'അത് സംഭവിച്ചിരുന്നുവെങ്കിൽ ബിഗ് ബോസിനെ ഞാൻ ഇത്ര വെറുക്കില്ലായിരുന്നു'; മനസ് തുറന്ന് ആര്യ ബഡായി
ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി കൂടിയായ നടി ആര്യ ബഡായി

കൊച്ചി: ശക്തരായ മത്സരാർത്ഥികളും മികച്ച ഗെയിം മുഹൂർത്തങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു ബിഗ് ബോസ് സീസൺ 2. എന്നാൽ കൊവിഡിന്റെ പശ്ചാത്തൽ ഷോ പകുതിക്ക് വെച്ച് അണിയറ പ്രവർത്തകർ അവസാനിപ്പിക്കുകയായിരുന്നു. ക്വാറന്റൈൻ പ്രഖ്യാപിച്ചതോടെയാണ് 75ാം ദിവസം ഷോ അവസാനിച്ചത്.
ഇനി ഷോ 100 ദിവസം തുടരുമായിരുന്നെങ്കിൽ ആരായിരുന്നേനെ സീസൺ 2 ന്റെ വിജയി? ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി കൂടിയായ നടി ആര്യ ബഡായി. ആർ ജെ മഞ്ജുവിന് നൽകിയ അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം. വായിക്കാം

ബിഗ് ബോസിനെ ഞാൻ ഇത്രയ്ക്ക് വെറുക്കില്ലായിരുന്നു
ബിഗ് ബോസ് സീസൺ 1 ലേക്ക് പോകാൻ സാധിച്ചിരുന്നുവെങ്കിൽ നല്ലതായിരുന്നേനെയെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ പോകാൻ സാധിക്കുമായിരുന്നില്ല. അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു അത്. എന്നിരുന്നാലും അന്ന് പോയിരുന്നുവെങ്കിൽ ഇത്രയും ഞാൻ ബിഗ് ബോസിനെ വെറുക്കത്തില്ലായിരുന്നു. എന്നെ ആൾക്കാർ വെറുക്കുന്നതൊന്നും പ്രശ്നമല്ല, അത് അവരുടെ ഇഷ്ടമാണ്. ഞാൻ ശരിക്കും ബിഗ് ബോസ് വെറുത്ത് പോയി. എന്തൊരു ഇഷ്ടമുള്ള പരിപാടി ആയിരുന്നെന്നോ. വലിയ ഫാൻ ആയിരുന്നു. എല്ലാം കളഞ്ഞു.

100 ദിവസം പൂർത്തിയാക്കണമെന്ന ചാലഞ്ച്
ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. അത് വലിയ ചാലഞ്ച് ആയിരുന്നു. ശരിക്കും ഒരു പ്രഷർ കുക്കർ ടെസ്റ്റായിരുന്നു. 100 ദിവസമാണ് ആ ടെസ്റ്റിന്റെ സക്സസ് പിരിയഡ്.100 ദിവസം പൂർത്തിയാക്കിയാൽ അതൊരു സാറ്റിസ്ഫാക്ഷൻ ആയേനെ. ഇപ്പോൾ സാറ്റിസ്ഫാക്ഷൻ ഇല്ലെന്നല്ല, നമ്മളെ സംബന്ധിച്ച് ഈ സീസൺ അവസാനിച്ചത് നമ്മുടെ പ്രശ്നം കൊണ്ടല്ല. 75 ദിവസം എന്നത് ഒരു മോശം കാലയളവും അല്ല. എന്നിരുന്നാലും 100 ദിവസം എന്നത് വേണമായിരുന്നു.

സീസൺ 2 യിലെ വിജയി ആകാൻ സാധ്യത
സീസൺ 2 നൂറ് ദിവസം തികച്ചിരുന്നെങ്കിൽ ആരാകുമായിരുന്നു വിജയി എന്ന ചോദ്യത്തിന് തനിക്ക് അതിനെ കുറിച്ച് ഒരു ക്ലൂവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ആര്യയുടെ മറുപടി. 'ഞങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾപോയത്. ഞങ്ങളുടെ ചിന്തകൾ വളരെ വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ രഘു ആയിരുന്നേനെ. കാരണം രജിത് സാർ പോയപ്പോൾ അദ്ദേഹത്തിന്റെ ഫാൻ ബേയ്സ് മുഴുവൻ പോയത് രഘുവിനാണ്', ആര്യ പറഞ്ഞു.

പുറത്ത് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് താൻ സോഷ്യൽ മീഡിയ തുറന്നിരുന്നതെങ്കിലും കേൾക്കാൻ പോകുന്നതിന് യാതൊരു കുറവും ഉണ്ടാകുമായിരുന്നില്ലെന്നും ആര്യ പറയുന്നു. ഇപ്പോൾ പോലും എനിക്കെതിരെ വലിയ സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. 'ബഡായ് ബംഗ്ലാവ് കണ്ട് ഭയങ്കര ഇഷ്ടം തോന്നിയവളാണ് ഇവൾ, പക്ഷേ ബിഗ് ബോസ് കണ്ടപ്പോൾ ആ ഇഷ്ടം പോയി' എന്ന കമന്റ് എന്റെ മിക്ക പോസ്റ്റിനും താഴെ വരും.

അവഗണിക്കുകയെന്നതാണ് പ്രധാന ആയുധം
അവഗണിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആയുധം. പലരും ചോദിക്കും അതെന്താ ഞങ്ങൾക്ക് അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേയെന്ന്. പറഞ്ഞോളൂ യാതൊരു പ്രശ്നവുമില്ല.എന്നാൽ ഒറ്റ കാര്യമേ ചോദിക്കാനുള്ളൂ, പറയുന്നതിൽ അൽപം മയം, അതൊരു അപേക്ഷയായി പരിഗണിച്ചാൽ മതി. മനുഷ്യന് വെറുപ്പ് തോന്നാത്ത ഭാഷയിൽ പറഞ്ഞോ, പറയുമ്പോൾ എന്നെ പറഞ്ഞോളൂ, എന്റെ വീട്ടിലിരുക്കുന്നവരേയും കൊച്ചിനേയും ഒന്നും പറയാതിരുന്നാൽ മതി', ആര്യ പറഞ്ഞു.












Click it and Unblock the Notifications