'ചതിയിലൂടെ തന്നെ പുറത്താക്കപ്പെട്ടു, വെളുത്തതെല്ലാം പാലെന്ന് തെറ്റിധരിച്ച ബുദ്ധിശൂന്യത'; ശാലിനി
ബിഗ് ബോസ് സീസൺ 4 ൽ നാടൻ പെൺകുട്ടി ഇമേജിൽ എത്തി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പിന്തുണ നേടിയ താരമായിരുന്നു ശാലിനി നായർ. എന്നാൽ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ താരം ഷോയിൽ നിന്നും പുറത്തായി. ഷോ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞെങ്കിലും ശാലിനിയുടെ പുറത്താകലിൽ ഇപ്പോഴും ചിലർ സങ്കടം പങ്കുവെയ്ക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയും അതിന് താരം പങ്കുവെച്ച മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ശാലിനി കുറച്ച് കാലം കൂടി അവിടെ നിന്ന് കുറച്ച് പൈസ കൂടെ സമ്പാദിക്കേണ്ടതായിരുന്നു .ശാലിനിയുടെ അവസ്ഥ കാണുമ്പോ സങ്കടം തോന്നും. എന്തെങ്കിലും തോന്നിയിട്ടായിരിക്കും ബിഗ് ബോസ് തന്നെ ആ കുട്ടിക്ക് അവസരം കൊടുത്തത്. ശാലിനിയെ പുറത്താക്കിയതിന് പിന്നിൽ ലക്ഷ്മിപ്രിയ തന്നെയായിരുന്നു', എന്നായിരുന്നു വീഡിയോയിലെ വാക്കുകൾ.ഇതിന് ശാലിനി നൽകിയ മറുപടി ഇങ്ങനെ-

'ഒരുപാട് വൈകി പോയല്ലോ ചേച്ചി.. ഇനി പറഞ്ഞിട്ടെന്ത് ഫലം!! അല്ലെങ്കിൽ തന്നെ ആരോട് പറയാൻ ആര് കേൾക്കാൻ!! പക്ഷേ വൈകിയാണെങ്കിലും മനസാക്ഷി കുത്ത് കൊണ്ട് പറഞ്ഞുപോവുന്നു എന്ന് തുടങ്ങിയ ചേച്ചിയുടെ വാക്കുകൾക്ക് ഹൃദയം കൊണ്ട് ഞാൻ നന്ദി പറയട്ടെ ഒരുപാട് നന്ദി ചേച്ചി.. എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ ചേച്ചി പറഞ്ഞ വാക്കുകൾ ഒരു നൂറു തവണ ഈ മനസ്സിലിട്ട് ആവർത്തിച്ച് ഞാൻ തന്നെ പറഞ്ഞതാണ് കാരണം എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു.

ബിഗ്ഗ് ബോസ്സിൽ നിന്ന് എവിക്ട് ആയതിനു ശേഷം ഒരു രണ്ട് മാസക്കാലം ഇതൊക്കെയും എന്റെ ചിന്തകളെ അലട്ടിയിരുന്നു. ഒരു മെന്റൽ ട്രോമയിലൂടെ കടന്നുപോയ ദിനങ്ങൾ. ചതിയിലൂടെ തന്നെ പുറത്താക്കപ്പെട്ടു,, മറ്റുള്ളവരിലേക്ക് തന്നെ എത്തിക്കാൻ കഴിയുന്നതിനു മുൻപേ അവസരം നഷ്ടപ്പെട്ടു,അഭിനയ സാധ്യതയോടെ ഭംഗിയായി ചെയ്ത് ഫലിപ്പിക്കാമായിരുന്ന ഞാൻ കാത്തിരുന്ന പല ടാസ്‌ക്കുകളുടെയും ഭാഗമാകാൻ കഴിഞ്ഞില്ല അങ്ങിനെ അങ്ങിനെ!!

ചേച്ചി പറഞ്ഞത് ശരിയാണ് ഏഷ്യാനെറ്റിൽ കുടുംബത്തിന്റെ അപ്പോഴത്തെ ഒരു ദുരിതാവസ്ഥ പറഞ്ഞായിരുന്നു വിളിച്ചത്,, രണ്ടാമത് കോവിഡ് തരംഗം ഉണ്ടായ സമയത്ത്,, അവർക്ക് അലിവ് തോന്നിയിട്ട് തന്നെയാണ് ഇത്രയും വലിയ ഷോയുടെ ഓഡിഷനിലേക്ക് അവസരം ലഭിച്ചത്.
ചിലരുടെ സ്വാർത്ഥതാല്പര്യങ്ങളുടെയും വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച എന്റെ ബുദ്ധിശൂന്യതയുടെയും ഫലമാണ് എനിക്ക് നഷ്ടമായ അവസരം.

എങ്കിലും അന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് കയ്യിൽ മുറിവ് പറ്റിയപ്പോൾ നിർബന്ധിച്ച് എനിക്ക് ഊട്ടി തന്ന ആ ഉരുള ഇറങ്ങുമ്പോഴും ദൈവമേ ഇത് എനിക്കുള്ള പണിയാണല്ലോ എന്ന് ഞാൻ ഓർത്തിരുന്നു. ഈ സീൻ കണ്ടില്ലെന്നായിരിക്കും പലരും ഓർക്കുന്നത്, അങ്ങിനെ എന്തെല്ലാം നിങ്ങൾ കാണാതെ പോയി!! പിന്നെ ഒന്ന് കുളിക്കാൻ പോലും എന്ന ഡയലോഗ് എന്നെ മെഡിറ്റേറ്റ് ചെയ്യാൻ വിളിച്ചപ്പോൾ കുളിച്ചിട്ട് കൂടിയില്ല ഇപ്പൊ വരാമെന്ന് അപർണയോട് പറഞ്ഞ വാക്കുകളാണ്.

ആവശ്യപ്പെട്ടിട്ടും ആ ക്ലിപ്പ് ആരെയും കാണിച്ചില്ല കാരണം അതിന് പ്രസക്തി ഇല്ലായിരുന്നു. അങ്ങനെ പ്രസക്തി ഇല്ലാത്തവർ ഇങ്ങനെയൊക്കെ ജീവിച്ചു പോവും .ഇത് ഇതോടു കൂടി അവസാനിക്കട്ടെ, ഇതിന് ആവശ്യമെങ്കിൽ മാത്രമേ ഇനിയും വിശദീകരണവുമായി വരുന്നുള്ളു,, അല്ല എങ്കിൽ ഇത് ഇതോടു കൂടി കഴിയട്ടെ!! എന്തായാലും പറയാൻ ഒരുപാടുണ്ടായിരുന്നു വൈകിയാണെങ്കിലും ചിലരെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം












Click it and Unblock the Notifications