റോബിൻ വിളിച്ചാൽ വിവാഹത്തിന് പോകുമോ? റാംസാനുമായി പ്രണയമോ? ദിൽഷയുടെ മറുപടി
ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായിരുന്നു സീസൺ 4 താരമായ ദിൽഷ പ്രസന്നൻ. ആദ്യ ആഴ്ചയിൽ തന്നെ പുറത്താകുമെന്ന വിമർശനങ്ങൾ നേരിട്ട താരം വളരെ പെട്ടെന്നായിരുന്നു കളം നിറഞ്ഞത്.
സഹമത്സരാർത്ഥിയായ റോബിനുമായുള്ള ദിൽഷയുടെ സൗഹൃദമായിരുന്നു ഷോയിൽ ഏറെ ആഘോഷിക്കപ്പെട്ടത്. ഷോയിൽ വെച്ച് റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞെങ്കിലും റോബിൻ തനിക്ക് സുഹൃത്താണെന്നായിരുന്നു ദിൽഷ പ്രതികരിച്ചത്. ഷോ കഴിഞ്ഞ് ഇരുവരും വിവാഹം കഴിക്കുമെന്ന് ഇരുവരുടേയും ആരാധകർ കരുതിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് പിരിഞ്ഞു. ഇതിൻറെ പേരിൽ കടുത്ത സൈബർ ആക്രമണം താരം നേരിടേണ്ടി വന്നിരുന്നു.
അതേസമയം റോബിൻ ഇപ്പോൾ പുതിയ ജീവിതം തുടങ്ങാൻ ഒരുങ്ങുകയാണ്. സംരഭകയായ ആരതിയാണ് റോബിന്‌റെ വധു. ഇപ്പോഴിതാ റോബിൻറെ വിവാഹത്തിന് ക്ഷണിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിൽഷ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം. വായിക്കാം

'അത് താൻ അവസാനിപ്പിച്ച ചാപ്റ്റർ ആണെന്നും അതിന് പോകാൻ തനിക്ക് താത്പര്യമില്ല. തന്നെ വിവാഹം വിളിക്കില്ലെന്ന് റോബിൻ പറഞ്ഞിട്ടുണ്ട്, വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിക്കണം എന്നാണോയെന്നും തമാശാ രൂപേണ ദിൽഷ ചോദിച്ചു.
'ആദ്യമൊക്കെ കുടുംബത്തിനും കുറെ സൈബർ ആക്രമണം നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ അവർ സന്തോഷത്തിലാണ്. ഞാൻ ഡാൻസും പ്രോഗ്രാമും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ബിഗ് ബോസ് ഹൗസിൽ എനിക്ക് മിസ് ചെയ്യാറുണ്ട്. ഞാൻ നന്നായി ആസ്വദിച്ചൊരു പ്ലാറ്റ്ഫോമായിരുന്നു അത്. ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, മോശം നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്'
അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ താൻ പോകുമെന്നും ദിൽഷ പറഞ്ഞു. 'റിയാസ് വന്ന് പറഞ്ഞപ്പോഴാണ് പുറത്ത് ട്രയാങ്കിൾ ലവ് സ്റ്റോറി എന്ന നിലയ്ക്കുള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മനസിലായത്. എനിക്ക് അത് കേട്ടപ്പോൾ വളരെ അധികം വിഷമം തോന്നി. എന്തെങ്കിലുമൊരു ട്രാക്ക് പിടിക്കാനല്ല ഞാൻ ബിഗ് ബോസിലേക്ക് പോയത്. അറിയാതെ വന്ന് പെട്ടതാണ് അതൊക്കെ.

ഞാൻ ഇടക്ക് പറയാറുണ്ട്, ഞാൻ സുഹൃത്താണെയെന്ന്. ഞാൻ അത് പറയുമ്പോൾ നിങ്ങൾക്ക് അതൊക്കെ പൊട്ടത്തരമാണെന്ന് തോന്നാം. പക്ഷേ അത് പറയുമ്പോഴായിരിക്കും എനിക്ക് അൽപം സമാധാനം ലഭിക്കുക. ഞാൻ പറഞ്ഞ പല കാര്യങ്ങളും പുറത്ത് വന്നിട്ടില്ല, ബിഗ് ബോസിൽ നടക്കുന്ന എല്ലാം പുറത്ത് വരണമെന്നില്ല.
ഞാൻ പറഞ്ഞ പല കാര്യങ്ങളും പുറത്ത് വന്നിരുന്നുവെങ്കിൽ ഒരുപക്ഷെ ഒരു ക്ലിയർ ചിത്രം അവർക്ക് കിട്ടിയേനെ. ബിഗ് ബോസ് ഒരു ഗെയിമാണ്. പുറത്തിറങ്ങിയാൽ ഒരുപക്ഷേ നല്ലതും മോശവും കേൾക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. പുറത്ത് ഇറങ്ങിയാൽ നല്ലത് കേൾക്കണമെന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുക. പക്ഷേ തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു പുറത്ത്.
സൈബർ ആക്രമണം ഉണ്ടായിരുന്നുവെങ്കിലും നേരിട്ട് വന്ന് ആരും മോശം പറഞ്ഞിട്ടില്ല. എനിക്ക് സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ, ഒരിക്കൽ ഊബർ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ ചേട്ടൻ പുറകിലേക്ക് തിരിഞ്ഞ് ചോദിച്ചു, മോള് ഹാപ്പിയല്ലേന്ന്.അങ്ങനെയും സ്നേഹമുള്ള ആളുകൾ ഉണ്ടായിരുന്നു', ദിൽഷ പറഞ്ഞു.
ദിൽഷയ്ക്കൊപ്പം അഭിമുഖത്തിൽ നടനും നർത്തകനുമായ റംസാനും പങ്കെടുത്തിരുന്നു. അടുത്തിടെ നിരവധി റീലുകളിൽ ഒരുമിച്ചെത്തിയ ഇരുവരും തമ്മിൽ പ്രണയമാണോയെന്ന ചോദ്യം പലരും ചോദിച്ചിരുന്നു. അഭിമുഖത്തിൽ ഇരുവരും ഇതിന് മറുപടി നൽകി..

'നിങ്ങൾ ഇഷ്ടത്തിലാണോയെന്ന ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്. അത് സ്ഥിരം ചോദ്യമാണ്, വളരെ ഇന്റിമേറ്റായി ഡാൻസ് ചെയ്താൽ വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നവർ വന്ന് ചോദിക്കുന്ന ചോദ്യമാണ്. നൃത്തത്തെ നൃത്തമായി കാണുന്നവർ, സോഷ്യൽമീഡിയ എന്താണെന്ന് അറിയുന്നവർ ഒരിക്കലും അത്തരമൊരു ചോദ്യം ചോദിക്കില്ല.
ചിലർ നിങ്ങൾ കമ്മിറ്റഡ് ആണോയെന്ന് ചോദിക്കും, അത് ഡീസന്റ് ചോദ്യമാണ്. മൂന്നോ നാലോ റീൽസ് നമ്മൾ ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നത് കാണുമ്പോഴും നമ്മൾ ഉദ്ഘാടനങ്ങൾക്ക് ഒരുമിച്ച് പോകുന്നുണ്ട്, സ്റ്റേജ് ഷോ ഒരുമിച്ച് ചെയ്യുന്നുണ്ട്. അങ്ങനെയൊക്കെ ആകുമ്പോ സംശയം ഉണ്ടാകും. ഞങ്ങൾ പക്ഷേ നല്ല സുഹൃത്തുക്കളാണ്', ഇരുവരും പറഞ്ഞു.












Click it and Unblock the Notifications