'അഹങ്കാരമാണെന്ന് കരുതരുത്, ആ രണ്ട് പേർ എനിക്ക് എതിരാളികളായിരുന്നില്ല': ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍
പത്ത് ദിവസം നിന്നാല്‍ ഭാഗ്യം എന്ന് കരുതിയാണ് സുഹൃത്തുക്കള്‍ ബിഗ് ബോസിലേക്ക് തന്നെ പറഞ്ഞ് വിട്ടതെന്ന് അഖില്‍ മാരാർ. ആ സാഹചര്യത്തില്‍ 100 ദിവസം നിന്ന് ഒരു വിജയ കിരീടമൊക്കെ കിട്ടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസ് കിരീടം ചൂടിയതിന് പിന്നാലെ ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖില്‍ മാരാർ എന്ന സോഷ്യല്‍ മീഡിയയിലൊക്കെ പല വിഷയത്തിലും പ്രതികരിക്കുന്ന ഒരു വ്യക്തിയെ നേരത്തെ തന്നെ പലർക്കും അറിയാം. ആ സാഹചര്യത്തില്‍ ഒരു പോസിറ്റീവ് വൈബില്‍ അല്ല ഞാന്‍ ഷോയിലേക്ക് വരുന്നത്. വീട്ടിലേക്ക് കടന്ന് വന്നത് മുതല്‍ പ്രത്യേകിച്ച് പ്ലാനോ കാര്യങ്ങളോ ഇല്ലാത്തതുകൊണ്ട് തന്നെ ഞാന്‍ ഞാനായിട്ട് തന്നെയാണ് തുടർന്ന് പോന്നത്. വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്ന നിലയായിരുന്നു തനിക്കുണ്ടായിരുന്നത്.

പറയുമ്പോള്‍ അഹങ്കമാരമാണെന്ന് കരുതരുത്. ശോഭയേയോ ജുനൈസിനെയോ ഞാന്‍ ഒരു എതിരാളിയായി കണ്ടിട്ടില്ല. എപ്പോഴും തോല്‍ക്കാന്‍ താല്‍പര്യമുള്ള ഒരു വ്യക്തി കൂടിയാണ് ഞാന്‍. എന്നാല്‍ ആരോടാണ് തോല്‍ക്കുന്നത് എന്നത് അവിടെ പ്രസ്കതമാണ്. എന്നെ തോല്‍പ്പിക്കുന്നയാള്‍ എന്നേക്കാള്‍ മികച്ചവരായിരിക്കണം. അപ്പോള്‍ ഞാന്‍ ജയിക്കാന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.
മത്സരം തുടങ്ങി കുറേ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പലരും മാനസികമായി അത്ര ശക്തരല്ലെന്ന് മനസ്സിലാക്കാന്‍ തുടങ്ങി. എന്നോട് എന്തെങ്കിലും പ്രശ്നം വരികയാണെങ്കില്‍ തന്നെ ജുനൈസും ശോഭയുമൊക്കെ പെട്ടെന്ന് തളർന്നു പോകും. എന്തെങ്കിലുമൊക്കെ പ്രശ്നം എനിക്കെതിരെ ഉണ്ടാക്കിയിരുന്നത് ഇവരായിരുന്നെങ്കിലും കടുത്ത രീതിയില്‍ എന്തെങ്കിലും ഞാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ അവർ ആകെ തളർന്ന് പോകും എന്ന് അറിയാം. അതുകൊണ്ട് തന്നെ അവരെ ഞാന്‍ എതിരാളികളായിട്ടല്ല, സുഹൃത്തുക്കളായിട്ടാണ് കണ്ടത്.
ജുനൈസുമായുള്ള പ്രശ്നം പലപ്പോഴും ആശയപരമായിരുന്നു. സുഹൃദ്ബന്ധത്തിന്റെ ഏറ്റവും മികച്ച തലം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കുക എന്നുള്ളത്. അതാവട്ടെ, ഇഗോ ഇല്ലാതെ മനസ്സിലാക്കണം. ബിഗ് ബോസ് എന്ന ഷോയിലേക്ക് വരുമ്പോള്‍ ഒരിക്കലും എതിരാളികളുടെ കഴിവിനെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ആരും തയ്യാറാവില്ല. പക്ഷെ ഷിജു എന്ന മനുഷ്യന്‍ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു. ആ സമയത്തും പുള്ളിക്ക് പുള്ളിയുടേതായ ശരികളുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോയി.
ബിഗ് ബോസ് കാണുന്ന ഒരു വ്യക്തിയായിരുന്നില്ല ഞാന്‍. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായ ചില വീഡിയോ ക്ലിപ്പ് ഒക്കെയാണ് കണ്ടത്. അതിനിടയിലാണ് നേരത്തെ ബിഗ് ബോസില്‍ മത്സരിച്ച ഒരു വ്യക്തിയുമായി ചില പ്രശ്നങ്ങളുണ്ടാവുന്നത്. എന്നാല്‍ അതിന് ശേഷം ബിഗ് ബോസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലായതും എന്താണ് ഈ ഷോ എന്ന് മനസ്സിലാക്കാനും തീരുമാനിച്ചത്.
വന്ന് ആദ്യ ആഴ്ചയില്‍ തന്നെ എന്റെ കിളി പറത്തിക്കളഞ്ഞു. എപ്പോഴും ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത് ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ കുറിച്ചായിരുന്നു. അത് ഒരു അത്ഭുതമാണ്. ഒരോ സീസണുകളിലും മികച്ച ഒരോ വ്യക്തിത്വങ്ങളെ ബിഗ് ബോസ് സംഭാവന ചെയ്യുകയാണ്. ഇരുട്ടാണ് യാഥാർത്ഥ്യം. വെളിച്ചം ഇരുട്ടിനെ മായ്ച്ച് മുന്നോട്ട് വരികയാണ്. സൂര്യനില്ലെങ്കില്‍ വെളിച്ചമില്ല. കാപട്യം നിറഞ്ഞ ഒരു വലിയ ലോകം നമുക്ക് ചുറ്റുമുണ്ട്. അവിടെ വെളിച്ചം വീശാനായി ബിഗ് ബോസിലൂടെ കുറേ പേർ ഉണ്ടാവട്ടെ. ഷോയെ കുറിച്ച് തെറ്റിദ്ധരിച്ചതിനും കുറ്റം പറഞ്ഞതിനും ഹൃദയത്തില്‍ നിന്ന് തന്നെ മാപ്പ് ചോദിക്കുന്നുവെന്നും അഖില്‍ മാരാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications