തീവ്രമായ ഈ ആഗ്രഹത്തിനും കാരണം ലാലേട്ടൻ, മോഹൻലാലിനെ കുറിച്ച് ബിഗ് ബോസ് താരം സായ് വിഷ്ണു
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ കിരീടം കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് സായ് വിഷ്ണുവിന് നഷ്ടപ്പെട്ടത്. ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നടന്‍ മണിക്കുട്ടന്‍ കൊണ്ട് പോയപ്പോള്‍ സായ് വിഷ്ണു തൊട്ട് പിറകില്‍ രണ്ടാം സ്ഥാനത്ത് ആയി.
ബിഗ് ബോസ് ഷോ തുടങ്ങുമ്പോള്‍ പ്രേക്ഷകരില്‍ പലര്‍ക്കും അത്ര പരിചിതന്‍ പോലും അല്ലായിരുന്നു സായ് വിഷ്ണു. വേഗത്തില്‍ ഷോയില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടും എന്ന് കരുതപ്പെട്ട സായി അടി വെച്ച് അടി വെച്ച് കയറി രണ്ടാം സ്ഥാനം വരെ എത്തി. 60, 104, 926 വോട്ടുകള്‍ ആണ് സായ് വിഷ്ണു സ്വന്തമാക്കിയത്. ബിഗ് ബോസ് അവസാനിച്ചെങ്കിലും മത്സരാര്‍ത്ഥികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ തന്നെയാണ്. അതിനിടെ സായ് വിഷ്ണു മോഹന്‍ലാലിനെ കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

വളരെ സാധാരണമായ ഒരു കുടുംബത്തിൽ നിന്നെത്തി, ആർക്കും പരിചിതൻ അല്ലാത്ത പരിവേഷത്തിൽ നിന്ന് ജനപ്രിയനായി മാറിയാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ നിന്നുളള സായ് വിഷ്ണുവിന്റെ മടക്കം. സിനിമയാണ് സായ് വിഷ്ണുവിന്റെ സ്വപ്നം. ഓസ്കാർ നേടണം എന്നും കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കണം എന്നുമുളള തന്റെ സ്വപ്നങ്ങൾ ബിഗ് ബോസിൽ സായ് വിഷ്ണു പങ്കുവെച്ചിരുന്നു. പരിപാടിയുടെ അവതാരകൻ കൂടിയായ മോഹൻലാലിന്റെ കടുത്ത ആരാധകനുമാണ് സായ് വിഷ്ണു.

സായ് വിഷ്ണുവിന്റെ കുറിപ്പ്: '' എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ്റെ സിനിമയും, ഞാനും ഒരേ വർഷമാണ് പിറന്നത്. സദയം. എൻ്റെ ഏറ്റവും പുറകിലെ ഓർമകളിൽ പോലും സിനിമയും, സിനിമാ നടൻ ആവണം എന്നുള്ള സ്വപ്നവും ഉണ്ട്. കണ്ടതിൽ ഏറ്റവും കൂടുതൽ ലാലേട്ടന്റെ സിനിമകളാണുള്ളത്. ലാലേട്ടനോടൊപ്പം ചിരിച്ചു, കരഞ്ഞു, കയ്യടിച്ചു, ആർപ്പുവിളിച്ചു. അത് കൊണ്ട് തന്നെ, സിനിമയെ ഇത്രയും സ്നേഹിക്കാനും, സിനിമാ നടൻ ആവാനുള്ള തീവ്രമായ ഈ ആഗ്രഹത്തിനും ലാലേട്ടൻ ഏറ്റവും മനോഹരമായ കാരണം തന്നെയാണ്.

അഭിനയ വിദ്യാർത്ഥി എന്ന നിലയിൽ മനസു കൊണ്ട് ഗുരു സ്ഥാനത്ത് കാണുന്ന മനുഷ്യൻ ആണ് ലാലേട്ടൻ. ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും അദ്ദേഹം എന്ന അഭിനേതാവിനും അപ്പുറം, അദ്ദേഹത്തിൻ്റെ ചിന്തകളോട്, അറിവിനോട്, എഴുത്തിനോട്, വായനയോട്, യാത്രകളോടും ഒക്കെയായി പടർന്നു പന്തലിച്ചു കിടക്കുന്നു. സിനിമാ നടനാവാൻ സ്വപ്നം കണ്ടും, അതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ചും, ഓരോ നിമിഷവും അതിനുവേണ്ടി എന്നെ എന്റെ ഏറ്റവും മികച്ചതാക്കി ഒരുക്കിയും ഈ യാത്ര മുൻപോട്ട് പോകവെ ആണ്, ഒരു ദിവസം , എനിക്ക് ഒരു റോസാപ്പൂവും തന്ന് ലാലേട്ടൻ ലോകത്തിന് എന്നെ പരിചയപ്പെടുത്തുന്നത്.

കാലം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്. പിന്നീടു ഓരോ തവണ ലാലേട്ടൻ സായി എന്ന് വിളിക്കുമ്പോഴും ഉള്ളം നിറഞ്ഞാണ് സംസാരിച്ചു കൊണ്ടിരുന്നത്. ലാലേട്ടൻ്റെ കൈ പിടിച്ച് ഫിനാലെ വേദിയിൽ നിന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. എൻ്റെ ഉള്ളിൽ ഞാൻ ആ കൈ ഇപ്പോഴും എൻ്റെ കയ്യോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. ലാലേട്ടനോടൊപ്പം..''

ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ തനിക്ക് വോട്ട് ചെയ്തതവർക്കും തന്നെ പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് സായ് വിഷ്ണു രംഗത്ത് വന്നിരുന്നു. സായ് വിഷ്ണുവിന്റെ വാക്കുകൾ: '' എനിക്ക് വേണ്ടി ചെയ്ത ഓരോ വോട്ടിനും നന്ദി.. എന്നിലേക്ക് ഇപ്പോളും നിർത്താതെ വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓരോ നല്ല വാക്കുകൾക്കും നന്ദി.. എനിക്ക് വേണ്ടി മാറ്റി വെച്ച നിങ്ങളുടെ സമയത്തിന് നന്ദി.. നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഓർക്കാൻ പറ്റാത്ത നിങ്ങളുടെ സ്നേഹത്തിന് നന്ദി..

ഒറ്റയ്ക്ക് പൊരുതിയ ഒരുവന്റെ ജീവിതത്തിൽ ഒറ്റക്കെട്ടായി കൂടെ വന്നു നിന്നതിന് നന്ദി.. എന്നിൽ നിങ്ങളെ കണ്ടു എന്ന് പറഞ്ഞതിന് നന്ദി.. നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തുന്നതിനു നന്ദി.. എല്ലാത്തിലുമുപരി നിങ്ങളുടെ സ്വപ്നങ്ങളെ പറ്റി എന്നോട് അഭിമാനത്തോടെ വന്നു പറയുന്നതിനും, ആ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വസിക്കാൻ ഞാൻ ഒരു കാരണമാകുന്നു എന്ന് അറിയുന്നതിനും നന്ദി..''

ബിഗ് ബോസില്‍ തുടക്കത്തില്‍ ആരാധകരൊന്നും ഇല്ലാതിരുന്ന സായ് വിഷ്ണു ഷോ മുന്നോട്ട് പോകവേ ശക്തനായ മത്സരാര്‍ത്ഥി ആയി മാറുകയും ജനപ്രീതി പിടിച്ച് പറ്റുകയുമായിരുന്നു. ഷോയില്‍ എപ്പോഴും സിനിമ എന്നുളള തന്റെ സ്വപ്നത്തെ കുറിച്ച് ആവര്‍ത്തിച്ച് സംസാരിക്കുമായിരുന്നു സായ് വിഷ്ണു. ഓര്‍മ്മ വെച്ച കാലം മുതല്‍ തന്റെ മനസ്സില്‍ സിനിമ ഉണ്ടെന്ന് സായ് വിഷ്ണു പറയുന്നു. അതിനായി താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുമുണ്ട്.

താന്‍ ബിഗ് ബോസില്‍ സ്വപ്‌നങ്ങളുമായാണ് എത്തിയതെന്ന് സായ് വിഷ്ണു പറയുന്നു. താന്‍ തന്നെ സത്യസന്ധമായിട്ടാണ് ബിഗ് ബോസില്‍ അവതരിപ്പിച്ചത് എന്ന് സായ് പറയുന്നു. തന്റെ സ്വപ്‌നവും ജീവിതവും ചിലര്‍ക്കെങ്കിലും പ്രചോദനം ആയി എന്ന് അറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. തന്റെ ക്യാരക്ടര്‍ അടക്കമുളള പല കാര്യങ്ങളും ബിഗ് ബോസില്‍ അനുകൂല ഘടകമായി മാറിയിട്ടുണ്ട്. എന്നെ ഞാനാക്കി മാറ്റിയത് ഇതുവരെ ഉളള അനുഭവങ്ങള്‍ ആണെന്നും സായ് വിഷ്ണു പറയുന്നു.


Click it and Unblock the Notifications
