'അഖിൽ മാരാർ മണ്ടനല്ല, എഴുതി വെച്ചോ, ഷോ അവസാനിച്ചാൽ അഖിൽ അതിന് പകരം ചോദിച്ചിരിക്കും'; രജിത് കുമാർ
കൊച്ചി: ബിഗ് ബോസിന് പുറത്ത് വെച്ച് പരസ്പരം കൊമ്പ് കോർത്തവരാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനും സംവിധായകനായ അഖിൽ മാരാരും. നടൻ ഉണ്ണി മുകുന്ദനെ കൂവിക്കാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്ന അഖിലിന്റെ ആരോപണത്തോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് തുടങ്ങുന്നത്. അലറൽ വീരൻ എന്നടക്കം വിളിച്ച് കൊണ്ട് പല അഭിമുഖങ്ങളിലും റോബിനെതിരെ അഖിൽ തുറന്നടിക്കുകയും ചെയ്തിരുന്നു. അഖിലിനെതിരെ കടുത്ത ഭാഷയിൽ റോബിനും തിരിച്ചടിച്ചിട്ടുണ്ട്. തന്നോട് ക്ഷമ ചോദിക്കുന്നതാകും അഖിലിന് നല്ലതെന്നടക്കം റോബിനും പറഞ്ഞിരുന്നു.
എന്നാൽ ബിഗ് ബോസ് സീസൺ 5 ൽ വെച്ച് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയിൽ റോബിനോ അഖിലോ പരസ്പരം വാളെടുത്തിരുന്നില്ല. ബിഗ് ബോസ് ടാസ്കിനിടയിൽ അതിഥിയായി എത്തിയ റോബിനെ അനുസരണയോടെ കേൾക്കുന്ന മത്സരാർത്ഥിയായിട്ടായിരുന്നു ടാസ്കിൽ ഉടനീളം അഖിൽ പെരുമാറിയത്. റോബിൻ മസാജ് ചെയ്യാൻ അഖിലിനോട് ആവശ്യപ്പെട്ടപ്പോഴടക്കം യാതൊരു പരാതിയുമില്ലാതെ അഖിൽ അത് ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസിൽ ആയത് കൊണ്ട് മാത്രമാണ് അഖിൽ റോബിന്റെ ഈ രീതികളെ സഹിച്ചതെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ രജിത് കുമാർ. റോബിനെതിരെ ശക്തമായി തന്നെ അഖിൽ രംഗത്തെത്തുമെന്നും രജിത് പറയുന്നു. 'സില്ലി മോങ്ക്സ് മോളിവുഡ്'യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിത്തിന്റെ പ്രതികരണം, വായിക്കാം

'ജുനൈസ്-അഖിൽ മാരാർ വിഷയം അവർ പരിഹരിച്ച് പുറത്തിറങ്ങിയപ്പോൾ വളരെ നഷ്ടബോധത്തോടെ പരിഹരിച്ചോയെന്ന് ചോദിക്കുന്ന റോബിനെ ഷോയിൽ നമ്മൾ കണ്ടതാണ്. അഖിൽ മാരാരുടെ രോമത്തിൽ തൊടാൻ യോഗ്യത ഉള്ള ആരെങ്കിലും ഇപ്പോൾ ബിഗ് ബോസിൽ ഉണ്ടോ? അഖിൽ ബ്രില്യന്റ് പ്ലയറാണ്. 70ാമത്തെ ദിവസം എന്നെ പോലെ അഖിൽ പുറത്തായില്ലെങ്കിൽ ബിഗ് ബോസ് സീസൺ 5 ന്റെ കപ്പ് അഖിൽ ഉയർത്തും. എല്ലാ സാധ്യതയും അതിനുണ്ട്.
എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്യാൻ അയാൾക്കറിയാം. തന്നെ ഏത് രീതിയിലും കുടുക്കാൻ തയ്യാറായി വന്ന അതിഥി തന്നെ മസാജ് ചെയ്യിപ്പിക്കുമ്പോഴും സല്യൂട്ട് ചെയ്യിക്കുമ്പോഴും പ്രതികാരവാഞ്ചയോടെ ഓരോ കാര്യങ്ങൾ ചെയ്യിക്കുമ്പോഴും വളരെ ചിരിച്ച് കൊണ്ട് അതിഥി ദേവോ ഭവ എന്ന രീതിയിലാണ് അഖിൽ പ്രവർത്തിച്ചത്.
അഖിൽ മാരാർ ടാസ്ക് കഴിഞ്ഞിട്ട് പോലും ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. എന്ന് വെച്ചാൽ അഖിൽ മണ്ടനാണോ? അഖിൽ മനസിൽ വെച്ചിട്ടുണ്ട്, എഴുതി വെച്ചോ, അഖിൽ പുറത്ത് വരട്ടെ അപ്പോൾ മനസിലാകും , ഇതിനെല്ലാം അഖിൽ എണ്ണിയെണ്ണി പകരം ചോദിച്ചിരിക്കും, ഗുണപരമായിട്ട്.
ബിഗ് ബോസിൽ നിരവധി ബ്രില്യന്റ് പ്ലയേഴ്സ് ഉണ്ട്. ഷിജു, ശോഭ, ജുനൈസ്, സാഗർ എല്ലാവരും ബ്രില്യന്റ് ആണ്. ഇവരെക്കാൾ എല്ലാം ഒരുപടി മുകളിലാണ് റെനീഷ, എല്ലാത്തിലും അവളുടെ ഇടപെടൽ ഉണ്ട്. എന്നിരുന്നാലും അഖിലിനെതിരെ നടക്കുന്ന കാര്യങ്ങൾ അയാൾക്ക് പ്രേക്ഷക പിന്തുണ കിട്ടാൻ കാരണമാകും. അയാളെ കൊണ്ട് പച്ച ചോറ് തീറ്റിക്കുക, ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് കുറ്റം പറയുക ഇതൊക്കെയാകുമ്പോൾ ആളുകൾക്ക് സഹതാപം തോന്നില്ലേ. പച്ച ചോറ് കഴിക്കുന്ന ആരെ കണ്ടാലും നമ്മുക്ക് സങ്കടം തോന്നും. കറിയില്ലാതെ ചോറിൽ എണ്ണയൊഴിച്ചൊന്നും ആരും കഴിക്കില്ല, പക്ഷേ അഖിൽ അങ്ങനെ ചെയ്തതൊക്കെ കണ്ടന്റാണ്. അഖിൽ മാരാറാണ് ബിഗ് ബോസിൽ കണ്ടന്റ് കൊടുക്കുന്നത്', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications