'സ്കൂളിൽ ഭരതനാട്യത്തിൽ ഒന്നാമത്'; ഫോട്ടോ പങ്കിട്ട് റോബിൻ..'സർപ്രൈസ്' എന്ന് ആരാധകർ, കമന്റുകളുടെ പൂരം
കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോയുടെ പകുതിക്ക് വെച്ച് സഹമത്സരാർത്ഥിയെ കായികമായി ഉപദ്രവിച്ചതിന്റെ പേരിൽ റോബിൻ പുറത്തായി. എങ്കിലും മറ്റ് മത്സരാർത്ഥികളെക്കാൾ വലിയ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന് ലഭിച്ചത്.
ഷോ കഴിഞ്ഞ് മാസങ്ങൾ ആയെങ്കിലും ഇപ്പോഴും ആരാധാകരുമായി എല്ലാ കാര്യങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ റോബിൻ പങ്കുവെച്ചൊരു ചിത്രം ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഡോക്ടറായ റോബിൻ 'ഡോ മച്ചാൻ' എന്ന പേരിലായിരുന്നു അറിയിപ്പെട്ടിരുന്നത്. മോട്ടിവേഷൻ സ്പീക്കറായിരുന്നു റോബിൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയ്ക്കാണ് ബിഗ് ബോസ് സീസൺ 4 ൽ എത്തുന്നത്. ഷോയുടെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ റോബിന് സാധിച്ചിരുന്നു. പക്ഷേ ഗെയിമിലും മറ്റ് കലാ കായിക പ്രകടനങ്ങളിലും മുന്നേറാൻ സാധിക്കാതിരുന്ന റോബിനെതിരെ വിമർശകർ രംഗത്തെത്തിയിരുന്നു.

അനാവശ്യമായി ബഹളം വെച്ച് ആളെ കൂട്ടാനല്ലാതെ ആളുകളെ രസിപ്പിക്കാൻ റോബിന് അറിയില്ലെന്നും നൃത്തം ചെയ്യാൻ പോലും അറിയാത്ത ആളാണെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി എന്ന നിലയിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോബിൻ. 2006 സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവലിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നിൽക്കുന്ന സ്റ്റേജിൽ നിന്നുള്ള ചിത്രമാണ് റോബിൻ പങ്കുവെച്ചത്. ആരാണെന്ന് ഗസ് ചെയ്യു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്.

ഭരതനാട്യം വേഷത്തിൽ കൃഷ്ണ മുദ്രയും പിടിച്ച് നിൽക്കുന്ന റോബിന്റെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇത് ശരിക്കും സർപ്രൈസ് ആയെന്നാണ് ആരാധകർ കുറിച്ചത്. എന്നിട്ടാണോ ഇടക്കിടക്ക് ടാലന്റ് ഇല്ല, പാട്ടുപാടാനറിയില്ല, ഡാൻസ് ചെയ്യാനറിയില്ല എന്നൊക്കെ പറയുന്നേയെന്ന അമ്പരപ്പും ആരാധകർ പങ്കുവെയ്ക്കുന്നു.

രസകരമായ പല കമന്റുകളും ഫോട്ടോയ്ക്ക് താഴെ ഉയരുന്നുണ്ട്. അതിൽ ചിലത് ഇങ്ങനെ - താങ്കൾ ശെരിക്കും ആരാഞങ്ങൾക്ക് surprise തന്ന് സന്തോഷിപ്പിക്കുന്നതാ ,നമ്മൾ കണ്ടതൊന്നും ഒന്നും അല്ലാന്നാ തോന്നുന്നേ','ഓരോന്ന് ഓരോന്ന് ആയിട്ട് പുറത്തു വരട്ടെ,ഒരു ടാലന്റും ഇല്ലാത്തവൻ എന്ന് പറഞ്ഞവരൊക്കെ തലയിൽ തോർത്ത് ഇട്ടു നടക്കണം,ഇതൊക്കെ വെറും ഓലപ്പടക്കം ,മാലപ്പടക്കം വരാനിരിക്കുന്നതേ ഒള്ളൂ'

'ടാലന്റ് ഇല്ല എന്നൊക്കെ പറഞ്ഞു പറ്റിക്കായിരുന്നല്ലേ ഇനി എന്തൊക്കെയുണ്ട് കയ്യിൽ','റോബിൻ വിരോധികൾ ഇനി കരഞ്ഞ് തുടങ്ങിക്കോളൂ', 'ബുക്കിന്റെ പുറം കവർ കണ്ട് ആളെ ജഡ്ജ് ചെയ്യാൻ നിക്കരുത്', 'റോബിൻ വിരോധികൾ കരഞ്ഞ് തുടങ്ങിക്കോളൂ', ഇങ്ങനെ പോകുന്നു കമന്റുകൾ. ഇനി ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുമ്പോൾ റോബിനെ കൊണ്ട് ക്ലാസിക്കൽ ഡാൻസ് കളിപ്പിക്കാം എന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.

അതേസമയം തന്റെ സിനിമാ തിരക്കുകയും ഉദാഘാടനങ്ങളുമൊക്കെയായിരുന്നു മുന്നോട്ട് പോകുകയാണ് റോബിൻ. റോബിൻ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന വീഡിയോകൾ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം ഭാവി വധു ആരതി പൊടിക്കൊപ്പം ഒരു ചടങ്ങിനെത്തിയ റോബിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. തന്റെ ആദ്യ സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ ഉടൻ ആരതിയുമായുള്ള വിവാഹം ഉണ്ടാകുമെന്നാണ് റോബിൻ ആരാധകരെ അറിയിച്ചത്.












Click it and Unblock the Notifications