'ബിഗ് ബോസ് കിരീടം നേടുന്നതിനേക്കാൾ വലിയ കാര്യം'; തമിഴ് പറഞ്ഞ് കത്തി കയറി റോബിൻ, വൈറൽ
കൊച്ചി: ബിഗ് ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ജീവിതം മാറി മറിഞ്ഞ വ്യക്തിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും 73ാം ദിവസം പുറത്തായെങ്കിലും ആരാധാകർക്കിടയിൽ വലിയ തരംഗമാകാൻ റോബിന് സാധിച്ചു. ഇപ്പോൾ നിരവധി അവസരങ്ങൾ സിനിമയിൽ നിന്നുൾപ്പെടെ റോബിനെ തേടിയെത്തിയിരിക്കുകയാണ്. വലിയ കഴിവൊന്നും അവകാശപ്പെടാനില്ലാത്ത താൻ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടങ്ങൾ കീഴടക്കിയതെന്ന് പറയുകയാണ് റോബിൻ. ബിയോണ്ട് മീഡിയ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം.

ബിഗ് ബോസ് തമിഴ് എപ്പോഴും കണ്ടിരുന്നു. ആശുപത്രിയിൽ സമയം കിട്ടുമ്പോഴെല്ലാം ഷോ കാണാറുണ്ട്. സീസൺ 4 തമിഴ് കാണുമ്പോൾ മലയാളം സീസൺ 4 വന്നാൽ ഞാനും അതിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ മീഡിയ ബന്ധങ്ങളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ഒരു സാധാരണ ഡോക്ടർ മാത്രമാണ്. അങ്ങനെ ഞാൻ തന്നെ ചാനലിനെ സമീപിച്ചു.

ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ്. എനിക്ക് ഒരു അവസരം തരണമെന്ന് ഞാൻ അവരോട് അപേക്ഷിക്കുകയായിരുന്നു. ഓഡിഷനിൽ അവസരം നൽകിയാൽ മാത്രം മതി ഇഷ്ടമായില്ലെങ്കിൽ പരിഗണിക്കേണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

വലിയ ടാലന്റുകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത വ്യക്തിയാണ് ഞാൻ. എന്റെ കഠിനാധ്വാനമാണ് എന്റെ ടാലന്റ്. സ്നേഹത്തിനും മനുഷ്യത്വത്തിനുമാണ് ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നല്‍കുന്നത്. ജനങ്ങളുടെ സ്നേഹം തന്നെയാണ് എനിക്ക് വലുത്. ബിഗ് ബോസ് എനിക്ക് തന്നത് പുതിയൊരു ജീവിതമാണ്.

ജീവിത്തതിൽ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് നമ്മുക്ക് അവസരങ്ങൾ ലഭിക്കുക. അങ്ങനെ അവസരം ലഭിച്ചാൽ അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു, അത് എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം. ബിഗ് ബോസ് കഴിഞ്ഞ 7 മാസം കഴിഞ്ഞിട്ടും ലൈം ലൈറ്റിൽ തുടരാൻ സാധിക്കുന്നത് ഞാൻ ചെയ്യുന്ന കഠിനാധ്വാനം കൊണ്ടാണ്.

ഡോക്ടറായി ജോലി ചെയ്യുന്ന സമയത്ത് നൈറ്റ് ഡ്യൂട്ടിയായിരുന്നു എടുത്തിരുന്നത്. അപ്പോൾ മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല. ബിഗ് ബോസിൽ പോയി വന്നപ്പോൾ ഉദ്ഘാടനങ്ങളും പരിപാടികളുമൊക്കെയായി ഉറക്കം ഇല്ല. രണ്ടാഴ്ച ഇതിൽ നിന്നൊക്കെ വിട്ട് മാറി ഉറങ്ങി റെസ്റ്റ് എടുക്കാമെന്നാണെങ്കിൽ ആളുകൾ എന്റെ മുഖം മറക്കും. അതുകൊണ്ടാണ് എപ്പോഴും ആളുകൾ ഓർക്കാൻ ഞാൻ സജീവമായി തന്നെ നിൽക്കുന്നത്.

ബിഗ് ബോസ് കിരീടം നേടുന്നത് വലിയ കാര്യം തന്നെയാണ്. എന്നാൽ അതിനെക്കാൾ വലുതാണ് ജനമനസിൽ ഇടംപിടിക്കുകയെന്നത്. ഞാൻ തീർച്ചയായും ഒരു പെർഫെക്ട് വ്യക്തിയല്ല. ഞാൻ ഞാനായിട്ട് തന്നെ നിൽക്കുകയാണ്. ഞാൻ നല്ലവനായിട്ടല്ല, യഥാർത്ഥ ഞാനായിട്ടാണ് ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ആളുകൾ എന്നെ സ്നേഹിക്കണം എന്നതാണ് എനിക്ക് പറയാനുള്ളത്', റോബിൻ പറഞ്ഞു.












Click it and Unblock the Notifications