വിവാഹം ഗുരൂവായൂരിൽ വെച്ച്; ഐശ്വര്യക്കെതിരായ ബോഡി ഷെയിമിംഗ് കമന്റുകളെ തളളി അനൂപ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിലെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിരുന്നു നടൻ അനൂപ് കൃഷ്ണൻ. ഷോയിൽ അനൂപിനൊപ്പം മറ്റൊരാൾ കൂടി ഏറെ ചർച്ചയായിരുന്നു ,അനൂപിന്റെ കാമുകി ഐശ്വര്യ. തന്റെ പ്രണയത്തെ കുറിച്ച് അനൂപ് ഷോയിൽ വെളിപ്പെടുത്തിയതോടെ ഐശ്വര്യയെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു പ്രേക്ഷകർ. ഒടുവിൽ ഷോ കഴിഞ്ഞ പുറത്തിറങ്ങിയ പിന്നാലെ തന്നെ ഐശ്വര്യയെ നടൻ ആരാധകർക്ക് പരിചയപ്പെടുത്തി. ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞു. 2020 ജൂൺ 23 ആയിരുന്നു വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അന്ന് ഐശ്വര്യയുടെ ചിത്രങ്ങൾക്ക് നേരെ നിരവധി ബോഡി ഷെയിമിംഗ് കമന്റുകളായിരുന്നു ഉയർന്നത്.
അന്ന് തന്നെ ഇതിനെതിരെ അനൂപ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളെ കുറിച്ചും തന്റെ വിവാഹ തീയതിയെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് അനൂപ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അന്നത്തെ കമന്റുകൾ ഒന്നും താൻ കാര്യമാക്കുന്നില്ലെന്ന് അനൂപ് പറയുന്നു. താനൊരു പുണ്യാളൻ ഒന്നുമല്ല എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാറില്ല. നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് ആരെങ്കിലും കടന്ന് കയറുമ്പോൾ നമ്മുക്ക് പ്രതികരിക്കേണ്ടി വരും. അതുമാത്രമാണ് താനന്ന് ചെയ്തത്. പരസ്പരം ഞങ്ങൾ സ്നേഹിക്കുന്നു. യാതൊന്നും കൂടുതൽ പറയാൻ ഇല്ലെന്നായിരുന്നു താൻ അന്ന് പറഞ്ഞത്, അനൂപ് പറഞ്ഞു.

ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ട്. നമ്മുടെ ശരീരം നമ്മുടെ മാത്രം സ്വന്തമാണ്. തടി കൂടിയാലും കുറഞ്ഞാലും മറ്റുള്ളവരെ അത് ബുദ്ധിമുട്ടിക്കുന്നില്ലേങ്കിൽ എന്താണ് പ്രശ്നമെന്ന് അനൂപ് ചോദിക്കുന്നു.
നിറം, ജാതി, മതം, ജെന്റർ, സാമ്പത്തികം ഇങ്ങനെ എല്ലാ കാര്യത്തിലും വിവേചനം നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കാലാകലങ്ങളായി മനുഷ്യന്റെ മനസിലുണ്ട്. എത്രതന്നെ പുരോഗമിച്ചെന്ന് പറഞ്ഞാലും ചില കാര്യങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കില്ലെന്ന് അനൂപ് പറയുന്നു.

എന്ത് തെറ്റായ കാര്യം ചെയ്താലും അതിന് ന്യായീകരിക്കാൻ മനുഷ്യർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. മനുഷ്യരുടെ ഉള്ളിൽ കിടക്കുന്നതാണ് ഈ വിവേചന ചിന്തകൾ. അവസരം വരുമ്പോൾ അവർ അത് പുറത്തുകാണിക്കും. ഒരാൾ കമന്റിട്ടാൽ പിന്നെ കമന്റുകളുടെ ഘോഷയാത്രയാണ് ഉണ്ടാകുക. കൂട്ടമായി ഈക്രമിക്കുന്നതാണ് മോബ് സൈക്കോളജിയെന്നും അനൂപ് പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ചാണ് ഐശ്വര്യയും അനൂപും തമ്മിൽ പരിചയപ്പെടുന്നത്.തന്റെ മെന്റർ കൂടിയായ മ്യൂസിക് ഡയറക്ടർ സണ്ണി വിശ്വനാഥിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഐശ്വര്യ.

രണ്ട് വർഷം കൊണ്ടാണ് സൗഹൃദം വളർന്ന് പ്രണയമായത്. ഐശ്വര്യ ആയുർവേദ ഡോക്ടർ ആണ്. അവർ ഇപ്പോൾ മംഗലാപുരത്ത് എംഡി ചെയ്യുകയാണ്. ജനവരി 23 നാണ് വിവാഹമെന്ന് അനൂപ് പറഞ്ഞു. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട്.

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ എത്ര പേരെ പങ്കെടുപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം ഇത്തരത്തിലൊരു സാഹചര്യം വരുന്നത് വലിയ കഷ്ടമാണെന്ന് അനൂപ് പറയുന്നു.

എല്ലാ കൊവിഡ് മുൻകരുതലുകളും സ്വീകരിച്ചാണ് വിവാഹം നടത്താനൊരുങ്ങുന്നത്. സാധാരണക്കാരുടെ കാര്യത്തിൽ മാത്രമേ ഇത്രയും നിയന്ത്രണങ്ങൾ ഉണ്ടാകുന്നൂള്ളൂവെന്നും രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാം എന്നതാണ് സ്ഥിതിയെന്നും അനൂപ് പറഞ്ഞു.












Click it and Unblock the Notifications