'അമ്മ'യുടെ നറുക്കെടുപ്പിൽ മണിക്കുട്ടന് സമ്മാനം; ചെവിയിൽ സ്വകാര്യം പറഞ്ഞ് മോഹന്‍ലാൽ, പങ്കുവച്ച് താരം
കൊച്ചി: അമ്മ അസോസിയേഷന്‍ നടത്തിയ നറുക്കെടുപ്പ് മത്സരത്തില്‍ ഒന്നാം സമ്മാനം അടിച്ചെടുത്ത് നടന്‍ മണിക്കുട്ടന്‍. സോണിയുടെ സമാര്‍ട്ട് ടി വിയാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റ കയ്യില്‍ നിന്ന് മണിക്കുട്ടന്‍ സമ്മാനം ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മണിക്കുട്ടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സമ്മാനം സ്വീകരിക്കുന്നതിനിടെ മോഹന്‍ലാല്‍ ചെവിയില്‍ പറഞ്ഞ കാര്യവും മണിക്കുട്ടന്‍ പങ്കുവച്ചു. 'മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ' എന്നാണ് മോഹന്‍ലാല്‍ മണിക്കുട്ടനോട് പറഞ്ഞത്. പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസിന്റെ മൂന്നാം സീസണിലെ കിരീടം ചൂടിയത് മണിക്കുട്ടനായിരുന്നു. അന്ന് ഒന്നാം സമ്മാനമായ ഫ്‌ളാറ്റ് ലഭിക്കുമ്പോള്‍ മോഹന്‍ലാലും വേദിയിലുണ്ടായിരുന്നു. ഇക്കാര്യമാണ് മോഹന്‍ലാല്‍ മണിക്കുട്ടനോട് പറഞ്ഞത്.

'സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനത്തിന്റെ മാധുര്യം അനുഭവിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി ഇത്തവണ അമ്മ അസോസിയേഷന്‍ , എന്നെപോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് കൊച്ചു - വലിയ കലാകാരന്മാരുടെ, സംഘടനയായ 'അമ്മ' യില്‍ നിന്നുമാണ്. അമ്മ സംഘടനയുടെ 29ാം വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി മൈജിയുമായി സഹകരിച്ചു ഞങ്ങളുടെ സംഘടന നടത്തിയ ലക്കി ഡ്രോ കോണ്ടസ്റ്റില്‍ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ സ്മാര്‍ട്ട് ടി വി സംഘടനയുടെ പ്രസിഡന്റ് സാക്ഷാല്‍ മോഹന്‍ലാല്‍ സാര്‍ നമ്മുടെ സ്വന്തം ലാലേട്ടനില്‍ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാല്‍ സമ്മാനം തരുന്ന സമയത്ത് ലാല്‍ സാര്‍ എന്റെ കാതുകളില്‍ പറഞ്ഞൊരു സ്വകാര്യമാണ്.
'മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ... '
ശരിയാണ്... ഇതിനു മുന്‍പ് ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാല്‍ സാറാണ്. അങ്ങനെ ഒരു ഓര്‍മ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓര്‍മ്മയില്‍ നിന്നു തന്നെ ഈ പോസ്റ്റ് ആരംഭിച്ചതും.
ഒരു പക്ഷേ വായിക്കുന്ന ചിലര്‍ക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകള്‍ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയില്‍ എന്നെപോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.'- മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications