'ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല', മോഹൻലാലിന് ബിഗ് ബോസ് ആരാധകന്റെ തുറന്ന കത്ത്
ആദ്യ മൂന്ന് സീസണുകളുടേയും വിജയത്തിന് ശേഷമാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ പ്രേക്ഷകർക്ക് മുന്നിലേക്ക് ഏറെ കാത്തിരിപ്പിന് ശേഷം എത്തിയത്. ആവേശകരമായ മത്സരങ്ങളുമായി ബിഗ് ബോസ് സീസൺ 4 മുന്നോട്ട് പോകുന്നു.
അതിനിടെ ബിഗ് ബോസിനെ കുറിച്ച് ഒരു പരാതി ഉന്നയിച്ച് ആരാധകൻ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ ബിഗ് ബോസ് അവതാരകനായ മോഹൻലാലിന് ഷോയെ കുറിച്ച് ഒരു പരാതി ഉന്നയിച്ച് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ഈ ആരാധകൻ.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

മോഹൻലാലിനുളള തുറന്ന കത്ത് ഇങ്ങനെ: ' പ്രിയപ്പെട്ട ലാലേട്ടാ, ഞാൻ പ്രദീപ് മേനോൻ എറണാകുളത്തു താമസിക്കുന്ന ഒരു പാലക്കാട്ടുക്കാരനാണ്. കഴിഞ്ഞ നാലു സീസൺ ആയി ഞാൻ ബിഗ്ഗ് ബോസ്സ് ഷോ കുടുംബ സമേതം കാണാറുണ്ട്. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഞങ്ങളുടെ ആരാധനാ പാത്രമായ ലാലേട്ടൻ നേതൃത്വം നൽകുന്നതു തന്നെയാണ്. അതു കാണുന്ന ഞങ്ങൾക്ക് നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തോന്നിയിട്ടുണ്ട്. എന്നാൽ അത് എങ്ങിനെ ചെയ്യണം എന്നറിയില്ല.

ഇപ്പോൾ ഈ എഴുതുന്നതും അങ്ങയുടെ ശ്രദ്ധയിൽ പെടുമോ എന്നും അറിയില്ല. കാരണം ഔദ്യോഗികമായ സൈറ്റ് ആണോ എന്നും നിശ്ചയമില്ല .അഥവാ ഇനി അങ്ങനെയല്ലെങ്കിൽ ഇത് കാണുകയും വായിക്കുകയും ചെയ്യുന്ന ആരെങ്കിലും ലാലേട്ടന്റെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരുന്നു എന്ന് അപേക്ഷിക്കുന്നു. കാരണം കഴിഞ്ഞ നാല് സീസണിലായി ആവർത്തിച്ചു കാണുന്ന ഒരു പദം ഞങ്ങൾക്ക് വളരെ അരോചകമായി തോന്നുന്നു. അതൊന്ന് ശ്രദ്ധയിൽ പെടുത്താൻ ആണ് ഞങ്ങളുടെ ശ്രമം. പ്രത്യേകിച്ച് എന്റെ മകൾ കൂടെ അത് അങ്ങയെ അറിയിക്കണം എന്ന്ആവശ്യപ്പെട്ട സ്ഥിതിക്ക്.

" മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ". എന്ന കവിഭാവന പോലെ മറ്റു ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ ബഹുമാനിച്ചു കൊണ്ടുതന്നെ പറയട്ടെ. Food എന്ന ഇംഗ്ലീഷ് വാക്കിന് പകരം ഉപയോഗിക്കാനായി ഭക്ഷണം, ആഹാരം എന്നീ ലളിതവും സുന്ദരവുമായ പദങ്ങളിരിക്കെ ഫുഡ്ഡ് എന്ന വികൃതമായ ഉച്ചാരണം കൊണ്ട് ( ഫൂട് എന്ന് കൂടെ ഉച്ചരിച്ചു കാണുന്നില്ല). ഭക്ഷണം കഴിച്ചോ, ആഹാരം കഴിച്ചോ എന്ന് കേൾക്കുമ്പോഴുള്ള നിർവൃതി ഫുഡ്ഡടിച്ചോ, ഫുഡ്ഡ് കഴിച്ചോ എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്നില്ല. കുറഞ്ഞ പക്ഷം ഞങ്ങളെ പോലെ ഭാഷയെ സ്നേഹിക്കുന്നവർക്കെങ്കിലും അതു മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതട്ടെ.

അല്ലെങ്കിൽ " Did you have food" അങ്ങനെ അല്ലെങ്കിൽ നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. അല്ലാതെ " ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല" എന്ന് പറഞ്ഞതു പോലെയുള്ള സംസ്കാരം നമ്മൾക്ക് വേണമോ. ഭാഷയിൽ അടിക്കുക എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് മറ്റു പല സന്ദർഭങ്ങൾക്കും യോജിച്ച വിധത്തിലാണ് എന്നാണ് എന്റെ പരിമിതമായ അറിവ്. ഇവിടെ ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ആധാരങ്ങളിലൊന്നായ ഭക്ഷണം അല്ലെങ്കിൽ ആഹാരം എന്ന പദവുമായി യോജിക്കുമ്പോഴാണ് മുഴച്ചു നിൽക്കുന്നതായി തോന്നുന്നത് കുടാതെ മുറി ആഗ്ലേയവും.

ഇത്രയും എഴുതുമ്പോൾ നാളെ ആരും "Food അടിച്ചോ" എന്നതിന് പകരം " ആഹാരം അടിച്ചോ" അഥവാ " ഭക്ഷണം അടിച്ചോ" എന്ന് തമാശ രൂപേണയെങ്കിലും ആരും പരിവർത്തനം ചെയ്യില്ല എന്ന് കരുതുന്നു. കാരണം ഇവിടത്തെ പ്രശ്നം Food എന്നതോ, ഭക്ഷണമോ, ആഹാരമോ എന്നതല്ല വികലമായ ഉച്ചാരണവും അതിനൊപ്പം അടിച്ചോ എന്ന പദത്തിന്റെ അസ്ഥാനത്തുള്ള ഉപയോഗവുമാവുന്നു. സീസൺ നാലിലെ എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. ഒപ്പം ലാലേട്ടനും കുടുംബത്തിനും ബിഗ്ഗ് ബോസ് വീട്ടിലെ എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ദിനാശംസകൾ നേരുന്നു നന്ദി. എന്ന് സ്വന്തം പ്രദീപ്.












Click it and Unblock the Notifications