'എന്റെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്,ആശ്വസിപ്പിക്കാൻ മകൻ മാത്രമാണ് ഉള്ളത്'; ശാലിനി നായർ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ 'സഹകരിക്കണമെന്ന്'മെസേജ് അയച്ചയാൾക്ക് ചുട്ട മറുപടി നൽകി ശാലിനി വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ശാലിനിയോട് സഹകരിക്കാമെന്ന് പറഞ്ഞയാൾ എന്ന പേരിൽ സിനിമ താരങ്ങളുടെ അടക്കം ചിത്രം വെച്ച് തെറ്റിധരിപ്പിക്കുന്ന രീതിയുള്ള വ്യാജ വാർത്തകൾ ചിലർ പടച്ച് വിട്ടിരുന്നു. ഇതിനെതിരെയാണ് ശാലിനി തുറന്നടിച്ചത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാലിനിയുടെ പ്രതികരണം. വായിക്കാം

'നമ്മുക്ക് പരസ്പരം സഹകരിക്കാമെന്ന് പറഞ്ഞ് മെസേജയച്ച ഞരമ്പന് ഇൻസ്റ്റഗ്രാമിലൂടെ തന്നെ ഞാൻ ചുട്ട മറുപടി നൽകിയിരുന്നു. ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലെ സഹകരിക്കണം എന്നായിരുന്നു മെസേജ് വന്നത്. എന്റെ ശരീരം വിൽപ്പന ചരക്കല്ലെന്ന് വായടപ്പിച്ച് ഞാൻ മറുപടി നൽകിയിട്ടുണ്ട്. പക്ഷേ അവിടം കൊണ്ടൊന്നും പ്രശ്നം തീർന്നില്ല. ശാലിനിയെ സമീപിച്ച സിനിമാ താരം ആരെന്ന് അറിഞ്ഞാൽ ഞെട്ടുമെന്ന തലക്കെട്ടോടെ ചിലർ ഓൺലൈൻ മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുന്ന ചിത്രങ്ങളോട് വാർത്ത നൽകി'.

'മലയാളത്തിലെ പ്രഗത്ഭരുടെ പടമുൾപ്പെടെ ചേർത്ത് തീർത്തും തെറ്റിധരിപ്പിക്കുന്നതായിരുന്നു ചിത്രങ്ങൾ. താൻ സഹോദര തുല്യരായും സുഹൃത്തുക്കളുമായൊക്കെ കരുതുന്നവരാണ് അവരിൽ പലരും. ഒരാളുടെ ജീവിതം തന്നെ തകർക്കുന്ന തരത്തിലൊക്കെ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചിട്ട് അവർക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്?' , ശാലിനി ചോദിച്ചു. നാളെ ഇവരുടെ അടുത്തേക്ക് ഒരു കലാകാരിയെന്ന നിലയ്ക്ക് അവസരം ചോദിച്ച് ചെല്ലേണ്ടി വരുമ്പോൾ ഉള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നെങ്കിലും ഇവർ ചിന്തിക്കേണ്ടേ?, ശാലിനി തുറന്നടിച്ചു.

വ്യാജ വിവാഹ വാർത്ത ഉണ്ടാക്കി സോഷ്യൽ മീഡിയ വഴി പ്രചരിച്ചപ്പോൾ തന്റെ ജീവിതം തന്നെ അനിശ്ചിതത്വത്തിലായി എന്നും ശാലിനി പറയുന്നു. ശാലിനി ഗുരുവായൂരിൽ പോയി ആരുമറിയാതെ രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിച്ചത്. അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചവർ യഥാർത്ഥത്തിൽ തന്റെ ജീവിതം ചവിട്ടി അരക്കുകയായിരുന്നുവെന്ന് ശാലിനി പറയുന്നു.

'ഇത്തരം വ്യാജ പ്രചരണങ്ങളിൽ തുലാസിലായത് ഒരു കുടുംബമായി സുരക്ഷിതമായി കഴിയുകയെന്ന എന്റെ ആഗ്രഹമാണ്. എല്ലാവർക്ക് മുൻപിലും ചിരിച്ച് നിൽക്കുന്നുണ്ടെങ്കിലും ഒരുപാട് മാനസിക സമ്മർദ്ദവും പ്രശ്നങ്ങളും തനിക്കുണ്ട്. മുൻ വിവാഹവും അത് നൽകിയ ട്രോമയുമെല്ലാം വലിയ ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുന്നുണ്ട്. ചെറുപ്പത്തിൽ വിവാഹം കഴിക്കുകയും ആ ജീവിതത്തിൽ പാതിവഴിയിൽ കാലിടറി പോകുകയും ചെയ്തയാളാണ്. അതിൽ നിന്നെല്ലാം ജീവിതം മെല്ലെ കരുപിടിപ്പിച്ച് മുന്നോട്ട് പോകാൻ നോക്കുകയാണ്'

തളർന്ന് വീഴുമ്പോൾ ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും തനിക്കൊരു മകൻ മാത്രമാണ് ഉള്ളത്. അവന്‍ സ്വന്തം കാലിൽ എത്തുന്നത് വരെ അവനെ വളർത്തി വലുതാക്കാനും കുടുംബത്തിലെ ഉറ്റവരെ പോറ്റി വളർത്താനുമുള്ള ബാധ്യത എനിക്കാണ്. മുന്നിൽ ഒരു വെളിച്ചം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവരുടെ ജീവിതം ഇരുട്ടിലാക്കി ചിരിക്കുന്നവരോട് എന്ത് പറയാനാണ്', ശാലിനി ചോദിച്ചു.

ബിഗ് ബോസ് സീസൺ 4 ലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശാലിനി നായർ സുപരിചിതയായത്. അവതാരക കൂടിയാവണർ. ബിഗ് ബോസിൽ തുടക്കത്തിൽ തന്നെ ശാലിനി പുറത്തായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ശക്തമായ നിലപാടുകൾ പങ്കുവെയ്ക്കുന്ന താരം കൂടിയാണവർ. പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകാറുണ്ട്.












Click it and Unblock the Notifications