'എന്റെ ശരീരം വിൽപനക്കുള്ളതല്ല'; സഹകരിക്കണമെന്ന് മെസേജ്, വായടപ്പിച്ച മറുപടി നൽകി ശാലിനി
കൊച്ചി: മോശം സന്ദേശം അയച്ചയാൾക്ക് വായടപ്പിച്ച മറുപടിയുമായി ബിഗ് ബോസ് താരം ശാലിനി നായർ. ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം സാമ്പത്തിക ലാഭം ഉണ്ടാകുമെന്നായിരുന്നു ഒരാൾ ശാലിനിക്ക് മെസേജ് അയച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ച് കൊണ്ടാണ് അയാൾക്ക് ശാലിനിയുടെ മറുപടി.വായിക്കാം

'MY BODY IS NOT FOR SALE
MY FLESH IS NOT FOR SALE
എന്റെ ശരീരം വിൽപനക്കുള്ളതല്ല!!
നല്ല വാർത്തകൾ മാത്രം അറിയിച്ചു കൊണ്ട് പ്രിയപ്പെട്ടവരെ കാണാൻ വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കണ്ടേ. സമ്മതിക്കില്ല ചിലർ! അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ. നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ. ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ. അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ!!'

'കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും. അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം. അവർ കാണാതെ, അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം'.

'നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല! അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്!!'

'ഇന്ന് വരെ പണിയെടുത്ത് ജീവിക്കാനുള്ള മനസുണ്ടായിരുന്നുവെങ്കിൽ നാളെയും അങ്ങനെ തന്നെ പോകും. എനിക്ക് കഴിഞ്ഞ ദിവസം ഒരു അക്കൗണ്ടിൽ നിന്നും ഒരു മെസേജ് വന്നിരുന്നു. ഒരു സഹായ വാഗ്ദാനമാണ്. ഞാൻ അദ്ദേഹത്തിന്റെ കൂടെ കുറച്ച് സമയം ചെലവഴിച്ചാൽ എനിക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ്. ഞാൻ സ്നേഹത്തോടെ തന്നെ നിരസിച്ചു. ബഹളം വെക്കാനൊന്നും പോയില്ല. ആ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു'.

' എന്നാൽ ഇന്ന് മറ്റൊരു നമ്പറിൽ നിന്നും അയാൾ തന്നെയാണെന്ന് തോന്നുന്നു ഇന്ന് വീണ്ടും മെസേജ് അയച്ചു. ആരും അറിയില്ല എന്ന് പറഞ്ഞു. എന്നാൽ എല്ലാവരും അറിയട്ടെ. ഇവരോട് എനിക്ക് മറുപടി പറയാനുള്ളത് എന്റെ ശരീരം വിൽപനയ്ക്ക് വെച്ചിട്ടില്ലെന്നാണ്. എന്റെ ശരീരമോ ശരീരഭാഗമോ വിൽപനക്ക് വെച്ചിട്ടുള്ളതല്ല. കൈകാലുകൾ വയ്യാതെ ഇഴയേണ്ടി വന്നാലും എന്റെ കുടുംബത്തെ നോക്കാൻ കഴിയാത്ത സാഹചര്യം വന്നാലും ഇനി ഭിക്ഷയെടുക്കേണ്ടി വന്നാലും എന്റെ ശരീരം വിൽക്കാൻ വെച്ചതല്ല'.

'എന്നെ സംബന്ധിച്ച് ഇത്തരം മേസേജുകളും കിടക്ക പങ്കിടാൻ വിളിക്കലുമെല്ലാം പുതുമയുള്ളതൊന്നുമല്ല. ഞാൻ താമസിച്ചിരുന്നിടത്ത് തൊട്ട് അപ്പുറത്ത് ഉണ്ടായിരുന്നവർ സ്വന്തം ശരീരം വിറ്റ് കുടുംബം നോക്കേണ്ട അവസ്ഥ വന്നവരെ അറിയാം. അവരോടൊന്നും യാതൊരു വിരോധവുമില്ല. അഭിമാനമാണ് അവർ അവരുടെ കുടുംബം നോക്കുന്നതിന്'.

'പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. ചെറുപ്പത്തിലെ കുടുംബ ജീവിതം നഷ്ടപ്പെട്ട വ്യക്തിയെന്ന നിലക്ക് എനിക്ക് എന്റെ കുടുംബവും കൂടപ്പിറപ്പും കുട്ടിയുമെല്ലാം രക്ഷപ്പെടണം. അത് അറിയിച്ചിട്ടും വീണ്ടും വീണ്ടും ഇങ്ങനെയുള്ള ഓഫറുമായി ചിലർ വരുന്നത് വലിയ വിഷമമാണ്.ഇത്രയും വർഷം ആങ്കറിംഗ് ചെയ്തെന്നാണ് ജീവിച്ചത്. ഇനി അങ്ങോട്ടും അങ്ങനെയൊക്കെ തന്നെയായിരിക്കും. ഇതുപോലെയുള്ള മോശം ചിന്തകളുമായി ഇനി ആരും വന്നേക്കരുത്'.












Click it and Unblock the Notifications