സന്തോഷ് കുരുവിളയുടെ റോബിന്‍ സിനിമക്ക് സംഭവിച്ചതെന്ത്: ഉപേക്ഷിച്ചതോ, പാരവെപ്പോ: റോബിന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ നായകനാവുന്ന ഒരു സിനിമ പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷന്‍ നമ്പര്‍- 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിളയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തിനൊപ്പം മികച്ചൊരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
എന്നാല്‍ പിന്നീട് ഈ സിനിമ സംബന്ധിച്ച് വലിയ രീതിയുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാരണം സിനിമ ഉപേക്ഷിച്ചെന്നായിരുന്നു പ്രധാന പ്രചരണം. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും പിന്നില്‍ നിന്നുള്ള കുത്തുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പിന്നില്‍ നിന്നുള്ള കുത്തൊക്കെ ചെറുപ്പം മുതല്‍ തന്നെ അനുഭവിക്കുന്നതാണ്. അതിപ്പോള്‍ മാത്രമായി ഉണ്ടായതല്ല. ബാഹുബലിയെ കട്ടപ്പ ചെയ്തത് പോലെ പെട്ടെന്ന് കിട്ടിയതല്ല, ഒരുപാട് കട്ടപ്പമാരുടെ കുത്തുകള്‍ കഴിഞ്ഞതാണ്. ആളുകള്‍ക്ക് ഇപ്പോഴത്തെ കാര്യങ്ങള്‍ മാത്രമായിരിക്കും അറിയുന്നത്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നും റോബിന്‍ പറയുന്നു.

ആളുകള്‍ ഇങ്ങനെയൊക്കെയാണ്, നല്ലവരെ മാത്രം കൂടെ നിർത്തണം എന്നുവെച്ചാല്‍ നടക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് എന്റെ കൂടെ വന്നിട്ടുള്ളവരും നിന്നിട്ടുള്ളവരും പോയിട്ടുള്ളവരുമെല്ലം നല്ലവരാണെന്ന് ഞാന്‍ പറയുന്നത്. എല്ലാവരിലും നല്ലത് കൂടുതലാണ്. നമ്മള്‍ ഒരു മനുഷ്യന്റെ കൂടെ ചങ്കെന്ന് പറഞ്ഞ് നിന്നിട്ട് ഒരു പ്രശ്നം വരുമ്പോള്‍ ഞാന്‍ അയാളെ കുറിച്ച് കുറ്റം പറഞ്ഞാല്‍ എന്റെ ക്വാളിറ്റിയാണ് പോവുന്നത്.

എനിക്ക് കുറച്ച് ക്വാളിറ്റിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മറ്റൊരാളെക്കുളിച്ച് ഞാന്‍ കുറ്റം പറഞ്ഞാല്‍ എന്റെ ക്വാളിറ്റി പോവും. അതുകൊണ്ടാണ് ഞാന്‍ നല്ലത് പറയുന്നത്. ഇനി ഇത് ഫേക്കാണെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്തോളൂ. അതില്‍ എനിക്ക് യാതൊരു വിഷയുവുമില്ല. അത്തരം കാര്യങ്ങളൊന്നും വീണ്ടും പറയാനോ അതില്‍ പ്രതികരണം നടത്താനോ എനിക്ക് താല്‍പര്യമില്ല.

പ്രശ്നങ്ങള്‍ ഉണ്ടോന്ന് ചോദിച്ചാല്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ ഇവിടെ ഇരുന്ന് പറയാന്‍ താല്‍പര്യമില്ല. സിനിമകളുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നും എവിടേയും നില്‍ക്കുന്നില്ല. എല്ലാ കാര്യങ്ങളും ഓണാണ്. പതിയെ സിനിമകള്‍ നടക്കും. അതിനിടക്കാണ് സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ തോന്നിയത്. ഗോകുലത്തിന്റെ ആളുകളുമായി കഴിഞ്ഞ മൂന്ന് ദിവസം മുന്‍പും സംസാരിച്ചു. സ്വന്തം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന് ശേഷമാവാം എന്നായിരുന്നു അവരുടെ മറുപടിയെന്നും റോബിന്‍ പറയുന്നു.

ഇനി ആരെങ്കിലും ഇതെല്ലാം കുളമാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ എന്റെ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യും. ഒരു വാതില്‍ മാത്രമല്ലാലോ നമുക്ക് ഉള്ളത്, പല വാതിലുകളുണ്ട്. പിന്നെ സന്തോഷ് കുരുവിള പ്രഖ്യാപിച്ച സിനിമ നഷ്ടമായെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്നോട് അദ്ദേഹം അത് സംബന്ധിച്ച കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കണ്ടപ്പോഴും നല്ല രീതിയിലാണ് സംസാരിച്ചത്.

പിന്നെ എന്തായാലും ഇതിനിടക്ക് കുറേ ആളുകള്‍ ഡീഗ്രേഡ് ചെയ്യാനും മറ്റുമായി കുറേ ആളുകള്‍ കളിക്കുന്നുണ്ട്. എതിർ കളിക്കാർ സ്ട്രോങ് ആകുമ്പോഴാണ് നമ്മള്‍ അതിലും സ്ട്രോങ് ആകുകയുള്ളു. അവരുടെ ഈ കളികള്‍ ഇല്ലായിരുന്നെങ്കില്‍ സ്വന്തം സിനിമ ചെയ്യുമോ. ഈ മണ്ടന്‍മാരുടെ കളി ഇല്ലായിരുന്നെങ്കില് ഞാന്‍ അതേക്കുറിച്ച് ആലോചിക്കുക പോലുമില്ല. സന്തോഷ് കുരുവിളയുടെ പടം ഇപ്പോഴും ഓണ്‍ തന്നെയാണ്. എല്ലാം പതിയെ മാത്രമേ സംഭവിക്കുകയുള്ളു. സിനിമ ഇറങ്ങി കഴിഞ്ഞാല്‍ മാത്രമേ അത് സംഭവിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും റോബിന്‍ പറയുന്നു.












Click it and Unblock the Notifications