45-ാം ദിവസം എന്നെ പൊളിക്കുമെന്ന് പറഞ്ഞയാള്‍ 35-ാം ദിവസം പുറത്തായി: അത് പറഞ്ഞ് കളിയാക്കും: അഖില്‍
ബിഗ് ബോസ് ഫോറില്‍ മത്സരാർത്ഥികളായി എത്തുന്നതിന് മുമ്പ് തന്നെ സുഹൃദ് ബന്ധമുള്ള വ്യക്തികളാണ് കുട്ടി അഖിലും സൂരജും. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയരായ ഇരുവരും ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ അടുക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അഖില്‍ പുറത്തായപ്പോഴുള്ള സൂരജിന്റെ പ്രതികരണം.
ബിഗ് ബോസിലെ തന്നെ ഏറ്റവും വികാര നിർഭരമായ നിമിഷമായിരുന്നു ഇത്. ഇപ്പോഴിതാ സൂരജുമായുള്ള ബന്ധത്തെക്കുറിച്ചും അന്നത്തെ പുറത്താകലിനെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഖില്‍. നവീന്‍, ജാസ്മിന്‍, നോബി മാർക്കോസ് എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചും സിനി സൈന്റ്റിസ്റ്റ് ആർട്ടിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുന്നു. അഖിലിന്റെ വാക്കുകളിലേക്ക്.

ബിഗ് ബോസില്‍ നിന്നും വളരെ സന്തോഷത്തോടെ തന്നെയാണ് ഞാന്‍ പുറത്തേക്ക് പോവുന്നത്. 77 ദിവസമൊന്നും ആ വീട്ടില്‍ നില്‍ക്കാന്‍ കഴിയുമെന്ന് വിചാരിച്ച ആളൊന്നുമല്ല ഞാന്‍. പുറത്തിറങ്ങിയതിന് ശേഷം സൂരജ് കരയുന്ന വീഡിയോ കണ്ടപ്പോഴാണ് എനിക്ക് വിഷമമായത്. ബിഗ് ബോസിന്റെ ഒരു എപ്പിസോഡും ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഈ വീഡിയോസ് പലരും അയച്ച് തരുമായിരുന്നു. അത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും.

ഞാന്‍ പുറത്താവുന്ന എപ്പിസോഡ് ടെലിക്കാസ്റ്റ് ചെയ്തതിന് പിന്നാലെ പല പല സ്ഥലങ്ങളില്‍ നിന്നായി പലരും എന്നെ വിളിച്ചിട്ടുണ്ട്. അമ്മൂമമാർ ആന്റിമാർ തുടങ്ങിയവരായിരുന്നു എന്നെ വിളിച്ചത്. നീ പുറത്ത് പോയ സമയത്ത് ഞങ്ങള്‍ കരഞ്ഞു എന്നൊക്കെ പറയുമ്പോള്‍ എനിക്ക് വിഷമമായി തുടങ്ങി. ഞാന്‍ ഹാപ്പിയാണ് എന്നായിരുന്നു അവരോടൊക്കെ നല്‍കിയ മറുപടി.

ഞാന്‍ പുറത്താവുന്ന വീഡിയോ പിന്നീട് ഞാനും സൂരജും ഇരുന്ന് കാണുന്നത് വേറെ ഒരു സുഹൃത്ത് ഷൂട്ട് ചെയ്തത് ഇന്സ്റ്റഗ്രാമിലുണ്ട്. അപ്പോള്‍ നമ്മള്‍ വലിയ ചിരിയായിരുന്നു. സൂരജിന് രണ്ട് തലങ്ങളുണ്ട്. ചിലസമയത്ത് അവന്റെ ഉയരത്തിന് അനുസരിച്ചുള്ള കുട്ടിയാവും, നേരേ മറിച്ച് വേറെ അവസരത്തില്‍ നമ്മളേക്കാള്‍ പക്വതയുള്ള വ്യക്തിയാവും. അതിന് അനുസരിച്ചുള്ള തീരുമാനങ്ങളായിരിക്കും അവനെടുക്കുക.

ബിഗ് ബോസില്‍ വെച്ച് നവീന്‍ ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു നാല്‍പ്പത്തിയഞ്ചാം ദിവസം നിന്റെ ക്യാരക്ടർ പൊളിച്ചടുക്കുമെന്ന്. ആ പറഞ്ഞ അങ്ങേര് മുപ്പത്തിയഞ്ചാം ദിവസം പുറത്തായി. പുറത്തിറങ്ങിയപ്പോള്‍ അതും പറഞ്ഞ് എപ്പോഴും കളിയാക്കുമായിരുന്നു. അപ്പോള്‍ നവീന്‍ ചേട്ടന്‍ പോടാ എന്ന് പറഞ്ഞ് ഓടിക്കുമെന്നും അഖില്‍ പറയുന്നു.

ഷോയ്ക്ക് അകത്ത് ഉള്ളത് പോലെ തന്നെയുള്ള ആളാണ് പുറത്തും ജാസ്മിന്‍. ഇപ്പോഴും ഇടയ്ക്കൊക്കെ എന്തേലും പരിപാടിക്ക് വരുമ്പോള്‍ കാണാറുണ്ട്. എപ്പോഴും വിളിക്കാറൊന്നുമില്ല. ഞാന്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ നേരില്‍ കണ്ടു. അവള്‍ അങ്ങനെ തന്നെയാണ്. ബിഗ് ബോസിന് അകത്ത് അവളെ എങ്ങനെ കണ്ടോ അത് തന്നെയാണ് പുറത്തും. വേറെ ഒന്നും കൂടുതലായും കുറവായുമില്ലെന്നും അഖില്‍ പറയുന്നു.

നോബിയണ്ണന്‍ എന്ന് പറയുന്നത് എനിക്ക് ബിഗ് ബ്രദറാണ് എന്നാണ്. നോബി ചേട്ടന്റെ അടുത്ത് നിന്നും പഠിക്കാന്‍ കുറേയുണ്ട്. പുള്ളിയൊക്കെ കണ്ടിട്ടാണ് ഞാന്‍ കോമഡി സ്റ്റാർസിലേക്ക് വരണമെന്ന് ആഗ്രഹിച്ചത്. നമ്മളെ നല്ല നിലയില്‍ കെയർ ചെയ്യുന്നതും അതോടൊപ്പം തന്നെ എല്ലാ അലമ്പിനും കൂടെ നില്‍ക്കുന്ന ഒരു ചേട്ടനാണ് നോബി. അദ്ദേഹവുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications