ബിഗ് ബോസ് ഹൗസിലെ 'രഹസ്യങ്ങള്‍ വെളിപ്പെടുത്തി' സൂര്യ; ആദ്യ പ്രതികരണം... എന്തിന് തര്‍ക്കിക്കണം
കൊച്ചി: സംഭവ ബഹുലമായ എപ്പിസോഡുകള്‍ക്ക് ശേഷം പൂര്‍ണമായി അവസാനിക്കും മുമ്പ് ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തേണ്ടി വന്നു. വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ഏറ്റവും ഒടുവില്‍ ഹൗസിലുണ്ടായിരുന്ന എട്ട് മല്‍സരാര്‍ഥികളില്‍ ആര്‍ക്കും നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. 29ന് രാത്രി വരെയാണ് വോട്ടിങ്. ഫാന്‍സുകാര്‍ വോട്ട് കൂടുതല്‍ കിട്ടാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ട്.
ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായ മല്‍സരാര്‍ഥിയാണ് സൂര്യ മേനോന്‍. പ്രേക്ഷകര്‍ കണ്ടത് മാത്രമല്ല, അതിനപ്പുറമാണ് ഹൗസിലെ കഥകള്‍ എന്ന് സൂര്യ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അവരുടെ ആദ്യ പ്രതികരണം ഇങ്ങനെ...

പുറത്തായെങ്കിലും...
കൊറോണ ലോക്ക്ഡൗണ്‍ കാരണം തമിഴ്‌നാട്ടില്‍ ബിഗ്‌ബോസ് നടത്താന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ചിത്രീകരണം നിര്‍ത്തിയതും മല്‍സരാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചതും. ബിഗ് ബോസില്‍ നിന്ന് പുറത്തായിരുന്നെങ്കിലും സൂര്യ അവിടെ തുടര്‍ന്നിരുന്നു. അവസാന സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു.

പ്രേക്ഷകരുടെ വോട്ട്
ഏറ്റവും ഒടുവില്‍ എട്ട് മല്‍സരാര്‍ഥികളാണ് ബിഗ് ബോസിലുണ്ടായിരുന്നത്. ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്‍, മണിക്കുട്ടന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ്, റംസാന്‍, സായി വിഷ്ണു എന്നിവരാണ് ഫൈനലില്‍ എത്തിയിട്ടുള്ളത്. ഇവരാണ് പ്രേക്ഷകരുടെ വോട്ട് പ്രതീക്ഷിച്ചിരിക്കുന്നത്.
Also Read: പിപിഎഫ് സ്‌കീം; മാസം 1000 രൂപ വീതം നിക്ഷേപിക്കൂ, നേടാം 26 ലക്ഷം

ഒന്നും വ്യാജമല്ല
ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ പരിഹാസവും വിമര്‍ശനവും നേരിട്ട മല്‍സരാര്‍ഥിയായിരുന്നു സൂര്യ. ചിലര്‍ തന്നെ വിമര്‍ശിച്ചു, എന്നാല്‍ തന്റെ ഫീലിങ്‌സ് കെട്ടിച്ചമക്കുന്നതല്ല എന്ന് ബോധ്യമുള്ളവര്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്ന് സൂര്യ പറയുന്നു. താന്‍ ഒന്നും വ്യാജമായി ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഏറിയാല്‍ ഒരാഴ്ച
വളരെ സങ്കടം വരുമ്പോഴാണ് ഒരാള്‍ കരയുന്നത്. ഒന്നും നേരത്തെ പദ്ധതിയിട്ട് വന്ന് അവതരിപ്പിച്ചതല്ല. ചെറിയ കാര്യങ്ങള്‍ പോലും തനിക്ക് ഫീല്‍ ചെയ്യും. കിടപ്പറയില്‍ കണ്ണാടിക്ക് മുമ്പില്‍ സംസാരിക്കുക എന്നതാണ് തന്റെ വലിയ ഹോബി. എത്രകാലം ഒരാള്‍ക്ക് ക്യാമറയ്ക്ക് മുമ്പില്‍ വ്യാജമായി നില്‍ക്കാന്‍ പറ്റും. ഏറിയാല്‍ ഒരാഴ്ച. അതിനേക്കാള്‍ കൂടുതല്‍ സാധിക്കില്ലെന്നും സൂര്യ പറയുന്നു.

ബിഗ് ബോസ് ഹൗസില്‍ നടന്നത്
ബിഗ് ബോസ് ഹൗസില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു മീറ്റിങില്‍ മണിക്കൂര്‍ നീണ്ട വിമര്‍ശനം നേരിട്ടു. ഇതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകൂ എന്നും സൂര്യ വെളിപ്പെടുത്തി. തന്റെ പ്രവര്‍ത്തനങ്ങളും ഫീലിങ്‌സുമെല്ലാം വ്യാജമാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സൂര്യ നല്‍കിയത്.

നൃത്ത പരിപാടി
ഷോ നേരത്തെ അവസാനിക്കാന്‍ കാരണം ഞാന്‍ ആണ് എന്ന ട്രോളുകള്‍ കണ്ടു. പ്രപഞ്ച ശക്തി, ഒടിയന്‍ എന്ന വിളികളും കേട്ടു. ഇതെല്ലാം ഏറെ വേദനിപ്പിക്കുന്നതാണ്. ഷോ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ പുറത്തായ ഉടനെ ചെന്നൈ വിടേണ്ടതായിരുന്നില്ലേ. ഫിനാലേക്ക് കാത്തിരിക്കുകയായിരുന്നു ഞാന്‍. സ്റ്റേജില്‍ നൃത്ത പരിപാടിക്ക് ഒരുങ്ങുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു.

മണിക്കുട്ടനോട് മാപ്പ് ചോദിക്കുന്നു
മണിക്കുട്ടനോടുള്ള ഇഷ്ടം യാഥാര്‍ഥ്യമായിരുന്നു. പ്രണയം രണ്ടുപേര്‍ക്കും തോന്നേണ്ടതാണ്. എന്റെ പ്രണയം മണിക്കുട്ടനെ ഷോയില്‍ തളര്‍ത്തിയിട്ടില്ല. എന്റെ പ്രണയം കാരണം എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിലും മണിക്കുട്ടനോട് മാപ്പ് ചോദിക്കുന്നു. പ്രണയിക്കുന്ന വ്യക്തി സന്തോഷമായിരിക്കാനല്ലേ എല്ലാവരും ആഗ്രഹിക്കൂ എന്നും സൂര്യ പറഞ്ഞു.

എന്തിന് നിങ്ങള്‍ തര്‍ക്കിക്കുന്നു
മോഹന്‍ലാലുമായി സംസാരിക്കാന്‍ സാധിച്ചത് ബിഗ് ബോസിലൂടെ ലഭിച്ച വലിയ അവസരമാണ്. ബിഗ് ബോസിലെ മല്‍സരം അവിടെ തീര്‍ന്നു. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ പിന്തുണയ്ക്കണം. എന്നുവച്ച് മറ്റുള്ളവരെ ഇകഴ്ത്തരുത്. മല്‍സാര്‍ഥികള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. പിന്നെ എന്തിനാണ് ആരാധകര്‍ തമ്മില്‍ തര്‍ക്കം എന്നും സൂര്യ ചോദിക്കുന്നു.












Click it and Unblock the Notifications