മഞ്ജുവും സുനിച്ചനും പിരിഞ്ഞോ? തുറന്ന് പറഞ്ഞ് മഞ്ജു..'ഡിവോഴ്സ് എവിടെയാണ് തെറ്റാകുന്നത്'
കൊച്ചി: ജീവിതത്തിൽ വളരെ അധികം ബോഡി ഷെയ്മിങ്ങ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ്. നിറത്തിന്റെ പേരിലാണ് തനിക്ക് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്.പലപ്പോഴും പെൺകുട്ടികളാണ് ഇത്തരത്തിൽ പരിഹാസങ്ങൾ അനുഭവിക്കാറുള്ളതെന്നും താരം പറഞ്ഞു. 'ബിഹൈൻവുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ഭർത്താവ് സുനിച്ചനുമായി ബന്ധം വേർപെടുത്തിയെന്ന് ഉയരുന്ന അഭ്യൂഹങ്ങളെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ മഞ്ജു മനസ് തുറന്നു. വായിക്കാം
'നിറത്തിന്റെ പേരിലൊക്കെ വളരെ അധികം പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. വെളുപ്പ് ഉദാത്തമാണെന്നും കറുപ്പ് അതിന് താഴെയാണെന്നും പറയുന്നതിനെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഇതിന്റെയൊക്കെ അളവുകോൽ എവിടെയാണ് വെച്ചിരിക്കുന്നത്? ഇത്രയും നിറം വേണം ഇത്രയും വണ്ണം വേണം, പല്ല് പൊങ്ങാൻ പാടില്ല എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്.

നമ്മുടെ ആത്മവിശ്വാസം എന്താണോ അതിനനുസരിച്ച് ജീവിക്കാനല്ലേ നമ്മൾ ഇഷ്ടപ്പെടുന്നത്. യുട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന് പേര് നൽകിയത് തന്നെ കൃത്യമായ മറുപടി നൽകുകയെന്ന ഉദ്ദേശത്തോടെയാണ്. 41 വയസിനെ വളരെ ആത്മവിശ്വാസമുള്ള കാലമായാണ് ഞാൻ കാണുന്നത്. ഇഷ്ടമില്ലാത്ത കാര്യത്തിനെ ഇഷ്ടമില്ലെന്ന് വളരെ ധൈര്യത്തോടെ പറയാൻ പറ്റുന്ന സമയമാണിത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് വളരെ അധികം ഉണ്ടായിരുന്നു. ആരെയെങ്കിലും പ്രണയിച്ചാൽ ഗർഭിണിയായി പോകും എന്ന് പേടിച്ചിരുന്ന കാലമായിരുന്നു അത്. അന്ന് എല്ലാത്തിനേയും വളരെ അധികം പേടിച്ചിരുന്നു. ചെറുപ്പത്തിൽ ആർത്തവം പോലും മാസം സംഭവിക്കുന്നതാണെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികൾക്ക് കൃത്യമായ ധാരണയുണ്ട്' മഞ്ജു പറഞ്ഞു.
വിവാഹമോചനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരണം ഇങ്ങനെ-'
'സുനിച്ചൻ ഷാർജയിലുണ്ട്, അവിടെ മ്യൂസിക് പ്രോഗ്രാമാണ്. ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. പക്ഷേ ഭാര്യ-ഭർതൃ ബന്ധത്തിലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്. എന്ന് വെച്ച് ഇന്നോ നാളെയോ ഞങ്ങൾ ഡിവോഴ്സ് ആകുമെന്നുമല്ല അതിനർത്ഥം. യോജിച്ച് പോകാൻ പറ്റാത്തവർ അല്ലെങ്കിൽ വേർപിരിയുന്നതിൽ എന്താണ് പ്രശ്നം. എല്ലാ പൗരൻമാർക്കും ഭരണഘടന അതൊക്കെ ഉറപ്പ് നൽകുന്നില്ലേ.ആരെങ്കിലും വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് പറയുമ്പോൾ എന്തിനാണ് ആളുകളൊക്കെ അത്ഭുതപ്പെടുന്നത്.
മഞ്ജു പത്രോസും സുനിച്ചനും വേർ പിരിഞ്ഞാലും ഇല്ലെങ്കിലും എന്താണ്? ചിലർ പറയും ഞങ്ങളെ അവർ കണ്ടത് ഒരു ഫാമിലി ഷോയിലൂടെയാണെന്ന്. ഷോ കഴിഞ്ഞ് വർഷം 11 ആയി. ഞങ്ങളുടെ വിവാഹ ബന്ധത്തിൽ സംഭവിക്കുന്നത് എന്തെന്ന് അറിയേണ്ട ആവശ്യം എന്താണ്? ഇക്കാലത്തിനിടയിൽ ഞങ്ങൾക്കിടയിൽ ഒരുപാട് ശരിതെറ്റുകൾ ഉണ്ടായിട്ടുണ്ട്.
നമ്മൾ കരുതിയിരുന്ന ശരികളൊന്നും ശരികളായിരുന്നില്ലെന്ന് ഈ കാലഘട്ടത്തിലൂടെയെ മനസിലാക്കാൻ സാധിക്കൂ. സമൂഹത്തെ പേടിയായത് കൊണ്ടാണ് പല തെറ്റുകളും തിരുത്താൻ കഴിയാതെ പലരും കഷ്ടപ്പെട്ട് മുന്നോട് പോകുന്നത്. ജീവിക്കാൻ സമ്മതിക്കില്ല ഇവിടുത്തെ സമൂഹം', മഞ്ജു പറഞ്ഞു.
ബിഗ് ബോസിനെ കുറിച്ച്-''കഴിഞ്ഞ നാല് വർഷമായി രജിത് കുമാറിനോട് വളരെ അധികം ദേഷ്യമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. അദ്ദേഹത്തോട് സംസാരിക്കണമെന്ന് ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ബിഗ് ബോസിൽ അദ്ദേഹം പോയി വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു.
മുൻപ് ഞങ്ങൾ ബിഗ് ബോസിൽ ആയിരുന്നപ്പോൾ ഗെയിം മാത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എന്നാൽ അവിടെ പറയുന്ന കാര്യങ്ങളെയൊക്കെ ഒരു ഗെയിമിനപ്പുറത്തേക്കായിരുന്നു ഞാൻ കണ്ടിരുന്നത്. ഇത്തവണ രജിത്തേട്ടൻ പോയി ഗെയിം കളിച്ചത് കണ്ടപ്പോൾ അദ്ദേഹം നന്നായിട്ടാണ് കളിച്ചതെന്ന് തോന്നി. മത്സരാർത്ഥികളോടൊക്കെ നന്നായി സ്നേഹത്തോടെ പെരുമാറുന്നതായി തോന്നി.
ഇത്തവണത്തെ ബിഗ് ബോസിൽ അങ്ങനെ ആരോടും പ്രത്യേകിച്ച് ഒരു താത്പര്യവുമില്ല. ഒരു ഗെയിമർ എന്ന നിലയിൽ അഖിൽ മാരാരിനെ ഇഷ്ടമാണ്. റിനോഷിനെ ഇഷ്ടമാണ്. ശോഭ ഫൈറ്റർ ആണ് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ക്യാമറയെ കുറിച്ചൊക്കെ ആശങ്കപ്പെടുന്നുണ്ടെന്ന് തോന്നാറുണ്ട്', മഞ്ജു പറഞ്ഞു.












Click it and Unblock the Notifications