റോബിന് ലോക റെക്കോഡ്, 'നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ'..വമ്പൻ സർപ്രൈസ് വേറെയും
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിൽ വെറും 73 ദിവസത്തോളമായിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ ഉണ്ടായിരുന്നത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി കൈയ്യേറ്റം ചെയ്തതോടെ റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ റോബിന് സാധിച്ചിട്ടുണ്ട്. ഷോ കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ആ ആരാധക പിന്തുണയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല.

ബിഗ് ബോസ് ഷോ കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിയുമ്പോഴേക്കും അതത് സീസണുകളുടെ ആരവം കഴിയാറാണ് പതിവ്. മത്സരാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ പലപ്പോഴും ലഭിക്കാറുണ്ടെങ്കിലും എല്ലാവർക്കും എല്ലാ സമയത്തും ലൈം ലൈറ്റിൽ തന്നെ തുടരാൻ സാധിക്കണമെന്നില്ല. എന്നാൽ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥി ആരാധകർക്കിടയിൽ ഇപ്പോഴും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

റോബിൻറെ സ്വീകാര്യത എത്രത്തോളമാണെന്ന് താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിൽ നിന്ന് വ്യക്തമാണ്. പങ്കെടുക്കുന്ന ഷോകളിലും പരിപാടികളിലുമെല്ലാം ആരാധകർ തിങ്ങ് കൂടും. റോബിനൊപ്പം സെൽഫിയും വീഡിയോയുമെടുത്ത് ആരാധകർ അവരുടെ സ്നേഹം താരത്തെ അറിയിക്കും. ഇത്തരം വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

തന്റെ കരുത്തെന്നത് തന്നെ പിന്തുണയ്ക്കുന്ന ആരാധകരാണെന്ന് പലപ്പോഴും റോബിൻ പറഞ്ഞിട്ടുണ്ട്. വളരെ ദൂരെ നാടുകളിൽ നിന്ന് പോലും തന്നെ കാണാൻ ആളുകൾ എത്തുന്നതിന് കാരണം അവർക്ക് തന്നെടുള്ള സ്നേഹമാണെന്നാണ് റോബിൻ പറയാറുള്ളത്. പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും റോബിൻ ഉറപ്പാക്കുന്ന ഒരു കാര്യമുണ്ട്. ആരാധകരുമായുള്ള സെൽഫി.

എത്രയൊക്കെ തിരക്കുണ്ടെങ്കിലും എങ്ങനെയൊക്കെ വൈകിയാലും എല്ലാവർക്കുമൊപ്പം സെൽഫിയെടുത്തിട്ടേ താൻ മടങ്ങൂവെന്ന് പരിപാടികൾ തുടങ്ങും മുൻപ് തന്നെ റോബിൻ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ആരാധകരെ കൈവിടാതെ സെൽഫി പകർത്തിയതിന് റോബിനെ തേടി വലിയൊരു അംഗീകാരം എത്തിയിരിക്കുകയാണ്. റോബിൻ തന്നെയാണ് റെക്കൊഡിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

7 മാസത്തിനിടെ 100000 ഫാൻസിനൊപ്പം സെൽഫി പകർത്തിയതിനാണ് റോബിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ദുബായിലുള്ള ഐൻസ്റ്റീൻ വേൾഡ് റെക്കോഡ് എൽഎൽസിയാണ് റോബിനെ തിരഞ്ഞെടുത്തത്. ദുബായിൽ വെച്ച് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

'ഞാൻ പരാജയപ്പെട്ടാൽ തീർച്ചയായും ഉയർത്തെഴുന്നേൽക്കും.ഞാൻ പരാജയപ്പെട്ടാൽ ഉറപ്പായും ഞാൻ വിജയിക്കാൻ പരിശ്രമിച്ച് കൊണ്ടേയിരിക്കും', സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് റോബിൻ കുറിച്ചു. മറ്റൊരു സന്തോഷവും ഇൻസ്റ്റഗ്രാമിൽ റോബിൻ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ഉടൻ തന്നെ ഗോൾഡൻ വിസ ലഭിക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. റോബിന്റെ പോസ്റ്റിന് താഴെ ആരാധകർ തങ്ങളുടെ സന്തോഷം പങ്കിടുകയാണ്. ബിഗ് ബോസ് ചരിത്രത്തിൽ ഡോ റോബിന് ഒരു പൊൻതൂവൽ കൂടി, ആത്മാർത്ഥ പരിശ്രമത്തിന്റെ അവസാനം വിജയമായിരിക്കും എന്നാണ് ഒരാൾ കുറിച്ചത്.

ദുബായ് അജ്മമാനിലുള്ള യാക്കോബ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായ കാര്യം അടുത്തിടെ താരം അറിയിച്ചിരുന്നു. ഗ്രൂപ്പിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ദുബായിലാണ് റോബിൻ ഉള്ളത്. അജ്മാനിൽ അവരുടെ വില്ലേജ് പ്രൊജക്ടിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് റോബിൻ. പ്രൊജക്ടിന്റെ ഭാഗമായി 7 ഇല്ലങ്ങൾ ഉണ്ടെന്നും 4.5 കോടി വരുന്ന അതിലൊരു ഇല്ലം തനിക്ക് ഗിഫ്റ്റായി ലഭിക്കുമെന്നും റോബിൻ അറിയിച്ചിരുന്നു.












Click it and Unblock the Notifications