അപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവിനെ ഞെട്ടിച്ച് റോബിന്റേയും ആരതിയുടെയും 'സർപ്രൈസ്'; ഓഫർ ഇങ്ങനെ, വൈറൽ
കൊച്ചി: 'തനിക്ക് ഇഷ്ടമാണ് റോബിനെ, അദ്ദേഹം പാവമല്ലേ, കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു', ചിഞ്ചു ആന്റണി പറഞ്ഞ് തീർന്നില്ല, തന്റെ പ്രീയപ്പെട്ട ആരാധികയ്ക്ക് മുൻപിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ എത്തി, ഒപ്പം പങ്കാളിയായ ആരതി പൊടിയും. ബിഹൈൻവുഡ്സ് അഭിമുഖത്തിനിടെയായിരുന്നു അപൂർവ്വ രോഗം ബാധിച്ച ചിഞ്ചുവെന്ന ആരാധികയെ റോബിൻ ചേർത്ത് പിടിച്ചത്.
(ചിത്രങ്ങൾ കടപ്പാട്- ചിഞ്ചു സോഷ്യൽ മീഡിയ)

ലാമെല്ലാര്‍ ഇച്ചിയോസിസ് എന്ന അപൂർവ്വ രോഗമാണ് ചിഞ്ചു ആന്റണിക്ക്. ശരീരത്തിൽ വിയർപ്പ് ഗ്രന്ഥിയുണ്ടാകില്ല, അതുകൊണ്ട് തന്നെ തൊലി വരണ്ടുണങ്ങി ശരീരം പൊട്ടും. 'വിയർപ്പ് ഗ്രന്ഥിയില്ലാത്ത അസുഖമാണ്. എന്തുകൊണ്ടാണ് ഇത് വരുന്നതെന്ന് അറിയില്ല. രക്തത്തിലെ പ്രശ്നമാണ് എന്നൊക്കെ ചിലർ പറയാറുണ്ടെങ്കിലും വ്യക്തമായൊരു ഉത്തരം തനിക്ക് ഡോക്ടർമാർ തന്നിട്ടില്ല. അസുഖത്തെ കുറിച്ച് മുൻപൊക്കെ സങ്കടമുണ്ടായിരുന്നു. പക്ഷേ അതൊക്കെ മാറി. കിടപ്പ് രോഗികളായ എത്രയോ പേർ ഉണ്ട്, അസുഖം കാരണം കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ച് പോയിട്ടുണ്ട്, അതൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്. എന്റെ അച്ഛനും അമ്മയും എന്നെ പൊന്നു പോലെയാണ് നോക്കുന്നത്' അഭിമുഖത്തിൽ, ചിഞ്ചു പറഞ്ഞു.

ഈ അസുഖം പൂർണമായി മാറില്ല. നിരവധി പേർക്ക് ഉണ്ട്. മരുന്ന് കഴിച്ച് പിടിച്ച് നിൽക്കാമെന്നേ ഉള്ളൂ. പക്ഷേ പലരും മാറ്റി നിർത്താറുള്ളത് വിഷമിപ്പിക്കാറുണ്ട്, ചിഞ്ചു പറഞ്ഞു. 'ജനിച്ച അന്ന് തുടങ്ങി മകളേയും കൊണ്ട് പല ആശുപത്രികളിൽ പോയിട്ടുണ്ട് അസുഖം മാറാൻ. ഇപ്പോൾ ചെറിയ മാറ്റം ഉണ്ട്. അവൾ പടമൊക്കെ വരച്ച്, ചെയ്ത് മിടുക്കിയായി മുന്നോട്ട് പോകുകയാണ്. അതിൽ സന്തോഷമേ ഞങ്ങൾക്കുള്ളൂ, അവളാണ് ഞങ്ങളുടെ സന്തോഷം', എന്നായിരുന്നു ചിഞ്ചുവിന്റെ മാതാപിതാക്കളുടെ വാക്കുകൾ.

അഭിമുഖത്തിനിടെ റോബിനോടുള്ള ആരാധന ചിഞ്ചു തുറന്ന് പറയുകയായിരുന്നു. റോബിന്റെ ചിത്രവും താൻ വരച്ചിട്ടുണ്ടെന്ന് ചിഞ്ചു പറഞ്ഞു.റോബിനെ കാണണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ചിഞ്ചു പറഞ്ഞിരുന്നു. ഇത് പറഞ്ഞ് തീരും മുൻപായിരുന്നു ചിഞ്ചുവിനെ ഞെട്ടിച്ച് റോബിനം ആരതിയും എത്തിയത്. തനിക്ക് വലിയ സർപ്രൈസായി റോബിന്റെ വരവ് എന്ന് പറഞ്ഞ ചിഞ്ചു ഉടൻ തന്നെ താൻ വരച്ച റോബിന്റെ ചിത്രവും താരത്തിന് കൈമാറി.
(ചിത്രം കടപ്പാട് -ബിഹൈൻഡ്വുഡ്സ്)

അതേസമയം വീട്ടിൽ വന്ന് ചിഞ്ചുവിനെ കാണാൻ ഇരിക്കുകയായിരുന്നു താനെന്നും തിരക്ക് കാരണമായിരുന്നു നടക്കാതിരുന്നതെന്നും ചിഞ്ചുവിനോട് റോബിൻ പറഞ്ഞു.'മറ്റൊരു സ്ഥലത്ത് പോകാനിരുന്നതാണ്. അത് പാതിവഴിയിൽ വെച്ചാണ് ചിഞ്ചുവിനെ കാണാൻ വന്നത്. ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ ചിഞ്ചുവിനെ കുറിച്ച് ഞാൻ പങ്കുവെച്ചിരുന്നു. അവസാനം കാണാൻ സാധിച്ചല്ലോ', റോബിൻ പറഞ്ഞു.

ആരതി പൊടിയുമായുള്ള വിവാഹം എന്നാണെന്നായിരുന്നു ചിഞ്ചുവിന് അറിയേണ്ടിയിരുന്നത്. ആരതി പുതിയ സിനിമകളിൽ അഭിനയിക്കുകയാണെന്നും അതിന് ശേഷമായിരിക്കും വിവാഹമെന്ന് റോബിൻ പറഞ്ഞു.ഇതിനിടെ തന്നോട് എന്താണ് ഇത്ര സ്നേഹമെന്നും എങ്ങനെയാണ് ഇഷ്ടപ്പെട്ടതെന്നും റോബിൻ ചോദിച്ചപ്പോൾ 'ബിഗ് ബോസിലൂടെയാണ് റോബിനെ ഇഷ്ടപ്പെട്ടത്, റോബിൻ പാവമായതിനാലാണ് തനിക്ക് സ്നേഹം തോന്നിയതെന്നുമാണ് ചിഞ്ചുവിന്റെ മറുപടി.

അടുത്തിടെ വമ്പൻ മേക്കോവറിൽ ഫോട്ടോഷൂട്ട് ചെയ്ത് ചിഞ്ചു വൈറലായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ തന്റെ കൂടെ ഫോട്ടോഷൂട്ട് ചെയ്യുമോയെന്നായി റോബിൻ. തീർച്ചയായും എന്നായിരുന്നു ചിഞ്ചുവിന്റെ മറുപടി. ചിഞ്ചുവിനുള്ള കോസ്റ്റ്യൂം താൻ ചെയ്ത് നൽകാമെന്ന ഓഫർ ആരതിയും ഇതിനിടിൽ നൽകി. 'ചിഞ്ചുവിന്റെ പ്രശ്നങ്ങൾ വലുതല്ല.താൻ ഒരു ഡോക്ടറാണ്. ഇതിനെക്കാൾ വലിയ അസുഖമുള്ളവരെ കാണുന്നുണ്ട്. നമ്മുടെ പ്രശ്നങ്ങൾ വലുതാണെന്നൊക്കെ നമ്മുക്ക് തോന്നും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴേ നമ്മുക്ക് ഇത്രയല്ലേ ഉള്ളൂ എന്ന് മനസിലാകൂവെന്നും റോബിൻ ചിഞ്ചുവിനോടായി പറഞ്ഞു. ആരാധികയെ ചേർത്ത് നിർത്തി ഫോട്ടോ പകർത്തിയ ശേഷമായിരുന്നു റോബിനും ആരതിയും മടങ്ങിയത്.












Click it and Unblock the Notifications