'ലാലേട്ടൻ മുണ്ട് പൊക്കിയാൽ ആഹാ, മാരാരേട്ടൻ ചെയ്താൽ ഓഹോ, ഒന്ന് തുണിപൊക്കിയതിനാണ്..'; ജാസ്മിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അഖിൽ മാരാർ മുണ്ടുപൊക്കി കാണിച്ച സംഭവം പുറത്ത് വലിയ ചർച്ചയ്ക്കാണ് കാരണമായത്. സഹമത്സരാർത്ഥികളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അഖിൽ മാരാരുടെ പ്രവൃത്തി. ഇതോടെ ഹൗസ് അംഗങ്ങൾ തന്നെ അഖിലിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ അഖിലിനെതിരെ രൂക്ഷപരിഹാസമുയർത്തുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന ജാസ്മിൻ എം മൂസ. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജാസ്മിന്റെ പ്രതികരണം.
ബിഗ് ബോസിൽ വരുന്നതിനെക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണെന്ന് ഷോയിൽ വരുന്നതിന് മുൻപ് ഒരു അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസിൽ ചലഞ്ചറായി എത്തിയ റിയാസ് സലീം അഖിലിനോട് ചോദിച്ചിരുന്നു. നാദിറ, ജുനൈസ്, സെറീന എന്നിവർക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു റിയാസ് അഖിലിനോടായി ചോദ്യം ഉയർത്തിയത്. ഇതിനെ കുറിച്ച് പറയുന്നതിനിടയിലായിരുന്നു അഖിൽ മാരാർ അപ്രതീക്ഷിതമായി മുണ്ട് പൊക്കിയത്.

ഇതോടെ ജുനൈസ്, നാദിറ, സെറീന അടക്കമുള്ളവർ അഖിലിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് കോടതി ടാസ്കിനിടയിലും ഈ വിഷയം സെറീന പരാതിയായി ഉന്നയിക്കുകയും അഖിൽ ഇക്കാര്യത്തിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകുകയും ചെയ്തിരുന്നു. എന്നാൽ അഖിലിന്റെ പ്രവൃത്തി ആർമി ഗ്രൂപ്പുകളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ജാസ്മിന്റെ പരിഹാസം. 'ലാലേട്ടൻ ആടുതോമയായി മുണ്ടു പൊക്കിയാൽ ആഹ പാവം മാരാരേട്ടൻ മുണ്ട് പൊക്കിയാൽ ഓഹോ, ഒന്ന് തുണിപൊക്കി കാണിച്ചതിനാണ്', ജാസ്മിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
എന്നാലും എന്റെ വല്യണ്ണ, അഡ്രിനാലിൻ പമ്പിംഗ് ഇച്ചിരി കൂടിയതിന് ഇങ്ങനെ കൂട്ടം ചേർന്ന് പീഡിപ്പിക്കുന്നത് കാണാൻ എനിക്ക് തന്നെ പറ്റുന്നില്ല. അപ്പോൾ പിന്നെ അണ്ണനെ ഒറ്റപ്പെടുത്തുന്നത് പടയാളികൾ എങ്ങനെ സഹിക്കും', എന്നും ജാസ്മിൻ സ്റ്റോറിയിൽ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്.
'യുട്യൂബ് ഹോം പേജിൽ പോയാൽ ജീവിതത്തിൽ ഇതുവരെ കാണാത്ത പല പേജുകളും പ്രത്യേകം തുരഞ്ഞെടുത്ത ഒരു അണ്ണനെ വെളുപ്പിക്കുന്നതും ന്യായീകരണ കണ്ടന്റ് ഉണ്ടാക്കി ചീറി പാഞ്ഞ് കിടക്കുന്നത് കാണാൻ പറ്റും. കിണ്ണം കട്ടവർ ആനയെ കട്ടവനെ ചൂണ്ടിക്കാട്ടുമ്പോൾ പിആര്‍ ടീം കിണ്ണം കട്ട കള്ളൻമാരെ തുറന്ന് കാട്ടാൻ ശ്രമിക്കുകയാണ്. അതേസമയം ആനയെ കട്ട കള്ളൻ ഒരുസൈഡിൽ പോയി നിങ്ങൾ എന്നെ കള്ളനാക്കി എന്ന തീം പാട്ട് ഇട്ട് ആറാടുകയാണ്',മറ്റൊരു സ്റ്റോറിയിൽ ജാസ്മിൻ പറഞ്ഞു.
അഖിൽ മാരാരുടെ നിലപാടുകളെ മുൻപും കടുത്ത ഭാഷയിൽ ജാസ്മിൻ വിമർശിച്ചിരുന്നു. സഹമത്സരാർത്ഥിയായ ശോഭ വിശ്വനാഥിനെതിരെ അഖിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേയും ജാസ്മിൻ രംഗത്തെത്തിയിരുന്നു. സീസൺ 4 ൽ താൻ നേരിട്ട അതേ അനുഭവമാണ് ശോഭ അഖിലിൽ നിന്നും നേരിടുന്നതെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.
അതേസമയം ബിഗ് ബോസ് സീസൺ 5 ഫൈനലിലേക്ക് അടുക്കുകയാണ്. പുതിയ ചാലഞ്ചേഴ്സ് ആയി റിയാസ് സലീമും പൊളി ഫിറോസും എത്തിയതോടെ മത്സരം കൂടുതൽ മുറുകി കഴിഞ്ഞു. ഷോയിൽ സെയിഫ് ഗെയിം കളിക്കുന്ന മത്സരാർത്ഥികളെ ഉന്നം വെച്ച് കൊണ്ടാണ് ചാലഞ്ചേഴ്സ് നീങ്ങുന്നത്. ചാലഞ്ചേഴ്സിന്റെ പ്രകോപനങ്ങളിൽ വീണ് ചിലർ കടുത്ത രീതിയിൽ പ്രതികരിക്കുന്നുണ്ട്. അഖിൽ മാരാർ തന്നെയാണ് ഇക്കൂട്ടത്തിൽ പ്രധാനി. അതുകൊണ്ട് തന്നെ ചാലഞ്ചേഴ്സിന്റെ ഗെയിമിൽ അഖിൽ മാരാർ വീണാൽ വരും ദിവസങ്ങളിൽ അഖിലിന്റെ പുറത്താകൽ വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ശക്തമാണ്.












Click it and Unblock the Notifications