'ബിഗ് ബോസ് ഹീറോ ഒരിക്കലും നല്ല മനുഷ്യനാകണമെന്നില്ല'; റോബിനെതിരെ ബ്ലസ്ലിയുടെ ഒളിയമ്പ്? ഉപദേശവും
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് തുടക്കമായിരിക്കുകയാണ്. 18 ഓളം മത്സരാർത്ഥികളാണ് പുതിയൊരു പോരിന് തയ്യാറെടുത്ത് ഇറങ്ങിയിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തന്നെ ആവേശകരമായ പോരിനാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ കൊമ്പ് കോർക്കുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായി. ഇതോടെ വരും ദിവസങ്ങളിൽ മത്സരം തീ പാറുന്ന പോരട്ടത്തിലേക്ക് കടക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
അതേസമയം ബിഗ് ബോസ് സീസൺ 5 ൽ മത്സരം കടുക്കുമെന്നും വീറും വാശിയും നിറഞ്ഞ പോരാട്ടം തന്നെയാകും നടക്കുകയെന്നു പറയുകയാണ് ബിഗ് ബോസ് സീസൺ 4 താരവും ഫസ്റ്റ് റണ്ണറപ്പുമായ ബ്ലസ്ലി. അതിനുള്ള കാരണവും ബ്ലസ്ലി വിശദീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബ്ലസ്ലിയുടെ പ്രതികരണം. വായിക്കാം

' കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരം കൂടുതൽ രസകരമായത് റിയാസ് സലീമിന്റെ വരവോട് കൂടിയായിരുന്നു. ബിഗ് ബോസ് ഷോയെ കുറിച്ച് വളരെ നന്നായി പഠിച്ച, എല്ലാ കാര്യങ്ങളും അറിയുന്ന, വ്യക്തമായ ധാരണയുള്ള ഒരാളായിരുന്നു റിയാസ്. എന്നാൽ ഈ സീസണിൽ എല്ലാ മത്സരാർത്ഥികൾക്കും മത്സരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്. എല്ലാവർക്കും സ്വന്തമായൊരു ഗെയിം പ്ലാനും സ്ട്രാറ്റജിയും ഉണ്ടാകും.
തന്ത്രങ്ങൾ തമ്മിലുള്ള ഒരു യുദ്ധം തന്നെയായിരിക്കും നടക്കാനിരിക്കുന്നത്, മത്സരം കടുക്കാൻ തന്നെയാണ് സാധ്യത', ബ്ലസ്ലി പറഞ്ഞു. വീടിനുള്ളിലെ മത്സരാർത്ഥികൾക്ക് കൊടുക്കാനുള്ള ഒരു നിർദ്ദേശം എന്താണെന്ന് ചോദിച്ചപ്പോൾ ബ്ലസ്ലിയുടെ മറുപടി ഇങ്ങനെ-മത്സരാർത്ഥികളുടെ യഥാർത്ഥ എതിരാളി ഒരിക്കലും സഹതടവുകാരല്ല, മറിച്ച് ബിഗ് ബോസ് തന്നെയാണ്', ബ്ലസ്ലി പറഞ്ഞു.

വീടിനുള്ളിലെ ഏറ്റവും വലിയ മാനിപ്പുലേറ്റർ ബിഗ് ബോസ് ആണ്. അവിടെ മത്സരാർത്ഥികളെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത് ബിഗ് ബോസാണ്. സഹമത്സരാർത്ഥികളെ നേരിടാനുള്ള വഴുകൾ നിങ്ങൾ വഴിയേ കണ്ടെത്തിക്കോളും, പക്ഷേ ബിഗ് ബോസിന്റെ പദ്ധതികൾ പൊളിച്ച് ശക്തമായി തുടരുകയെന്നതാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ യഥാർത്ഥ വെല്ലുവിളി'
മാത്രമല്ല മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും ഗ്രൂപ്പായി നിന്ന് ബിഗ് ബോസ് കളിക്കരുത്. എപ്പോഴും നിങ്ങളുടെ വ്യക്തിത്വം നിലനിർത്തേണ്ടതുണ്ട്. അവിടെ നടക്കുന്നത് ഗ്രൂപ്പ് ഗെയിമല്ല, വ്യക്തിഗത ഗെയിമാണ്' , ബ്ലസ്ലി പറഞ്ഞു.

ബിഗ് ബോസ് ഷോ തീർച്ചയായും ഒരാളെ ഹീറോ ആയും വില്ലനായും കോമഡീയനുമൊക്കെ ആക്കിയേക്കും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അവർ അങ്ങനെ ആകണമെന്നില്ല. ഒരു പക്ഷേ ഹീറോ ആയി ഷോ ഉയർത്തിക്കാട്ടുന്ന വ്യക്തി വളരെ മോശപ്പെട്ടൊരാളായിരിക്കും. അതേസമയം വില്ലനായി അവതരിപ്പിക്കുന്നയാൾ ജെന്റിൽമാനും ആയേക്കാം.
അതുകൊണ്ട് തന്നെ ഒരു വ്യക്തി ബിഗ് ബോസ് കളിക്കുന്ന രീതി വെച്ച് ഒരിക്കലും പ്രേക്ഷകർ അവരെ അളക്കരുത്. അതുമാത്രമല്ല ബിഗ് ബോസ് മത്സരാർത്ഥികളെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും എടുക്കുകയും ചെയ്യരുത്. കാരണം അവർ മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്.ഒരിക്കലും ബിഗ് ബോസ് മത്സരവും ആരാധനയും നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ അനുവദിക്കരുത്', ബ്ലസ്ലി പറഞ്ഞു.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരനായ ബ്ലസ്ലി. തുടക്കത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും വളരെ പെട്ടെന്ന് തന്നെ ഷോയിലെ ശക്തനായ മത്സരാർത്ഥിയായി ഉയരാൻ ബെസ്ലിക്ക് സാധിച്ചിരുന്നു. റോബിന്റെ പുറത്താകലും റിയാസ് സലീം എന്ന മത്സരാർത്ഥിയുടെ വരവും ബ്ലസ്ലിയുടെ ഗെയിം മാറ്റുന്നതിൽ നിർണായകമായിരുന്നു.












Click it and Unblock the Notifications