അറിയാത്തവർക്ക് ജാഡയുണ്ടന്ന് തോന്നിപ്പിക്കും; അറിഞ്ഞവർക്ക് മായ്ക്കാനാകാത്ത മേഘരൂപൻ; നോബിയെ കുറിച്ച് ഫിറോസ്
ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. കഴിഞ്ഞ സീസണില്‍ വിജയിയായവുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഫൈനല്‍ ഫൈവില്‍ പോലും ഫിറോസിന് എത്താന്‍ സാധിച്ചില്ല. മത്സരം ആരംഭിച്ചത് മുതല്‍ മികച്ച പ്രകടനങ്ങളാണ് ഫിറോസ് കാഴ്ചവച്ചത്.
ഒട്ടേറെ ആരാധകരെ നേടിയെടുക്കാന്‍ ഫിറോസിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സനാഥാലയം എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഫിറോസ്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത് തന്നെ ഈ സ്വപ്‌നം സാധ്യമാക്കുന്നതിന് വേണ്ടിയാണെന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസില്‍ തന്റെ സഹമത്സരാര്‍ത്ഥിയും തന്റെ കളിക്കൂട്ടുകാരനുമായിരുന്ന നോബിയെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. എല്ലാവരോടും ,എല്ലാറ്റിനോടും ചിരിക്കുന്ന , എല്ലാവര്‍ക്കും നല്ലതുണ്ടാകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നോബിയെന്ന് കിടിലം ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫിറോസുമായി നോബി പങ്കുവച്ച സങ്കടങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. തനി തിരുവനന്തപുരം ഭാഷയിലാണ് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഒരു മഞ്ഞു മേഘമാണ് ഇവന്‍ . നിറയെ സ്‌നേഹം ഉറഞ്ഞു മൃദുവായ ,എല്ലാവരോടും ,എല്ലാറ്റിനോടും ചിരിക്കുന്ന , എല്ലാവര്‍ക്കും നല്ലതുണ്ടാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ! ഒരുമിച്ചു പഠിച്ചു ,കളിച്ചു ,മത്സരിച്ചു വളര്‍ന്ന ഒരേ നാട്ടുകാരായ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പിന്നെയും അതേ പിള്ളേരാകാറുണ്ട് കാണുമ്പോള്‍ എല്ലായ്പോഴും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഒരു വേദിയുടെ പിന്നാമ്പുറത്ത് ഒത്തുചേര്‍ന്ന സമയം (ഫോട്ടോ ആ പരിപാടിയുടേതല്ല ),

അവനോടൊപ്പം ഒരു സ്‌കിറ്റ് എനിക്കായി എഴുതിത്തയ്യാറാക്കി സെറ്റ് ആക്കി കാത്തു വച്ചിരുന്നു .നോബിയെന്ന കലാകാരന്‍ എന്താണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ,അവന്റെ ക്യാരക്ടര്‍ മേക്കോവറില്‍ വന്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള അനുജന്‍ രാഹുല്‍ എഴുതി അഭിലാഷ് സംവിധാനം ചെയ്യുന്ന ഞാന്‍ അഭിനയിക്കാനിരുന്ന സിനിമ ഇപ്പോളും പേപ്പര്‍ ഫയലില്‍ വിശ്രമം തുടരുകയും ചെയ്യുന്നു ! ആ തുടക്കം സംഭവിക്കാന്‍ വൈകുന്നതിന്റെ ആകണം ഒരു സങ്കടമുണ്ട് താനും .അന്ന് കണ്ടപ്പോ ഞാന്‍ ചോദിച്ചു ;

അളിയാ ,എല്ലാം ഓക്കേ ആണ് .ജീവിതം ഇതുവരെ ഹാപ്പിയുമാണ് .പക്ഷേ രക്ഷപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല !ഇങ്ങനൊക്കെ അങ്ങു പോകുന്നു . അതെന്താ അളിയാ ? നീയെന്തരളിയാ പറയണത് ? നെനക്ക് ജോലിയൊണ്ടാ ? ഉണ്ട്, കൂടെ നിന്ന് സ്‌നേഹിക്കാന്‍ നെനക്ക് മനസ്സറിയണ മനുഷ്യരൊണ്ട ? ഉണ്ട് , കുടുംബം ഒണ്ടാ ? ഉണ്ട്

അന്തസായി പിള്ളാരെ വളത്തുന്നില്ലേ ? ഉണ്ട് , സന്തോഷം ഒണ്ടെന്നു നീ തന്നല്ലേ പറഞ്ഞത് ?പിന്നെന്തരാണെടാ തൃശൂര്‍ ഫിറോസെ നിന്റെ 'രക്ഷപ്പെടല്‍ '?( ഞാന്‍ അച്ചടി ഭാഷ സംസാരിക്കുന്നതുകൊണ്ട് ലവന്‍ ഇടക്ക് വിളിക്കുന്ന പേരാണ് തൃശൂര്‍ !-വള്ളുവനാടന്‍ ഭാഷയാണ് അര്‍ത്ഥമാക്കുന്നത് ) അല്ല ,ഒപ്പമുണ്ടായിരുന്നവരൊക്കെ സ്വന്തം സിനിമകള്‍ ചെയ്തളിയാ .നമ്മളെഴുതിയ സ്‌ക്രിപ്‌റ്റൊക്കെ നമ്മളെ നോക്കി ചിരിച്ചു തുടങ്ങി . ഞാനൊരു കാര്യം ചോദിക്കട്ടാ ? ഡാ അളിയാ, നീയെന്തടെ ആ ഡയറക്ടര്‍ കഥപറയാന്‍ വിളിച്ചിട്ട് എടുക്കാത്തത് ?ഞാന്‍ കൂടെ ഇരുന്നപ്പഴാണ് അനൂപ് വിളിച്ചത് .രണ്ടു വട്ടം അവന്‍ വിളിച്ച് . തെരക്കായിപ്പോയി അളിയാ .

ഒന്നുകില്‍ സനാഥാലയം പെയിന്റിങ് ,അല്ലെങ്കില്‍ അവിടെത്തന്നെ ചാന്തു കുഴക്കല്‍ , ഏറെക്കുറെ . നിന്റടുത്ത് ഞാന്‍ എത്ര ലൊക്കേഷനില്‍ 'നീ ആ സ്‌ക്രിപ്‌റ്റൊക്കെ എടുത്തോണ്ട് വാ അളിയാ .രണ്ടു ദിവസം ഇവിടെ നിക്കാം .എന്റെ മുറിയൊണ്ടെന്ന് പറഞ്ഞ് വിളിച്ച്, നീ വന്നാ , നീ വിളിക്കുമ്പോ ഞാന്‍ ഇച്ചിരി .. ആ -തിരക്ക് .കല്ലുചുമക്കാന്‍ പോയിരുന്ന് .കമ്യുണിറ്റി കിച്ചണ്‍ കെട്ടാന്‍ ..എനിക്കു നല്ല ഓര്‍മയൊണ്ട് . എല്ലാം പോട്ട് .നിന്റെ കയ്യില് മമ്മുക്കക്ക് സെറ്റ് ആയി ഫുള്‍ തീര്‍ന്ന സ്‌ക്രിപ്റ്റ് കണ്ടിട്ട് നിനക്ക് പ്രൊഡ്യൂസര്‍ ബാദുഷ ഇക്കാടെ നമ്പറും തന്നിട്ട് നീ വിളിക്കുമെന്ന് അങ്ങേരോട് പറഞ്ഞു സെറ്റ് ആക്കിയിട്ട് നീ വിളിച്ചിട്ട് പോയാ ?

വിളിച്ചു അളിയാ .പോക്ക് നടന്നില്ല ബെസ്റ്റ് . എന്നിട്ട് കുണുകുണാ സങ്കടം പറയണ് -രച്ചപ്പെട്ടില്ലന്നു !( എന്നിട്ടവന്‍ തന്നെ ചിരിച്ചു ) ശരിയാ അളിയാ . ഞാന്‍ വേറെന്തൊക്കെയോ ചെയ്യുകയാണ് . (കുറച്ചു നേരം മൗനം ) അളിയാ ഫിറോസെ ,ഞാനൊരു കാര്യം പറയട്ടാ ? നീയാണ് സത്യത്തില്‍ രക്ഷപെട്ടത് അളിയാ . നീ ഈ ചെയ്യുന്നതിന്റെ പത്തിലൊന്നു പോലും ഒരുത്തനും കൊല്ലങ്ങള്‍ ശ്രമിച്ചാ നടക്കാത്ത കാര്യങ്ങളാണ് .നീയെന്റെ കൂട്ടുകാരനാണെന്ന് പറയുമ്പം എനിക്ക് സത്യമായും സന്തോഷമാണളിയാ . സനാഥാലയം ,നിന്റെ ചിറക് ,ബിഗ് ഫ്രണ്ട്‌സ് അവരെയൊക്ക കണ്ടപ്പഴും ആ 44 മക്കളുടെ പഠനം ഏറ്റെടുത്ത അക്ഷര നക്ഷത്രം പരിപാടി സമയത്ത് വിഒകെയുടെ പിള്ളേരെ കണ്ടപ്പഴും ,നിന്റെ വാപ്പാടെ മുഖത്ത് വന്ന അഭിമാനം ഉമ്മാടെ മുഖത്ത് കണ്ട ഈറന്‍ അതാണ് അളിയാ രക്ഷപെടല്‍

പറയണവന്മാര് പറയട്ട് . നീ ചെയ്തു കൊണ്ടെയിരി . ഈ ഡയലോഗ് ഇപ്പ എവിടുന്ന് വന്ന് ?വിമര്‍ശകരെ പറ്റി നമ്മളതിന് സംസാരിച്ചില്ലല്ലോ ? അളിയാ മണ്ടന്‍ ഫിറോസെ , നീ എന്നല്ല ആരു നല്ലത് ചെയ്താലും ചീത്ത പറയും ചീത്ത ചെയ്താലും ചീത്ത പറയും ഒന്നും ചെയ്തില്ലെങ്കിലും ചീത്ത പറയും ചിന്തിച്ചില്ലെങ്കില്‍ പോലും ചീത്ത പറയും . 18+ വാര്‍ണിങ് ഉള്ള ചുരുളി സിനിമ കയറിയിരുന്നു കണ്ടിട്ട് അതില്‍ തെറി വിളിക്കുന്നു എന്ന് 18 വയസാകാത്ത പിള്ളാരുള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയയില്‍ വന്ന് പബ്ലിക്കായി ചുരുളിയിലേക്കാള്‍ വലിയ തെറി വിളിക്കുന്ന ആള്‍ക്കാരുണ്ട് നാട്ടില്‍ !

ആ സിനിമ പറയാന്‍ ശ്രമിച്ചത് അത് കൂടി അല്ലേ ? നീ സമയം കൊടുക്ക് . നിന്നെ ആരൊക്കെയോ എവിടൊക്കെയോ നോട്ട് ചെയ്യുന്നുണ്ട് .വിളി വരും .അപ്പൊ എന്റെ പൊന്നളിയന്‍ തിരക്കിലാണ് എന്ന് പറയാതെ വണ്ടിയെടുത്തു ചെല്ലണം .നീ ലക്ഷ്യം വച്ചത് നേടി .സനാഥാലയം .അത് ഇനി ചിറകും ബിഗ് ഫ്രണ്ട്സ് ഉം ഒക്കെ ചേര്‍ന്ന് നല്ല അന്തസ്സായി നോക്കും . ഇനി അളിയന്റെ അടുത്ത ലക്ഷ്യം നടക്കണം . യാത്ര ചെയ്യണം . ഇങ്ങോട്ട് വരാന്‍ കാക്കാതെ അങ്ങോട്ട് പോണം . അടുത്ത ആഴ്ച ഞാന്‍ ജോയ്ന്‍ ചെയ്യുന്ന പടത്തിന്റെ ലൊക്കേഷനില്‍ നീ ഒന്ന് ബാ .രണ്ടു ദിവസം അവിടെ കൂടാം .

അളിയാ ,അടുത്തയാഴ്ചയില്‍ ......ഓഓഓഓഓ ...നമ്മളില്ലേ. പോടാ @&$@'##** അവനൊരു വല്ലാത്ത ഇന്‍സ്പിരേഷനാണ് . അറിയാത്തവര്‍ക്ക് ജാഡ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന അറിഞ്ഞവര്‍ക്ക് ഒരിക്കലും മനസ്സില്‍ നിന്ന് മായ്ക്കാനാകാത്ത ഒരു മേഘരൂപന്‍ . അവനെന്തു ചെയ്താലും അത് നല്ലതായിരിക്കും . അവനോട് നിങ്ങളെന്ത് മോശം ചെയ്താലും അവന്‍ അത് നല്ലതായേ എടുക്കുകയുമുള്ളൂ ! ഒരു നല്ലമ്മയുടെ നല്‍പുത്രന്‍ . നീ മുത്താണെടാ സുധാകരാ . യാത്രകള്‍ ആരംഭിക്കുന്നതായിരിക്കും


Click it and Unblock the Notifications
