'പണമുണ്ടാക്കാന്‍ വേറെ വഴികളുണ്ട്, വീട്ടില്‍ പൂട്ടിയിട്ട് ആളുകളോട് വഴക്കിടണോ'?; ബിഗ് ബോസ് ഷോക്കെതിരെ നടന്‍
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വളരെ പെട്ടെന്നാണ് ഇന്ത്യയില്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. എന്‍ഡമോള്‍ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദി, മലയാളം, കന്നഡ, ബംഗാളി, തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്.
2006 ല്‍ ആണ് ബിഗ് ബോസ് ഹിന്ദി ആരംഭിച്ചത്. ഇപ്പോള്‍ 17-ാം സീസണില്‍ എത്തി നില്‍ക്കുകയാണ് ഷോ. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരാണ് ഓരോ സീസണിലും ഷോയുടെ ഭാഗമാകുന്നത്. സീസണ്‍ 17 ആരംഭിച്ചിട്ട് അധികം ദിവസമായിട്ടില്ല. അതിനിടെ നടന്‍ കിരണ്‍ കര്‍മാര്‍ക്കര്‍ ഹിന്ദി 17-ാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കിരണ്‍ കര്‍മാര്‍ക്കറിന്റെ മുന്‍ഭാര്യ റിങ്കു ധവാന്‍ നിലവില്‍ ബിഗ് ബോസ് 17 ലെ മത്സരാര്‍ത്ഥിയാണ്. ഈ സാഹചര്യത്തില്‍ കിരണ്‍ കര്‍മാര്‍ക്കര്‍ ബിഗ് ബോസിലേക്കെത്തും എന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എതിരേറ്റത്. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും തനിക്ക് ബിഗ് ബോസില്‍ നിന്ന് ഓഫറൊന്നും വന്നിട്ടില്ലെന്നും പറയുകയാണ് കിരണ്‍ കര്‍മാര്‍ക്കര്‍.
'ഈ ചര്‍ച്ചകളെല്ലാം വെറും കിംവദന്തികളാണ്. എനിക്ക് ബിഗ് ബോസ് ഓഫര്‍ ലഭിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും അതിന്റെ ഭാഗമാകില്ല. ബിഗ് ബോസ് ഷോ ഞാന്‍ കണ്ടിട്ടില്ല. വിവാദങ്ങളെ കുറിച്ചും ഷോയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചും കേട്ടിട്ടുണ്ട്. പക്ഷേ ഞാനൊരിക്കലും അത് കാണാനായി ഇരുന്നിട്ടില്ല. ഷോയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍ റിങ്കു പോകും മുമ്പ് എന്നെ വിളിച്ചിരുന്നു,' കിരണ്‍ കര്‍മാര്‍ക്കര്‍ പറഞ്ഞു.
അതില്‍ അസ്വാഭാവികതയില്ലെന്നും താനും അവരും ഒരേ സമൂഹത്തിലാണ് ജീവിക്കുന്നത് എന്നും കിരണ്‍ പറഞ്ഞു. തങ്ങളുടെ മകന്‍ രണ്ട് വീടുകളിലായാണ് താമസിക്കുന്നത്. അതിനാലാണ് അക്കാര്യം അവര്‍ എന്നോട് പറഞ്ഞത്. റിങ്കു കുറച്ച് സമയത്തേക്ക് വിട്ടുനില്‍ക്കും എന്ന് എന്നെ അറിയിച്ചെന്നും താന്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു എന്നും കിരണ്‍ പറഞ്ഞു.
തങ്ങളുടെ മകന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ പിന്തുടരുന്ന തിരക്കിലാണെന്നും അതിനാല്‍ ബിഗ് ബോസ് ഹൗസില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവനും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എന്തുകൊണ്ടാണ് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തതെന്ന ചോദ്യത്തോടുള്ള കിരണ്‍ കര്‍മാര്‍ക്കറിന്റെ പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
'മാസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ട് ആളുകളുമായി വഴക്കിടുന്നതിനേക്കാള്‍ പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഞാന്‍ ഷോയുടെ ചില ഭാഗങ്ങള്‍ കണ്ടു. മത്സരാര്‍ത്ഥികള്‍ എങ്ങനെ കളിക്കണമെന്ന് എനിക്കറിയാം എന്ന് പറയുന്നതെല്ലാം കേള്‍ക്കാറുണ്ട്. അവര്‍ എന്ത് കളിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് ഫോര്‍മാറ്റ് മനസ്സിലാകുന്നില്ല,' കിരണ്‍ വ്യക്തമാക്കി.
തനിക്ക് ആളുകളെ അഭിനയിക്കാനും രസിപ്പിക്കാനും മാത്രമേ അറിയൂ എന്നും നാളെ പണം സമ്പാദിക്കാന്‍ ഞാന്‍ ഒരു കട തുടങ്ങിയേക്കാം, പക്ഷേ നിങ്ങള്‍ എന്നോട് വീടിനുള്ളില്‍ പൂട്ടിയിട്ട് ആളുകളുടെ നേരെ ആക്രോശിക്കാന്‍ പറഞ്ഞാല്‍ അത് സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications