'താൻ അങ്ങനെ ചോദിച്ചത് വളരെ മോശമായിപ്പോയി'; ജീവിതത്തിൽ ചെയ്ത തെറ്റായ കാര്യത്തെ കുറിച്ചും റിയാസ് സലീം
ബിഗ് ബോസ് മലയാളം സീസൺ 4ലെ ഗെയിം ചെയ്ഞ്ചർ ആയിരുന്നു റിയാസ് സലീം. ബിഗ് ബോസിൽ മറ്റൊരു വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥിക്കും ലഭിക്കാത്തത്രയും സ്വീകാര്യതയായിരുന്നു റിയാസിന് ലഭിച്ചത്. ഒരു ഘട്ടത്തിൽ സീസൺ 4 ന്റെ ടൈറ്റിൽ വിന്നർ പോലും റിയാസ് ആയേക്കുമെന്നടക്കം പ്രവചനങ്ങൾ ഉണ്ടായിരുന്നു.
ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകരെ ബോധവത്കരിക്കുന്നതിനൊപ്പം തന്നെ എന്റർടെയ്ൻ ചെയ്യാനും റിയാസിന് സാധിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തനിക്ക് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് പറയുകയാണ് റിയാസ് . ഹൗസിനുള്ളിലും പുറത്തുമെല്ലാം താൻ പറഞ്ഞ പല കാര്യങ്ങളും മോശമായി പോയെന്നാണ് റിയാസ് തുറന്ന് സമ്മതിക്കുന്നത്. 'ജാംഗോ സ്പേസ് ' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിൽ റീ എൻട്രി ചെയ്തപ്പോൾ ചന്ത എന്ന വാക്ക് ഞാൻ ഉപയോഗിച്ചിരുന്നു. ചന്തയിലെ പോലെ അടികൂടല്ലേ ഇതൊരു കോടതിയാണെന്ന് കോടതി ടാസ്കിനിടെ ഞാൻ പറഞ്ഞിരുന്നു. അത് തന്റെ വായിൽ നിന്ന് വന്ന തെറ്റായ പ്രയോഗമായിരുന്നു. അപ്പോൾ തന്നെ ഞാൻ ക്ഷമ ചോദിക്കുകയും ചെയ്തു. കാരണം ബഹളമുണ്ടാകുന്നത് ചന്തയിൽ മാത്രമല്ലല്ലോ. അത് പറയരുതായിരുന്നുവെന്ന് തോന്നിയിരുന്നു.
വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിൽ കയറിയപ്പോൾ കുറെ മോശം പ്രയോഗങ്ങൾ ഇംഗ്ലീഷിൽ ഞാൻ നടത്തിയിരുന്നു. അതും പാടില്ലായിരുന്നുവെന്ന് തോന്നി. ലാലേട്ടന്റെ കയ്യിൽ നിന്നും ചീത്ത കേട്ടതും അതിനായിരുന്നു. ബിഗ് ബോസ് പോലൊരു ഷോ ഒരുപാട് പേരെ സ്വാധീനിക്കും. അത്തരമൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ആ രീതിയിൽ പ്രതികരിക്കാൻ പാടില്ലായിരുന്നു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നിയൊരു കാര്യം 'ഹു ഈസ് ഷി, അവരാരാണ് എന്ന് ചോദിച്ച് മോശം സ്റ്റേറ്റ്മെന്റ്സ് ഇറക്കിയിട്ടുണ്ട്. അത് വളരെ മോശമായി പോയി. കാരണം വേറൊരാൾ കാരണമായിരിക്കും അവർ വളർന്നത്. പക്ഷേ അവരുടെ കഷ്ടപ്പാടും കഴിവുമെല്ലാം പ്രധാനമാണ്. ( ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ പങ്കാളിയായ ആരതി പൊടിക്കെതിരെയായിരുന്നു റിയാസിന്റെ പരാമർശം. ആരതി പൊടിയെ അറിയുമോയെന്ന ചോദ്യത്തിന് അവരാരാണ്, പ്രശസ്തനായ ബോയ് ഫ്രണ്ടിന്റെ പേരിൽ പ്രശസ്തയായ ആരെങ്കിലുമാണോ അവരെ തനിക്ക് അറിയില്ല എന്നായിരുന്നു റിയാസ് പറഞ്ഞത്).
ജീവിതത്തിൽ തെറ്റുകൾ ചെയ്ത് അത് തിരുത്തി പഠിച്ച് വന്നയാൾ തന്നെയാണ് ഞാൻ. ഒരുപാട് പേരെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടാകാം. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തു എന്നത് ജീവിതത്തിൽ സുഹൃത്തുക്കൾ പറയുന്ന പല തെറ്റുകളും അവരെ തിരുത്താതെ ഞാൻ കേട്ടിരുന്നിട്ടുണ്ട്. അവർ പെൺകുട്ടികളെ സ്ലട്ട് ഷെയിം ചെയ്യുമ്പോഴൊക്കെ ഞാൻ അത് എൻജോയ് ചെയ്തിട്ടില്ലെങ്കിലും അവരെ തിരുത്താൻ തയ്യാറായിരുന്നില്ല. നമ്മൾ ഇതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നെങ്കിൽ അവരെ തിരുത്തിയിരുന്നുവെങ്കിൽ അവർക്ക് പഠിക്കാൻ അവസരം ലഭിച്ചേനെ.
ബന്ധങ്ങൾ നിലനിർത്താൻ ബിഗ് ബോസ് എന്നെ പഠിപ്പിച്ചു. അതിന് മുൻപ് വിയോജിപ്പുകൾ ഉള്ളവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ അല്ലെന്നല്ല, അത്തരത്തിലുള്ളവരെ ജീവിതത്തിൽ നിന്നും ഒഴാവാക്കാറുണ്ട്. എന്നിരുന്നാലും ചെറിയ വഴക്കുകളുടെ പേരിൽ ബന്ധങ്ങൾ ഒഴിവാക്കാറില്ല. മുൻപ് വളരെ അധികം സംസാരിക്കുന്നൊരാൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ താൻ പഠിച്ചു', റിയാസ് സലീം പറഞ്ഞു.












Click it and Unblock the Notifications