍ എന്ത് മാന്യതയാണ് പ്രതീക്ഷിക്കേണ്ടത്. പുരുഷമേധാവിത്വത്തിന്റെ തനിസ്വരൂപമാണ് എഎംഎംഎ. അതിന് ചൂട്ട് പിടിക്കാനും കുറേ ആളുകളുണ്ട്. മലയാളത്തില്‍ നടിമാര്‍ക്ക് ലക്ഷങ്ങളും പുരുഷന്മാര്‍ക്ക് കോടികളും കിട്ടാന്‍ വേണ്ടി ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു സെറ്റപ്പ് ആണിത്.

ഇത്രയും കാലം ഇവര്‍ കൈനീട്ടം കൊടുക്കാനും മലയാള സിനിമയെ ഉദ്ധരിക്കാനും തൊഴില്‍ പ്രശ്‌നം തീര്‍ക്കാനും എന്ന നിലയില്‍ ഇവര്‍ നിന്നത് ശുദ്ധ തട്ടിപ്പായിരുന്നു. നാല് വലിയ ആളുകള്‍ ഇരുന്ന്, നമ്മള്‍ വിചാരിച്ചാല്‍ ഇവിടെ എന്താണ് നടക്കാത്തത്, വേണമെങ്കില്‍ ഐസിസി വെക്കും, ഇല്ലെങ്കില്‍ വേണ്ടെന്ന് വെയ്ക്കും, നിര്‍ദേശങ്ങള്‍ പോട്ടെ എന്ന് വെയ്ക്കും എന്ന് വിചാരിക്കുകയാണ്. സമൂഹത്തിന് പുല്ലുവില കൊടുത്ത് കൊണ്ടാണ് ഇവരത് ചെയ്ത് കൊണ്ടിരിക്കുന്നത്.

ഇതിന് വലിയ വിലയുണ്ട്. പൊതുജനം തങ്ങളെ കുറിച്ച് എന്ത് കരുതും എന്ന് പോലും ചിന്തിക്കുന്നില്ല. ആസനത്തില്‍ മുളച്ച ആല് പോലെ വീശി വീശി നടക്കുകയാണ്. നട്ടെല്ല് ഉളള, ചോദ്യം ചെയ്യുന്ന ആര് ഇറങ്ങിപ്പോയാലും അവര്‍ക്ക് പ്രശ്‌നമില്ല. അവര്‍ പുറത്താക്കും, ബാന്‍ ചെയ്യും. ഈ രണ്ട് കേസുകള്‍ ഉളളത് കൊണ്ട് മാത്രമാണ് കുറച്ച് മാന്യമായി ഒതുങ്ങി നില്‍ക്കുന്നത്. അല്ലെങ്കില്‍ ഇവര്‍ എന്ത് സേവനമാണ് അമ്മ സംഘടന ചെയ്യുന്നത്.

ഇവര്‍ എന്താണെന്ന് ഈ കേസുകളില്‍ എടുക്കുന്ന നിലപാടുകള്‍ കാണിച്ച് തരുന്നു. അമ്മ സംഘടനയ്ക്ക് ഉളളിലുളള മനസ്സില്‍ നന്മയുളള, വല്ലപ്പോഴും സത്യം തുറന്ന് പറയുന്ന ആള്‍ക്കാര്‍ക്ക് പോലും, ഐസിസിയില്‍ നിന്ന് ഇറങ്ങി വന്ന, ഡബ്ല്യൂസിസിയിലേക്ക് ഇറങ്ങിപ്പോയ ആളുകള്‍ക്ക് പോലും ഇവരുടെ സത്യം തുറന്ന് പറയാന്‍ സാധിക്കുന്നില്ല. ഈ സംഘടന മുഴുവന്‍ പൊളിച്ച് മാറ്റി യുവതലമുറ മുന്നോട്ട് വന്നാല്‍ മാത്രമേ ഇത് നന്നാകൂ. അല്ലാതെ ഇവര്‍ നന്നാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല''.












Click it and Unblock the Notifications