'ഇനി, ഇവിടെ നിൽക്കാൻ ഭയമാണ്, സ്വപ്‌നങ്ങൾ ഇവിടെവച്ച് പോകുന്നു'- ഏവരേയും ഞെട്ടിച്ച് മണിക്കുട്ടൻ പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ ഈ എപ്പിസോഡില്‍ കാര്യമായി എന്തെങ്കിലും സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു. മണിക്കുട്ടന്‍ സ്വന്തം തീരുമാനപ്രകാരം ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകുന്നു എന്നതായിരുന്നു ആ സൂചന. അത് സത്യമായി തീർന്നു. ഇവിടെ നിൽക്കാൻ ഭയമാണെന്ന് പറഞ്ഞാണ് മണിക്കുട്ടൻ ബിഗ് ബോസിൽ നിന്ന് പുറത്ത് പോയത്.
എന്നാല്‍ അത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്തുകൊണ്ട് ഇനി ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ ആകില്ലെന്ന് മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമില്‍ വച്ച് വ്യക്തമാക്കി. ബിഗ് ബോസ് ആ ആവശ്യം ഒടുവില്‍ അംഗീകരിക്കുകയും ചെയ്തു.

കണ്‍ഫെഷന്‍ റൂമിലെത്താന്‍
രാവിലെ മുതല്‍ കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് സംസാരിക്കാനുള്ള ശ്രമത്തിലായിരുന്നു മണിക്കുട്ടന്‍. ഭക്ഷണം പോലും കഴിക്കാതെ, പലതവണ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇക്കാര്യം ആവശ്യപ്പെട്ടു. അതൊന്നും ബിഗ് ബോസ് കേട്ടില്ല. ഒടുക്കം ക്യാപ്റ്റന്‍ രമ്യയെക്കൊണ്ടും പറയിപ്പിച്ചു. അങ്ങനെ ബിഗ് ബോസ് ആ വിളി കേട്ടു.

ആലോചിച്ചെടുത്ത തീരുമാനം
താന്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമില്‍ സംസാരിച്ച് തുടങ്ങിയത്. തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ അക്കാര്യം ഉറപ്പിക്കുകയും ചെയ്തു.

സന്ധ്യ മനോജുമായുള്ള പ്രശ്‌നം
സന്ധ്യ മനോജുമായുണ്ടായ പ്രശ്‌നത്തെ കുറിച്ചാണ് മണിക്കുട്ടന്‍ പറഞ്ഞുതുടങ്ങിയത്. മീന്‍ വെട്ടുന്നതുമായി ബന്ധപ്പെട്ട് മണിക്കുട്ടന്‍ സന്ധ്യയെ കുറിച്ച് പറഞ്ഞ കാര്യം വലിയ വിഷയമായി മാറിയിരുന്നു. ഒരു കലാകാരിയാണോ എന്ന ചോദ്യമാണ് പ്രശ്‌നമായത്. ഇത് മോഹന്‍ലാലും ചര്‍ച്ചയാക്കിയിരുന്നു. താന്‍ ഉദ്ദേശിച്ചത് എന്താണെന്ന് കണ്‍ഫെഷന്‍ റൂമില്‍ മണിക്കുട്ടന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു.

ഇനി നില്‍ക്കാന്‍ ഭയം
ഇനി ഇവിടെ നില്‍ക്കാന്‍ തനിക്ക് ഭയമാണെന്നാണ് അടുത്തതായി മണിക്കുട്ടന്‍ പറഞ്ഞത്. ആ ഭയം, താന്‍ എടുത്ത നിലപാടുകളെ ചൊല്ലിയല്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇനി ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ ആവില്ലെന്ന് വീണ്ടും വ്യക്തമാക്കി.

സ്വപ്‌നങ്ങള്‍ ഇവിടെ വച്ച് പോകുന്നു
തന്റെ പതിനഞ്ച് വര്‍ഷത്തെ സ്വപ്‌നങ്ങള്‍, തന്റെ സിനിമാ ജീവിതം അതെല്ലാം ഇവിടെ വച്ച് പോകുന്നു എന്ന് വളരെ വൈകാരികമായി മണിക്കുട്ടന്‍ പറഞ്ഞു. തന്റെ വീട്, മാതാപിതാക്കള്‍, കൊവിഡ് കാലത്ത് തനിക്ക് നഷ്ടപ്പെട്ട കൂട്ടുകാര്‍, അവരുടെ മാതാപിതാക്കള്‍, അവര്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍... ഇങ്ങനെ പലതും എണ്ണിയെണ്ണി പറഞ്ഞു മണിക്കുട്ടന്‍.

ആളുകള്‍ മനസ്സിലാക്കും
താന്‍ എടുത്ത തീരുമാനം ശരിയാണെന്ന് തന്റെ ആരാധകരും തന്നെ ഇഷ്ടപ്പെടുന്നവരും എല്ലാം മനസ്സിലാക്കുമെന്ന ശുഭ പ്രതീക്ഷയും മണിക്കുട്ടന്‍ പങ്കുവച്ചു. താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ ചെയ്യുക തന്നെ ചെയ്യുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ബിഗ് ബോസിന്റെ ശ്രമം
മണിക്കുട്ടനെ പിടിച്ചുനിര്‍ത്താന്‍ ബിഗ് ബോസ് പല ശ്രമങ്ങളും നടത്തി നോക്കി. സ്വപ്‌നങ്ങളിലേക്കുള്ള വഴികളെ കുറിച്ചും മത്സരത്തെ കുറിച്ചും ഒക്കെ പറഞ്ഞു. പക്ഷേ, മണിക്കുട്ടന്‍ വഴങ്ങിയില്ല. ഒടുവില്‍ മണിക്കുട്ടന്റെ ആവശ്യം ബിഗ് ബോസ് അംഗീകരിച്ചു.

പുറത്തേക്കുള്ള വഴി
മണിക്കുട്ടനോട് ഇടത് വശത്തുള്ള വാതിലിലൂടെ പുറത്തേക്ക് പോകാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ എത്തി മണിക്കുട്ടന്റെ കണ്ണ് കെട്ടി പുറത്തേക്കുള്ള വഴിയിലൂടെ കൊണ്ടുപോയി.

ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്
മണിക്കുട്ടന്‍ പുറത്തേക്ക് പോയി അധികം കഴിയാതെ ബിഗ് ബോസ് ആ കാര്യം പ്രഖ്യാപിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടും ഞെട്ടിത്തരിച്ചും ആണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആ പ്രഖ്യാപനം കേട്ടത്. വിശ്വസിക്കാനാകാത്ത അവസ്ഥയില്‍ ആയിരുന്നു എല്ലാവരും. സൂര്യ പൊട്ടിക്കരഞ്ഞു. അതിലും വലിയ കരച്ചിലായിരുന്നു ഡിംപലിന്റേത്.

അവസാനമായി കാണാന്‍
മണിക്കുട്ടനെ ഒന്ന് കൂടി കാണാനുള്ള അവസരമുണ്ടാകുമോ എന്ന് മത്സരാര്‍ത്ഥികള്‍ എല്ലാവരും ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, അതിന് മണിക്കുട്ടന് താത്പര്യമില്ലെന്ന കാര്യം ബിഗ് ബോസ് അറിയിച്ചു. ഡിംപലിനേയും സൂര്യയേയും ആശ്വസിപ്പിക്കാനുള്ള ഓട്ടത്തിലായി പിന്നെ ബാക്കിയുള്ളവര്‍.


Click it and Unblock the Notifications
