സുചിത്രയും അഖിലും തമ്മിലുള്ള ബന്ധം എന്താണ്?; മറുപടിയുമായി സുചിത്ര..'കുടുംബത്തെ ഭയങ്കരമായി ബുദ്ധിമുട്ടിച്ചു'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ വളരെ അടുത്ത സൗഹൃദം പുലർത്തിയവരായിരുന്നു കുട്ടി അഖിലും സുചിത്രയും. എന്നാൽ ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള പ്രചരണങ്ങളായിരുന്നു പുറത്ത് നടന്നത്. ബിഗ് ബോസ് കഴിഞ്ഞ ഉടനെ ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായി.
എന്നാൽ ഇപ്പോഴിതാ അഖിലിന്റെ പേര് ചേർത്തുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. 'ബിഹൈന്റ്വുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ പ്രതികരണം. ബിഗ് ബോസ് അനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ സുചിത്ര മനസ് തുറന്നു. സുചിത്രയുടെ വാക്കുകളിലേക്ക്-

'പിആർ എന്താണെന്ന് അറിയാതെ ബിഗ് ബോസിൽ കയറിയ ആളാണ് ഞാൻ.റിയാസ് ആണ് പിആർ കളികൾ പുറത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞത്, ചേച്ചിക്കൊക്കെ നല്ലത് കിട്ടുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് ഞാൻ അവനോട് പോയി ചോദിച്ചു, എന്താണ് പിആർ എന്ന്. കാശ് കൊടുത്ത് പുറത്ത് നിന്ന് പ്രമോട്ട് ചെയ്യുന്ന പരിപാടിയാണെന്ന് അവൻ പറഞ്ഞ് തന്നു. അതോടെ ഞാൻ ഇവിടെ എന്ത് ചെയ്തിട്ടാ പണി കിട്ടുന്നേ എന്നായിരുന്നു എന്റെ ചോദ്യം. ചേച്ചി പുറത്തിറങ്ങുമ്പോൾ മനസിലാകും എന്നായിരുന്നു അതിന് അവൻ നൽകിയ മറുപടി. അവന് കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലല്ലോ.
പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്, ആടിനെ പട്ടിയാക്കുന്നത് പോലൊരു പരിപാടി പുറത്ത് നടക്കുന്നുണ്ട്. ബിഗ് ബോസിൽ ഒരിക്കലും അത് നടക്കില്ല. ബിഗ് ബോസിൽ എഡിറ്റിംഗ് നടക്കുന്നുണ്ടെന്ന് സത്യമാണ്. ബിഗ് ബോസ് എന്തെന്ന് കൃത്യമായി അറിഞ്ഞിട്ടല്ല ഞാൻ അവിടേക്ക് പോയത്. ഒരു അനുഭവം എന്ന നിലയ്ക്കാണ് പോയത്. പിന്നെ അത്യാവശ്യം നല്ല പെയ്മെന്റ് കിട്ടും. ബിഗ് ബോസിനെ കുറിച്ച് ഒരു നെഗറ്റീവ് അഭിപ്രായവുമില്ല എനിക്ക്. പുറത്തിറങ്ങിയപ്പോഴാണ് മനസിലായത് പുറത്താണ് അകത്തല്ല ഗെയിം എന്ന്. അകത്തുള്ളവര് പൊട്ടൻ കളിക്കുകയാണെന്ന്.
ഞാനും അഖിലും സൂരജും മൂകാംബികയിൽ പോയപ്പോൾ അവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടന്നെന്നായി പ്രചരണം. ഞങ്ങൾ എവിടെ പോയാലും രക്ഷയില്ല. നല്ല രണ്ട് സുഹൃത്തുക്കളെ എത്രത്തോളം വലിച്ച് കീറാൻ പറ്റുമോ, അത്രത്തോളം പുറത്തുള്ളവർ ചെയ്തിട്ടുണ്ട്. എന്ത് പറഞ്ഞാലും ആളുകൾ അത് ഉൾട്ടയായി എടുക്കുകയാണ്. അങ്ങനെ ഒരു കൂട്ടം ടോക്സിക് ആളുകൾ പുറത്തുണ്ട്. അതുകൊണ്ട് തന്നെ എന്ത് പറഞ്ഞാലും അവർ ഉൾട്ടയാക്കും.
ബിഗ് ബോസിൽ അടുപ്പമുണ്ടായിരുന്നവരോടൊക്കെ ഇപ്പോഴും വലിയ അടുപ്പം ഉണ്ട്. ബ്ലസ്ലിയും റോബിനുമായി മാത്രമാണ് അത്ര അടുപ്പമില്ലാത്തത്. റോബിൻ ആരുമായി സൗഹൃദം ഇല്ലെന്നാണ് തോന്നുന്നത്. വിവാഹ നിശ്ചയത്തിനൊന്നും ഞങ്ങളെ ആരേയും വിളിച്ചിട്ടില്ല.
എനിക്കും കുട്ടി അഖിലിനും ചേർത്ത് സുഖിൽ എന്ന പേര് കിട്ടിയിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും എന്തെങ്കിലും റീൽ ചെയ്താലടക്കം സുഖിൽ എന്ന് പറഞ്ഞ് വരും. എന്നാലും ഇപ്പോൾ ചില നല്ല കമന്റ്സ് ഒക്കെ വരുന്നുണ്ട്. അതായത് ഒരുപാട് ഫേക്ക് സൗഹൃദങ്ങൾ ഒക്കെ ബിഗ് ബോസിൽ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോഴും നിലനിൽക്കുന്ന നല്ല കോമ്പോ എന്ന് പറഞ്ഞുള്ള കമന്റുകൾ.
ഞാനും അഖിലും തമ്മിൽ നല്ല സൗഹൃദമാണ്.
അഖിലിന്റെ പേര് ചേർത്തുണ്ടായ അപവാദങ്ങൾ കുടുംബത്തെ ഭയങ്കരമായി ബാധിച്ചിരുന്നു. അവർക്ക് ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നപ്പോൾ സത്യം അവർക്ക് ബോധ്യപ്പെട്ടു. അമ്മയൊക്കെ എന്നോട് പറഞ്ഞിരുന്നു എന്നാൽ അഭിമുഖങ്ങളിൽ ഇതിലൊരു വ്യക്തത വരുത്തിക്കൂടെയെന്ന്. എന്നാൽ ആ സമയത്ത് എന്ത് പറഞ്ഞാലും ഒരു കാര്യമില്ലെന്നും ആടിനെ പട്ടിയാക്കുമെന്നുമായിരുന്നു ഞാൻ അമ്മയോട് പറഞ്ഞത്', സുചിത്ര പറഞ്ഞു.












Click it and Unblock the Notifications