'ഞാൻ അത് പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല;വിഷ്ണുവും എന്നെ പോലെ കഷ്ടപ്പെട്ട് മുന്നോട്ട് വന്നയാൾ';റോബിൻ
കൊച്ചി: ബിഗ് ബോസിൽ നിന്നും വീണ്ടും പുറത്താക്കപ്പെട്ടതിന് പിന്നാലെ റോബിൻ രാധാകൃഷ്ണൻ നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദത്തിനായിരുന്നു കാരണമായത്. ബിഗ് ബോസ് ഷോ ആടിനെ പട്ടിയാക്കുന്ന പരിപാടിയാണെന്നും വലിയ 'ഉഡായിപ്പാ'ണെന്നും റോബിൻ പറഞ്ഞിരുന്നു. എന്നാൽ റോബിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ ഒന്നടങ്കം രംഗത്തെത്തി.
ബിഗ് ബോസിൽ നിന്നും നേടിയ പ്രശസ്തി ഉപയഗിച്ച് ആ ഷോയെ തന്നെ ഇകഴ്ത്തി പറയുന്നത് മര്യാദയില്ലായ്മയാണെന്നായിരുന്നു പലരും തുറന്നടിച്ചത്. ബിഗ് ബോസിൽ നിന്നും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മത്സരാർത്ഥികളിൽ ഒരാൾ റോബിനാണെന്ന് അദ്ദേഹം മറക്കരുതെന്നും മുൻ മത്സരാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഈ വിവാദത്തോടെ സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല റോബിൻ. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ സോഷ്യൽ ലോകത്ത് മാത്രമാണ് സജീവമല്ലാതുള്ളൂവെന്നും ജീവിതത്തിൽ വളരെ സജീവമായി തന്നെ മുന്നോട്ട് പോകുകയാണെന്നും റോബിൻ പറഞ്ഞു. ബിഗ് ബോസിന് പുറത്ത് വന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങൾ പലതും ചിലർ വളച്ചൊടിച്ചുവെന്നും റോബിൻ ആരോപിച്ചു. മാധ്യമങ്ങളോട് റോബിൻ പറഞ്ഞത് ഇങ്ങനെ;-
'സോഷ്യൽ മീഡിയ വിവാദങ്ങളൊന്നും ഇനി വേണ്ട, ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നെ എന്റെ വഴിക്ക് വിടുക. ശാലു പേയാട് ആരാണ്, എനിക്ക് അറിയില്ല അതാരാണെന്ന്, ഇത്തരം കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിലെ ഞാൻ ആക്ടീവ് അല്ലാതെയുള്ളൂ, ജീവിതത്തിൽ ഞാൻ ആക്ടീവാണ്. ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണിക്കാൻ സാധിക്കില്ലല്ലോ. ഞാൻ വ്ലോഗറൊന്നുമല്ലല്ലോ.
സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ മനപ്പൂർവ്വം മാനിപ്പുലേറ്റ് ചെയ്ത് ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അത് ചെയ്യരുതെന്നാണ് പറയാനുള്ളത്. ഞാൻ ബിഗ് ബോസ് ഷോ ഇപ്പോൾ കാണാറില്ല. വിഷ്ണു പുറത്തായത് കണ്ടിരുന്നു. അവനെ സ്വീകരിക്കാൻ ആളുകൾ എത്തിയത് കണ്ടിരുന്നു. അവൻ വളരെ സന്തോഷവാനായിരിക്കും. വിഷ്ണു സാധാരണക്കാരനായ വ്യക്തിയാണ്, ഇതുപോലെ കഷ്ടപ്പെട്ട് വന്നൊരാളാണ്. വിഷ്ണുവിന് എല്ലാവിധ ആശംസകളും.
എന്നെ എന്റെ വഴിക്ക് വിട്ടേക്കൂ, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് കഴിഞ്ഞതാണ്, വീണ്ടും എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ തുടർന്ന് അഭിമുഖങ്ങൾ കൊടുക്കുമായിരുന്നു. കുറെ ചാനലുകൾ എന്നെ അഭിമുഖത്തിന് ബന്ധപ്പെട്ടിരുന്നു. പക്ഷേ എനിക്ക് താത്പര്യമില്ല. എയർപോർട്ടിൽ നിന്നും പറയണമെന്ന് തോന്നി , പറഞ്ഞു. എന്റെ നിലപാടുകളിൽ ഞാൻ ഉറച്ച് നിൽക്കുന്നു.
ബിഗ് ബോസ് ഷോ എഡിറ്റഡ് ആണെന്നാണ് ഞാൻ പറഞ്ഞത്, സ്ക്രിപ്റ്റഡ് ആണെന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല. 24*7 നും എപ്പിസോഡും എഡിറ്റഡ് ആണെന്നാണ് പറഞ്ഞത്. അതെല്ലാവർക്കും അറിയുന്നൊരു കാര്യമാണ്. അതിനെ വളച്ചൊടിച്ച് സ്ക്രിപ്റ്റഡ് എന്നാണ് റോബിൻ പറഞ്ഞതെന്ന രീതിയിൽ പലരും പറയുന്നുണ്ട്, അത് ശരിയായ കാര്യമല്ല. വീണ്ടും പറയുകയാണ്, ഷോ സ്ക്രിപ്റ്റഡ് അല്ല, എഡിറ്റഡ് ആണ്, ഞാൻ പറഞ്ഞ വീഡിയോ വേണമെങ്കിൽ ഒന്നൂടെ നിങ്ങൾക്ക് കേൾക്കാം.
വെറുതെ മാനിപ്പുലേറ്റ് ചെയ്ത് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ നോക്കുകയാണ്. എഡിറ്റഡും സ്ക്രിപ്റ്റഡും തമ്മിൽ വ്യത്യാസമുണ്ട്', റോബിൻ പറഞ്ഞു. അതിനിടെ ഈ വർഷം തന്നെ തങ്ങളുടെ വിവാഹം ഉണ്ടാകുമെന്ന് റോബിന്റെ ഭാവി വധു ആരതി പൊടി വ്യക്തമാക്കി. തീയതി തീരുമാനിച്ചു, എന്നാൽ ഇപ്പോൾ അത് പറയാറായിട്ടില്ല', ആരതി പറഞ്ഞു.












Click it and Unblock the Notifications