'ആ നടിക്കൊപ്പം എന്തിനാണ് എന്റെ ഫോട്ടോ? ഷോയിൽ ഉണ്ടായിരുന്നപ്പോഴുള്ള ഫോട്ടോകളാണ്'; കുട്ടി അഖിൽ
കൊച്ചി: കോമഡി സ്റ്റാർസിലൂടെ ആളുകൾക്ക് സുപരിചിതനായ താരമാണ് കുട്ടി അഖിൽ. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തിയതോടെ അഖിലിന്റെ കരിയർ ഗ്രാഫ് ഉയർന്നു. ടിവി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയും താരത്തിന് ലഭിച്ചു. ബിഗ് ബോസ് യഥാർത്ഥത്തിൽ തന്റെ കരിയർ വളർച്ചയ്ക്ക് വളരെ ഗുണം ചെയ്തെന്ന് പറയുകയാണ് കുട്ടി അഖിൽ. അതൊടൊപ്പം തന്നെ വ്യക്തിപരമായ ചില നെഗറ്റീവുകളും കേൾക്കേണ്ടി വരാറുണ്ടെന്നും താരം പറയുന്നു. സില്ലി മോങ്ക് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വായിക്കാം

'എന്റെ കരിയർ വെച്ച് ചിന്തിക്കുമ്പോൾ ബിഗ് ബോസിന് മുൻപ് ബിഗ് ബോസിന് ശേഷം എന്നത് ഉണ്ട്.കാരണം ബിഗ് ബോസ് കഴിഞ്ഞപ്പോൾ സിനിമയിലേക്ക് അവസരം ലഭിച്ചു. ആഗ്രഹങ്ങളിൽ സിനിമ ഉണ്ടായിരുന്നു. എന്നിരുന്നാലും ഒരു അവതാരകൻ ആകണമെന്ന ആഗ്രഹം വല്ലാതെ ഉണ്ടായിരുന്നു. മുൻപ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കുഞ്ഞ് ഷോ ആയിരുന്നു.

ഞാൻ കുഞ്ഞ് നാൾ മുതൽ കണ്ട് തുടങ്ങിയ ഷോ ആണ് സ്റ്റാർ സിംഗർ. രഞ്ജിനി ചേച്ചി അവതരിപ്പിച്ചതൊക്കെ നമ്മൾ കണ്ടതാണ്. ബിഗ് ബോസിന് ശേഷം ആ ഷോയുടെ അവതാരകനാകാൻ എനിക്ക് സാധിച്ചു. രണ്ട് അവതാരകരിൽ ഒരാൾ ഞാനായിരുന്നു. അതൊക്കെ ബിഗ് ബോസ് കൊണ്ട് ലഭിച്ചതാണ്. ബിഗ് ബോസിന് ശേഷം കരിയറിൽ വളർച്ച ഉണ്ടായെന്ന് പറയേണ്ടി വരും. കാരണം സിനിമ കിട്ടി, കൂടുതൽ സിനിമകളിലേക്ക് അവസരം ലഭിച്ചു', അഖിൽ പറഞ്ഞു.

ബിഗ് ബോസിന് ശേഷം വ്യക്തിപരമായ പ്രശ്നങ്ങൾ എന്തെങ്കിലും നേരിട്ടോയെന്ന ചോദ്യങ്ങൾക്ക് തന്റെ പേരിൽ വന്ന ചില തെറ്റായ വാർത്തകളെ കുറിച്ച് അഖിൽ തുറന്ന് പറഞ്ഞു.'നാല് ദിവസങ്ങൾക്ക് മുന്നേ മലയാളത്തിലെ ഒരു സീരിയൽ നടി വിവാഹതയായെന്ന് വാർത്ത വന്നു. അവർ വിവാഹിതയായിട്ടില്ലെന്ന് മറ്റൊരു യാഥാർത്ഥ്യം. അവർക്കൊപ്പമുള്ള എന്റെ ഫോട്ടോ വെച്ചാണ് തമ്പ് നെയിൽ. കണ്ടപ്പോ അയ്യോ എന്നായിപ്പോയി, അവിടെ എന്തിനാണ് എന്റെ ഫോട്ടോ വെച്ചതെന്ന് മനസിലായില്ല.

ആ നടിയുമായി ഒരു ഷോ ഞാൻ ഒരുമിച്ച് വർക്ക് ചെയ്തിരുന്നു.ആ സമയത്ത് ഞങ്ങളെടുത്ത സ്റ്റിൽസ് ഉണ്ട്. ഇതേ നടി രണ്ട് മാസം മുൻപേ ഒരു കാർ വാങ്ങിച്ചു. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെത്തി എന്ന തലക്കെട്ടോടെയായിരുന്നു അവർ കാർ വാങ്ങിയ വാർത്ത വന്നത്. അതിഥിയാരെന്ന് അറിയേണ്ടേ എന്ന ചോദ്യത്തോടെയായിരുന്നു വാർത്ത. അതിനും എന്റെ ഫോട്ടോയാണ് തമ്പ് ഇമേജ്.

വാർത്തയൊക്കെ കറക്ടാണ്. പക്ഷേ എന്തിനാണ് അവിടെയൊക്കെ എന്റെ ഫോട്ടോ വെയ്ക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. മുൻപ് ഒരു ഫോട്ടോ ഷൂട്ടിന് പോയപ്പോഴും സമാന അനുഭവം ഉണ്ടായി. ഓണം കോസ്റ്റ്യൂമിലായിരുന്നു പോയത്. അന്ന് പോയ സ്ഥലത്ത് മറ്റൊരു നടിയും ഫോട്ടോ ഷൂട്ടിനെത്തിയിരുന്നു. ഞങ്ങൾ അന്നൊരു റീൽസ് ചെയ്തിരുന്നു. ഇതോടെ എന്റെ എൻഗേജ്മെന്റ് കഴിഞ്ഞുവെന്ന തരത്തിലായി വാർത്ത.

ആദ്യം ഇതൊക്കെ കാണുമ്പോ എന്താണിതൊക്കെ എന്ന് തോന്നും. പിന്നാലെ കുറെ അഭ്യൂഹങ്ങളും ഉയരും. നമ്മൾ ചെയ്യാത്തതാണല്ലോ എന്താണിതൊക്കെ എന്ന് തോന്നും. പിന്നീട് തോന്നും വരട്ടെ, ഇതിനോടൊക്കെ പ്രതികരിക്കാൻ പോയാൽ അല്ലെ പ്രശ്നമുള്ളൂ. ഞാനിത് കാണുന്നു,ചിരിക്കുന്നു, കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കുന്നു, അത് അവിടെ കഴിയും.












Click it and Unblock the Notifications