ഇത് തള്ളല്ല, ബിഗ് ബോസിന് ശേഷം നടന്ന കാര്യം പറഞ്ഞ് രമ്യ: സീസണ്‍ ഫോറിലുള്ളവർ ഭാഗ്യവാന്മാർ
അഭിനയ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് എത്തിയ താരമായിരുന്നു രമ്യ പണിക്കർ. ഷോയില്‍ മികച്ച രീതിയില്‍ മത്സരിച്ച താരത്തിന് നിരവധി ആരാധകരേയും നേടാന്‍ സാധിച്ചു. 2017ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലെ ജോളി മിസ് എന്ന കഥാപാത്രത്തിലൂടെയാണ് രമ്യ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
കടുവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഫില്‍മി ബീറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് ലോക്ക് ഡൌണ്‍ സമയത്താണ്. അതുകൊണ്ട് തന്നെ ആരേയും പരസ്പരം കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എവിടുന്നൊക്കെയോ നമ്പർ സംഘടിപ്പിച്ചുകൊണ്ട് നിരവധി ആളുകള്‍ എന്നെ വിളിക്കുമായിരുന്നു. അതില്‍ അധികവും അമ്മമാരായിരുന്നു. ഇപ്പോഴും ആളുകള്‍ എന്നെ കാണുമ്പോള്‍ ഇങ്ങനെ പറയുന്നുണ്ട്. ഒരിടത്ത് നിന്നും നെഗറ്റീവ് ആയിട്ടുള്ള കാര്യം കേട്ടിട്ടില്ല. ഇത് വെറുതെ തള്ളുന്ന കാര്യമല്ലെന്നും രമ്യ പണിക്കർ പറയുന്നു.

രമ്യയെ വലിയ ഇഷ്ടമായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. രമ്യ ആദ്യം എവിക്ടഡ് ആയപ്പോള്‍ നമുക്ക് വലിയ വിഷമം ആയി. എന്നാല്‍ വീണ്ടും വന്നതോടെ വലിയ സന്തോഷമായെന്നും ഒരുപാടുപേർ വ്യക്തമാക്കി. ബിഗ് ബോസ് കണ്ടിട്ടുള്ള പ്രേക്ഷകർക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബിഗ് ബോസിലെ എന്നെ കണ്ടിട്ടാണ് ഒന്ന് രണ്ട് സിനിമകള്‍ ലഭിച്ചത്.

നമുക്ക് ലഭിക്കുന്ന മൈലേജ് എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ ഇരിക്കും കാര്യങ്ങള്‍. മലയാളത്തില്‍ ബിഗ് ബോസ് ചെയ്ത് കഴിഞ്ഞാല്‍ കരിയറില്‍ മറ്റൊന്നും കിട്ടില്ല എന്നുള്ളത് തെറ്റായ കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും ആക്ടിവായി നില്‍ക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മള്‍ എങ്ങനെ കാര്യങ്ങള്‍ നീക്കുന്നു, പ്രേക്ഷകരെ ഒപ്പം നിർത്തുന്നു എന്നുള്ളതാണ് പ്രധാനം.

ബിഗ് ബോസില്‍ ഉണ്ടായിരുന്നു എന്ന് കരുതി സിനിമയിലൊന്നും വിളിക്കാതിരിക്കില്ല. ബിഗ് ബോസ് കണ്ടതിന് ശേഷം കുറേ ആളുകള്‍ക്ക് ഒഫറുകള്‍ ലഭിക്കുന്നുണ്ട്. നമ്മുടെ പലതരത്തിലുള്ള ക്യാരക്ടറുകള്‍ ബിഗ് ബോസില്‍ വരുന്നുണ്ട്. ഇതെല്ലാം കണ്ടിട്ട് എനിക്ക് കൂടുതല്‍ അവസരം ലഭിക്കുകയാണ് ചെയ്തത്. നമ്മള്‍ നമ്മളെ മാർക്കറ്റ് ചെയ്യുക എന്നുള്ളതാണ് പ്രധാനം.

സീസണ്‍ നാലില്‍ നിന്നും ഇറങ്ങിയവർ നടത്തുന്നത് പോലെ ആ ഫെയിം വലിയ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സീസണ്‍ 3 യില്‍ ഉണ്ടായിരുന്നവർക്ക് സാധിച്ചിട്ടില്ല. കാരണം, ഞങ്ങള്‍ പുറത്ത് ഇറങ്ങുമ്പോള്‍ ലോക്ക് ഡൌണ്‍ ആയിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റില്ല. ആകെ ചെയ്യാന്‍ കഴിയുന്നത് വല്ലപ്പോഴും ലൈവ് ചെയ്യാമെന്നാണ്. കുറേ ഉദ്ഘാടനത്തിന്റേയും ഷോയുടേയുമൊക്കെ ക്ഷണം എനിക്കും വന്നിരുന്നു. എന്നാല്‍ പെർമിഷന്‍ കിട്ടാത്തതുകൊണ്ട് അതെല്ലാം ഒഴിവായി പോകുമായിരുന്നു.

ലോക്ക് ഡൌണ്‍ കഴിഞ്ഞതോടെ ആ ഒരു സമയം കഴിഞ്ഞു. എങ്കിലും നമ്മളെ ആവശ്യമുള്ളവർ നമ്മളെ വിളിക്കുമായിരുന്നു. ലോക്ക് ഡൌണ്‍ അല്ല എന്നുള്ളതാണ് ഇപ്പോള്‍ ഉള്ളവരുടെ ഭാഗ്യം. ഞങ്ങള്‍ക്കൊക്കെ ശരിക്കും വിഷമം ആയിപ്പോയി. സുഹൃത്തുക്കള്‍ക്കൊക്കെ എയർപോർട്ടില്‍ വരാനോ, നേരിട്ട് വന്ന് വിശേഷം പറയാനോയൊന്നും സാധിച്ചു. അച്ഛനും അമ്മയുമൊക്കെ കാണുന്നുണ്ട്, അതിന് അപ്പുറത്ത് ആരുമായും ഇടപെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉള്ളവരുടെ കാര്യം അങ്ങനെയല്ല.

സ്വന്തം മാർക്കറ്റ് ചെയ്യുക എന്ന് വെച്ചാലും അതിനൊക്കെ ഒരു പരിധിയും ഉണ്ട്. അന്നൊക്കെ ആരുടെ അടുത്ത് പോയി ആരും അഭിമുഖമൊന്നും എടുത്തിരുന്നില്ല. എന്നാല്‍ ഇപ്രാവശ്യത്തെ സീസണില്‍ എല്ലാവരുടേയും അഭിമുഖം എടുക്കാന്‍ സാധിച്ചു. അപ്പോള്‍ അതിന്റെയെല്ലാം റീച്ച് അവർക്ക് ലഭിച്ചു. നമുക്ക് അതൊന്നും ലഭിച്ചില്ല. എങ്കിലും നമുക്കൊക്കെ അവസരങ്ങള്‍ ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications