'റോബിൻ വിഷം ആണെന്ന് തോന്നിയിരുന്നില്ല, പക്ഷേ..'; തുറന്ന് പറഞ്ഞ് ശ്രുതി ലക്ഷ്മി
കൊച്ചി: ബിഗ് ബോസിലെ വീക്കിലി ടാസ്കിലായിരുന്നു അതിഥികളായി മുൻ ബിഗ് താരങ്ങളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും പങ്കെടുത്തത്. എന്നാൽ ടാസ്കിനിടയിൽ ഷോയുടെ നിയമങ്ങൾ ലംഘിച്ച് ബിഗ് ബോസിനെ തന്നെ വെല്ലുവിളിച്ച് റോബിൻ പെരുമാറിയതോടെ താരത്തെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. പുറത്താക്കിയതിന് പിന്നാലെയും റോബിൻ ബിഗ് ബോസിനെതിരേയും ഏഷ്യാനെറ്റിനെതിരേയും തുറന്നടിച്ചിരുന്നു. ഷോ സ്ക്രിപ്റ്റഡ് ആണെന്ന് അടക്കമുള്ള ആരോപണങ്ങളായിരുന്നു റോബിൻ ഉയർത്തിയത്.
എന്നാൽ ഇപ്പോഴിതാ റോബിന്റെ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് സീസൺ 5 ൽ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ ശ്രുതി ലക്ഷ്മി. ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം'

'ബിഗ് ബോസിലേക്ക് റോബിനും രജിത് കുമാറും വന്നപ്പോൾ ശരിക്കും ഞങ്ങളുടെ ഓളവും പോയി. റോബിൻ വന്നപ്പോൾ വളരെ സമാധാനത്തോടെയാണ് നമ്മളോടൊക്ക ഇടപെട്ടത്. എല്ലാവർക്കും ഉപദേശം നൽകുകയും ചെയ്തു. പിന്നീടാണ് മനസിലായത് എല്ലാവർക്കും ഒരേ ഉപദേശമാണ് നൽകിയത് എന്ന്. ഹൃദയം കൊണ്ടല്ല ബുദ്ധി ഉപയോഗിച്ചാണ് കളിക്കേണ്ടത് എന്നാണ് എന്നോട് റോബിൻ പറഞ്ഞത്. അത് കേട്ടപ്പോൾ ആദ്യം കിളി പാറിയത് പോലെയാണ് എനിക്ക് തോന്നിയത്.
വലിയ ഉപദ്രവകാരിയായി തോന്നിയിട്ടില്ല. റോബിന്റെ സീസൺ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായി റോബിനെ അറിയില്ല. റോബിൻ വന്നപ്പോൾ എല്ലാവരും പറഞ്ഞു, ഇപ്പോഴുള്ള മോശം ഇമേജ് ഒക്കെ ഇതോട് കൂടി മാറി കിട്ടുമെന്ന്. റോബിൻ വിഷമായിട്ട് തോന്നിയിരുന്നില്ല. റോബിൻ അൽപം ക്ഷമ കാണിച്ചിരുന്നുവെങ്കിൽ രണ്ടാമതും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.
റോബിന് അഭിപ്രായം പറയാമായിരുന്നു, പക്ഷേ ബിഗ് ബോസിനെ വെല്ലുവിളിച്ച് പോകേണ്ടിയിരുന്നില്ല. എന്തുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് അറിയില്ല. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. ഞാനും പണ്ട് സ്ക്രിപ്റ്റഡ് ആണെന്ന് വിചാരിച്ചിരുന്നു. ടാസ്ക് ഒക്കെയാണ് ബിഗ് ബോസ് തരുന്നത്. അല്ലാതെ ഒന്നും നിർദ്ദേശിക്കാറില്ല. ബിഗ് ബോസിൽ നടക്കുന്നതെല്ലാം കാമറയിൽ കാണാം. അതിനാൽ നമ്മൾ ചെയ്തില്ല, പറഞ്ഞില്ല എന്നൊന്നും കളവ് പറയാൻ കഴിയില്ല.
രജിത് കുമാർ ആദ്യം വന്നപ്പോൾ വലിയ മൊടയൊക്കെ എടുത്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വ്യക്തിപരമായി എല്ലാവരോടും സംസാരിച്ചു. ഒരുപക്ഷേ ഹൗസിൽ എന്നെ കുറിച്ചാണ് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞത്. ഷോ കാണുമ്പോൾ ശ്രുതിയെ ഇഷ്ടമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബ്രില്യന്റ് ആയിട്ടുള്ള കുട്ടിയാണ് , ടോപ് 5 ൽ പ്രതീക്ഷിക്കുന്നുവെന്നൊക്കെ അദ്ദേഹം പറഞ്ഞു.
ഞാൻ രജിത് സാറിനോടുള്ള എന്റെ അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറഞ്ഞിരുന്നു. എന്നിട്ട് പോലും അദ്ദേഹം എന്നെ കുറിച്ച് നല്ല രീതിയിലാണ് പറഞ്ഞത്. രജിത് സാർ ഒരു അധ്യാപകനെ പോലെയാണ് അവിടെ ഇടപെട്ടത്.
ബിഗ് ബോസ് സീസൺ 5 ൽ ആരും വ്യക്തി വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല. വളരെ അധികം ക്വാളിറ്റിയുള്ള ആളുകളാണ്. ഞാനും അഖിലേട്ടനും തമ്മിൽ വലിയ വഴക്ക് ഉണ്ടായിട്ടുണ്ട്. എന്നിട്ട് പോലും ഞാൻ മാറി നിന്ന് വിഷമിച്ചപ്പോൾ അഖിലേട്ടൻ വന്ന് എന്നെ സമാധാനിപ്പിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റുള്ള സീസണുകളിൽ എല്ലാം വലിയ ബഹളങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സീസണിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഗെയിമിന് വേണ്ടി മാത്രമാണ്, മുന്നോട്ട് പോകാനാണെന്നൊക്കെ. ഈ സീസണിൽ ഇത്രയും ക്വാളിറ്റി ഉള്ളവരുമായി നിൽക്കാൻ പറ്റിയെന്നതിൽ എനിക്ക് ഭയങ്കര അഭിമാനമുണ്ട്', ശ്രുതി ലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications