ബിഗ് ബോസ് 5 മാർച്ചിൽ; ശാലിനിയുടെ അനിയനും?,'സെറ്റല്ലേ'യെന്ന്,'പൊടിപാറും,സൂചന'
കൊച്ചി: പൊടി പാറുന്ന സീസൺ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. മത്സാർത്ഥികൾ തമ്മിലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനായിരുന്നു ബിബി വീട് സാക്ഷ്യം വഹിച്ചത്. ഷോ കഴിഞ്ഞിട്ടും പല മത്സരാർത്ഥികളും തമ്മിൽ ഇപ്പോഴും കൊമ്പ് കോർക്കുകയാണ്.
എന്നാൽ സീസൺ 4നെക്കാൾ പൊരിഞ്ഞ പോരാട്ടമായിരിക്കും സീസൺ 5 ൽ ഉണ്ടാകുകയെന്ന് പറയുകയാണ് കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ശാലിനി നായർ. ക്യൂ ആന്റ് എ സെഷനിലെ ആരാധകരുടെ ചോദ്യത്തിനായിരുന്നു ശാലിനിയുടെ പ്രതികരണം.

അപ്രതീക്ഷിതമായ പല സംഭവങ്ങളും കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച സീസണായിരുന്നു ഇക്കഴിഞ്ഞ ബിഗ് ബോസ് സീസൺ. മലയാളം ബിബിയുടെ ചരിത്രത്തിൽ തന്നെ കായികമായി കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ മത്സാർത്ഥിയെ പുറത്താക്കിയതും ഒരു മത്സരാർത്ഥിയ സ്വയം വാക്കൗട്ട് ചെയ്ത് പോയതുമെല്ലാം ഈ സീസണിലായിരുന്നു. ഡോ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ മൂസയുമായിരുന്നു ഇത്തരത്തിൽ പുറത്ത് പോയത്. മലയാളത്തിലെ ആദ്യ വനിതാ വിജയിയും ഈ സീസണിലായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ സീസൺ 4 വെറും സാമ്പിൾ ആയിരുന്നുവെന്ന സൂചനയാണ് ശാലിനി നൽകുന്നത്. മാത്രമല്ല ഷോയ്ക്ക് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ശാലിനി സൂചിപ്പിക്കുന്നു. ബിഗ് ബോസ് സീസൺ 5 നെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോയെന്ന ആരാധകരുടെ ചോദ്യത്തിന് മാർച്ച് അവസാനത്തോടെ ഷോ തുടങ്ങുമെന്നാണ് ശാലിനി നൽകിയിരിക്കുന്ന മറുപടി.

നിരവധി ആപ്ലിക്കേഷനുകൾ ലഭിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞെന്നും ശാലിനി പറയുന്നു. മാർച്ച് 25 നുള്ളിൽ തന്നെ ഷോ ആരംഭിച്ചേക്കുമെന്നാണ് സൂചന.അതിനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.അഞ്ചാം സീസൺ പൊടി പാറും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട,കാരണം റിയൽ ഗെയിം നടക്കാൻ പോകുന്നത് പുറത്താണെന്നതിന്റെ സൂചന ലഭിച്ചു', എന്നാണ് ശാലിനി സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ശാലിനിയുടെ സഹോദരൻ ബിബി സീസൺ 5 ലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു, ഉണ്ടോയെന്ന മറ്റൊരാളുടെ ചോദ്യത്തിന് അനിയന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് സെറ്റല്ലേയെന്ന് ശാലിനി കുറിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അവർ ഇത് ഡിലീറ്റ് ചെയ്തു. ധന്യയുമായി പിണക്കം മറന്നെന്നും ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥികളുമായി ഒരു മീറ്റപ്പിന് ശ്രമം നടക്കുന്നുണ്ടെന്നുമൊക്കെ ആരാധകരുടെ ചോദ്യങ്ങളോട് ശാലിനി പ്രതികരിച്ചെങ്കിലും ഇവയും പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ബിഗ് ബോസ് സീസൺ 5 ഉടൻ എത്തുമെന്നായതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകരും. കഴിഞ്ഞ തവണത്തേത് പോലെ തന്നെ സീസൺ 5 ൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആകുമോ അതോ സിനിമ-സീരിയൽ താരങ്ങളായിരിക്കുമോ മത്സരാർത്ഥികളായി എത്തുകയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. സീസണ‍് 4 ൽ നാലോ അഞ്ചോ പേർ മാത്രമായിരുന്നു മിനിസ്ക്രീൻ, സിനിമാ താരങ്ങൾ.

സീസൺ 5 മത്സരാർത്ഥികളുടെ സാധ്യത പട്ടിക സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. നടി ദേവി ചന്ദന, വിഷ്ണു ഗൗരി, അരുൺ രാവൺ എന്നിവരുടെ പേരാണ് സാധ്യത പട്ടികയിൽ പറഞ്ഞ് കേൾക്കുന്ന ചില പേരുകൾ.കോമഡി താരം തങ്കച്ചന്‍ വിതുര,നടി രചന നാരായണൻ കുട്ടി, ശരണ്യ ആനന്ദ് എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. അന്തിമ പട്ടികയിൽ ആരൊക്കെ ഇടംപിടിക്കുമെന്ന് അറിയാൻ ഷോ വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications