ബിഗ് ടിക്കറ്റില്‍ മലയാളികളുടെ തൂക്കിയടി; 44 കോടിയും റേഞ്ച് റോവറും ഉള്‍പ്പടെ 8 സമ്മാനം മലയാളികള്‍ക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് പ്രത്യേക ഭാഗ്യമുണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ നറുക്കെടുപ്പും. നിരവധി തവണയാണ് ഒന്നാം സമ്മാനം ഉള്‍പ്പടെ കോടികള്‍ മലയാളികള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അറബികള്‍ പണം ചിലവാക്കി മലയാളികളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന പതിവ് പോലുമുണ്ട്. ഇത്തരത്തില്‍ ടിക്കറ്റ് എടുത്ത ഒരു യുവാവിന് നേരത്തെ ലോട്ടറി അടിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഈ വിശ്വാസത്തിന് ശക്തി പകർന്നുകൊണ്ട് അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി ഒന്നാം സമ്മാനം നേടിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ സമ്മാനം മലയാളിക്ക് ലഭിച്ചത്. അതായത് 44 കോടിയലധികം വരുന്ന ഇന്ത്യന്‍ രൂപയാണ് ലോട്ടറിയിലൂടെ ലഭിച്ചത്.

നിലവില്‍ ബംഗളുരുവില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് ആ വിജയി. 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. അബുദാബി ബിഗ് ടിക്കറ്റിനെക്കുറിച്ച് വിശദമായി അറിയാവുന്ന അദ്ദേഹം മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ എല്ലാ വിജയികളെ പോലെ അദ്ദേഹത്തിനും ആദ്യം സമ്മാനം ലഭിച്ചെന്ന വിവരം വിശ്വസിക്കാനായില്ല.
രണ്ട് കോടി ദിർഹം സമ്മാനം അടിച്ചെന്ന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും ആരെങ്കിലും പറ്റിക്കാന്‍ ശ്രമിക്കുകയായിരിക്കും എന്ന് കരുതി അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് വീണ്ടും ബന്ധപ്പെട്ടാണ് ലോട്ടറി നടത്തിപ്പ് അധികൃതർക്ക് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ സാധിച്ചത്.
ഇത്രയും വലിയ തുക ഒറ്റയ്ക്ക് സ്വന്തമാക്കിയെന്നറിഞ്ഞപ്പോൾ സ്തംഭിച്ചുനിന്നുപോയെന്നാണ് അരുണ്‍ വ്യക്തമാക്കുന്നത്. ഒരു ബിസിനസ് തുടങ്ങുക എന്ന ആഗ്രഹം യാഥാർഥ്യമാക്കലാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ഡ്രീം കാര്‍ സീരിസ് ഉള്‍പ്പെടെ ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ആകെ 11 നറുക്കെടുപ്പുകളില്‍ ഒന്‍പതിലും സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇന്ത്യക്കാര്‍ തന്നെയാണ് എന്നുള്ളതാണ് പ്രത്യേകത.

ഇതില്‍ അധികവും മലയാളികള്‍ തന്നെയാണ്. ബൈ ടു, ഗെറ്റ് വണ്‍ ഓഫറിലൂടെ സൗജന്യമായി ലഭിച്ച ടിക്കറ്റുകളിലൂടെയും ഇത്തവണ മൂന്ന് പേരെ ഭാഗ്യം തേടിയെത്തുകയും ചെയ്തു. ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനവും മലയാളിക്കാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. . ബഹ്റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ സുരേഷ് മാത്തനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. ഏകദേശം 22 ലക്ഷത്തോളം രൂപയാണ് രണ്ടാം സമ്മാന ജേതാവിന് ലഭിക്കുക. 018462 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ഇന്ത്യന്‍ പൗരനായ മുഹമ്മദ് ഷഫീഖ് 333142 എന്ന നമ്പറിലൂടെ 90,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും, മറ്റൊരു ഇന്ത്യക്കാരനായ റിയാസ് തിരുവട്ടുതൊടി 259107 എന്ന നമ്പറിലൂടെ 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും ഇന്നത്തെ നറുക്കെടുപ്പില്‍ നേടി. ഇവരെല്ലാം തന്നെ മലയാളികളാണ്. ആകെ എട്ട് മലയാളികളാണ് ഇന്നലെ സമ്മാനം നേടിയത്.
മുഹമ്മദ് അലി, തോമസ് പുന്നൂകാലം ജോസഫ്, ദീപു ക്ലീറ്റസ്, ജീന വര്‍ഗീസ് എന്നിവരാണ് യാഥാക്രമം ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ അബുദാബിയില്‍ താമസിക്കുന്ന മലയാളി അരുണ്‍ മൂന്നുമൂലയില്‍ ജോസഫ് റേഞ്ച് റോവര്‍ കാറും സ്വന്തമാക്കി. അതേസമയം, പാകിസ്ഥാന്‍ പൗരനായ ഷൊയ്‍ബ് ഹൈദറിനാണ് 235080 നമ്പറിലുള്ള ടിക്കറ്റിലൂടെ അഞ്ചാം സമ്മാനം ലഭിച്ചത്.












Click it and Unblock the Notifications