'ജാസ്മിനോട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും കേട്ടില്ല'; അവരുടെ സുഹൃത്തെന്ന് കരുതി ഫോളോ ചെയ്യേണ്ട'; നിമിഷ
കൊച്ചി: യാതൊരു ഇൻഡഗ്രിറ്റിയും ഇല്ലാത്ത പ്രൊഡക്ടുകൾ പണത്തിന് വേണ്ടി താൻ പ്രമോട്ട് ചെയ്യില്ലെന്ന് ബിഗ് ബോസ് താരം നിമിഷ. വൈറ്റനിംഗ് ക്രീമിനെ കുറിച്ച് പ്രമോഷൻ നടത്തരുതെന്ന് താൻ ജാസ്മിനോട് ആവശ്യപ്പെട്ടിരുന്നതായും നിമിഷ പറഞ്ഞു. ഇൻസ്റ്റഗ്രാം ക്യൂ ആൻറ് എ സെഷനിലായിരുന്നു നിമിഷയുടെ പ്രതികരണം. വായിക്കാം

ജാസ്മിൻ മൂസയും റോബിനും ഒരേ ഫേസ് ക്രീം പ്രമോട്ട് ചെയ്തപ്പോൾ റിയാസ് സ്വീകരിച്ച ഡബിൾ സ്റ്റാന്റിനെ കുറിച്ച് എന്താണ് നിലപാട് എന്ന ചോദ്യത്തിന് അതിനെ കുറിച്ച് റിയാസിനോട് തന്നെ ചോദിക്കുന്നതാകും ഉചിതം എന്നായിരുന്ന നിമിഷയുടെ പ്രതികരണം. മാത്രമല്ല ജാസ്മിനോട് ആ ക്രീം പ്രമോഷൻ ചെയ്യരുതെന്നും താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവൾ തന്നെ വാക്കുകൾ കേട്ടില്ലെന്നും നിമിഷ പറയുന്നുണ്ട്.

റിയാസുമായും ജാസ്മിനുമായും തർക്കമുണ്ടായാൽ ആരാണ് നിങ്ങളിൽ ആദ്യം സംസാരിക്കുകയെന്ന ചോദ്യത്തിന് തീർച്ചയായും താൻ അല്ല എന്നായിരുന്നു നിമിഷ പ്രതികരിച്ചത്. താൻ എത്രമാത്രം വാശിക്കാരിയാണെന്ന് നിങ്ങൾക്ക് അറിയില്ലെന്നും നിമിഷ പറയുന്നു. ഇതിനിടയിൽ ആരാധകരുടെ ചോദ്യത്തിന് താൻ റിയാസുമായും ജാസ്മിനുമായും ചെറിയ പിണക്കത്തിലാണെന്നും അവർ നിരവധി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെങ്കിലും തുറന്ന് നോക്കിയിട്ടില്ലെന്നും നിമിഷ പറയുന്നുണ്ട്.

ഇതോടെ നിങ്ങൾ ജാസ്മിന്റേയും റിയാസിന്റേയും സുഹൃത്തായതിനാലാണ് ആളുകൾ നിങ്ങളെ പിന്തുടരുന്നതെന്ന് ചിലർ പറഞ്ഞപ്പോൾ അത്തരം ചിന്തവെച്ച് ആരും തന്നെ ഫോളോ ചെയ്യേണ്ടെന്നായിരുന്നു നിമിഷ പ്രതികരിച്ചത്. 'ആദ്യമേ തന്നെ ഒരു കാര്യം വ്യക്തമാക്കാം. ജാസ്മിന്റേയും റിയാസിന്റേയും സുഹൃത്തായതിനാലാണ് നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് അൺഫോളോ ചെയ്ത് പോകാൻ സമയമായി. ഈ സമൂഹത്തിന് എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന വ്യക്തമായ ധാരണ എനിക്കുന്നുണ്ട്. അതിൽ താൻ ആരുമായി സൗഹൃദം പുലർത്തുന്നുവെന്നതിനൊന്നും യാതൊരു പ്രസക്തിയുമില്ല', നിമിഷ പറഞ്ഞു.

യാതൊരു ഇന്റഗ്രിറ്റിയും ഇല്ലാത്ത പ്രൊഡക്ടുകൾ ധാരാളം പണം ലഭിക്കുമെന്ന കാരണത്താൽ പ്രമോട്ട് ചെയ്യുമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും നിമിഷ പറഞ്ഞു. ചർമ്മം വെളുപ്പിക്കുന്നതിന് വേണ്ടിയെന്ന അവകാശവാദവുമായി 'സോ കോൾഡ് ബ്രാൻഡ്'തന്നേയും സമീപിച്ചിരുന്നു.എന്നാൽ ഞാൻ ഒരിക്കലും അത് പ്രമോട്ട് ചെയ്യില്ല. ആശ്ചര്യമെന്ന് പറയട്ടെ ബിഗ് ബോസിൽ പങ്കെടുത്ത പലരും അത് പ്രമോട്ട് ചെയ്തിരുന്നു. സ്വന്തം ലുക്കിനെ സംബന്ധിച്ച് ആളുകളെ തികച്ചും അരക്ഷിതാവസ്ഥയിൽ എത്തിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ചെയ്യുന്നതിനല്ല തന്റെ പേജ്. അതൊരിക്കലും എന്റെ പേജിൽ നിന്ന് ഉണ്ടാകില്ലെന്നും നിമിഷ പറഞ്ഞു.

സ്വന്തം ഫോളോവേഴ്സിനെ പരിഗണിക്കാതെ എന്തും പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസേഴ്സിൽ വീഴരുതെന്ന മുന്നറിയിപ്പും നിമിഷ നൽകുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 4 വിജയി ആയ ദിൽഷ പ്രസന്നൻ പങ്കുവെച്ച ഒരു പ്രമോഷൻ വീഡിയോ വലിയ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു നിമിഷയുടെ പ്രതികരണം.

ഒരു ട്രേഡിംഗ് കമ്പനിയെ കുറിച്ചായിരുന്നു ദിൽഷ ആദ്യം പോസ്റ്റ് പങ്കിട്ടത്. എന്നാൽ വിമർശനം ഉയർന്നതോടെ താരം ഡിലീറ്റ് ചെയ്തിരുന്നു. പരസ്യങ്ങളെ കുറിച്ച് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഡിലീറ്റ് ചെയ്തതെന്നും ട്രേഡിംഗ് കമ്പനിക്ക് പണം നൽകാൻ താൻ ആരോടും ആവശ്യപ്പട്ടിട്ടില്ലെന്നും ദിൽഷ പറഞ്ഞു.












Click it and Unblock the Notifications