'റോബിനുമായി സിനിമ ചെയ്യാനുദ്ദേശിച്ചിട്ടില്ല'; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? തുറന്ന് പറഞ്ഞ് ബാദുഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ കായികമായി നേരിട്ടതിന്റെ പേരില്‍ ഷോയില്‍ നിന്ന് പാതിവഴിയില്‍ പുറത്താക്കിയെങ്കിലും ഏറെ ആരാധകരെ സ്വന്തമാക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമാ ഓഫറുകളും താരത്തെ തേടിയെത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇതില്‍ ഏറെ ചര്‍ച്ചയായത് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍ എം ബാദുഷയുടെ ചിത്രത്തില്‍ റോബിന്‍ രാധാകൃഷ്ണന്‍ നായകനാകും എന്നതായിരുന്നു. ഒരു സൂപ്പര്‍താരമായിരിക്കും ചിത്രത്തില്‍ റോബിന്‍ രാധാകൃഷ്ണന്റെ വില്ലനായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി എന്‍ എം ബാദുഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റോബിന്‍ രാധാകൃഷ്ണനോടൊപ്പം ഒരു സിനിമ ഒരിക്കലും ആലോചിച്ചിരുന്നില്ല എന്നാണ് എന്‍ എം ബാദുഷ പറയുന്നത്. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയില്‍ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ അത്തരമൊരു സിനിമ സംഭവിച്ചേക്കാം എന്നുമാണ് എന്‍ എം ബാദുഷ വ്യക്തമാക്കുന്നത്. ബാദുഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'റോബിന്‍ രാധാകൃഷ്ണനെ വെച്ച് ഒരു സിനിമ ഒരിക്കലും ഞാന്‍ ചിന്തിച്ചിട്ടില്ല. റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോള്‍ എന്റെ ഉടമസ്ഥതയിലുള്ള മാറ്റിനി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നിറങ്ങിയ എല്ലാ താരങ്ങളേയും വെച്ച് നമ്മള്‍ ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു. ആ ഇന്റര്‍വ്യൂവിന് വേണ്ടി ഞാന്‍ ബന്ധപ്പെട്ടത് അനുസരിച്ചാണ് റോബിന്‍ എന്നെ കാണാന്‍ വന്നത്.
എന്റെ വീട്ടില്‍ വരികയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അത് ആള്‍ക്കാര്‍ അപ്പോള്‍ തന്നെ റോബിനെ വെച്ച് സിനിമ ചെയ്യുന്നു എന്ന തരത്തിലാക്കി മാറ്റി. ഒരിക്കലും അങ്ങനെ ഒരു പ്രൊജക്ടിനെപ്പറ്റി നമ്മള്‍ ആലോചിച്ചിട്ടില്ല. ഭാവിയില്‍ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. പക്ഷെ ഉടനെ അത് സംബന്ധിച്ച് തീരുമാനമൊന്നുമില്ല. കാരണം നമ്മള്‍ ഏകദേശം ആറേഴ് പ്രൊജക്ട് ഇതുവരെ കമ്മിറ്റഡ് ആണ്.'
അതിനിടെ സ്വന്തം നിര്‍മാണ കമ്പനിയുടെ ചിത്രം റോബിന്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റോബിന്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നായകനും സംവിധായകനുമെല്ലാം റോബിന്‍ രാധാകൃഷ്ണനാണ്. എന്നാല്‍ ഈ പോസ്റ്റര്‍ പുറത്തിറങ്ങിയതല്ലാതെ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications