ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'
കൊച്ചി: പ്രതിസന്ധികളോട് പടവെട്ടി ജീവിത്തതിൽ മുന്നേറിയ വ്യക്തിയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ ജാസ്മിൻ മൂസ. യാതനകൾ നിറഞ്ഞ ഭൂതകാല അനുഭവങ്ങളുടെ കരുത്തിൽ മനോധൈര്യം കൊണ്ടാണ് ജോലിയിലും ജീവിതത്തിലും ജാസ്മിൻ വിജയങ്ങൾ കീഴടക്കിയത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ ജാസ്മിൻ കടുത്ത ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. വീട്ടുകാർ നിർബന്ധിച്ച് കഴിപ്പിച്ച രണ്ടാം വിവാഹവും കൊടിയ ദുരിതം തീർത്തതോടെ നിയമപരമായി വിവാഹ മോചനം നേടിയ ജാസ്മിൻ വീട് വിട്ട് ഇറങ്ങി സ്വന്തം കാലിൽ നിന്ന് നഷ്ട്ടപ്പെട്ട ജീവിതം തിരികെ പിടിക്കുകയായിരുന്നു. പിന്നീട് കുടുംബത്തിലേക്ക് അവർ മടങ്ങി പോയിട്ടില്ല.തന്നെ പിന്തുണയ്ക്കാത്ത കുടുംബത്തിലേക്ക് ഇല്ലെന്നതായിരുന്നു ജാസ്മിന്റെ നിലപാട്.

ബിഗ് ബോസ് സീസൺ മത്സരിക്കാൻ എത്തിയപ്പോൾ ജാസ്മിനോട് മത്സരാർത്ഥികളിൽ പലരും വീട്ടിലേക്കുള്ള മടക്കത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്.ബിഗ് ബോസ് പോലൊരു ഷോയിൽ അവസരം ലഭിച്ചു, അംഗീകാരം ലഭിച്ചു ഇനി വീട്ടിലേക്ക് മടങ്ങുമോയെന്നായിരുന്നു ഒരിക്കൽ സഹമത്സരാർത്ഥിയായ അപർണ മൾബറി ജാസ്മിനോട് ചോദിച്ചത്. ഇതിന് ഒരിക്കലുമില്ലെന്ന മറുപടിയായിരുന്നു ജാസ്മിൻ നൽകിയത്.

പലപ്പോഴും ആരാധകരും ഇക്കാര്യം ജാസ്മിനോട് തിരക്കാറുണ്ടായിരുന്നുവെങ്കിലും ജാസ്മിൻ മറുപടി നൽകിയിരുന്നില്ല. അടുത്തിടെ വർഷങ്ങൾക്ക് ശേഷം സ്വദേശമായ മുക്കത്തേക്ക് പോകുകയാണെന്ന് ജാസ്മിൻ ആരാധകരെ അറിയിച്ചിരുന്നു. ഒരു ജിം സെന്ററിന്റെ ഉദ്ഘാടനത്തിനാണ് പോകുന്നതെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. ഇതോടെ നാട്ടിലേക്ക് പോകുമ്പോൾ ഉമ്മയേയും കുടുംബത്തേയും കാണുമോയെന്നായിരുന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.

എന്നാൽ താൻ അതിനെ കുറിച്ച് യാതൊരു പ്ലാനും ചെയ്തിട്ടില്ലെന്നും നടന്നാൽ നടക്കട്ടെ എന്നുമായിരുന്നു ജാസ്മിൻ നൽകിയ മറുപടി. കഴിഞ്ഞ ദിവസം താൻ മുക്കത്ത് എത്തിയെന്ന് പറഞ്ഞ് മറ്റൊരു വീഡിയോ ജാസ്മിൻ പങ്കിട്ടിരുന്നു. ഏതൊക്കെ വികാരങ്ങളാണ് മനസിലൂടെ കടന്ന് പോകുന്നതെന്ന് പറയാൻ സാധിക്കുന്നില്ലെന്നായിരുന്നു വീഡിയോയിൽ ജാസ്മിൻ പറഞ്ഞത്. തുടർന്ന് ജിമ്മിന്റെ ഉദ്ഘാടന ചിത്രങ്ങളെല്ലാം ജാസ്മിൻ പങ്കിട്ടിരുന്നു.

ഒടുവിൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ചിത്രവും ഇൻസ്റ്റഗ്രാമിൽ ജാസ്മിൻ പങ്കിട്ടു. തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്നതാണ് ഫോട്ടോ. 'അവസാനം കുടുംബത്തിനൊപ്പം', എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ വൈറലായത്. ഒടുക്കം കാത്തിരുന്ന ആ ചിത്രം എന്നാണ് ആരാധകരിൽ പലരും കുറിച്ചത്.

ബിഗ് ബോസ് താരങ്ങളായ റിയാസ് സലീം, അലസാൻഡ്ര, ഡെയ്സി , ആര്യ ബഡായ് തുടങ്ങിയവരെല്ലാം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.ചിത്രങ്ങൾ പറയുന്നുണ്ട്, ഐ ലവ് യു ജാസ്മിൻ എന്നാണ് റിയാസ് സലീം കുറിച്ചത്. ശരിക്കും ജാസ് ഈ ദിവസം സുന്ദരമാക്കി എന്നായിരുന്നു ഡെയ്സിയുടെ കമന്റ്. ആരാധകരുടെ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്നുണ്ട്. 'ഇതാണ് ജാസ്മിൻ, ജെനുവിൻ ഹ്യൂമൺ, ഇനി അവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കൂ,', പലരും കുറിച്ചു.

നിലവിൽ ബാംഗ്ലൂരിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയാണ് ജാസ്മിൻ മൂസ. ബിഗ് ബോസ് ഷോയിലെ തന്നെ കരുത്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ ഷോയിൽ വിജയിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഷോയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ. മലയാളം ബിഗ് ബോസ് ഷോയിൽ നിന്നും വാക്കൗട്ട് നടത്തിന്ന ആദ്യത്തെ മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ.












Click it and Unblock the Notifications