കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'
കൊച്ചി: ആരതിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വാചാലനായി ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. പ്രണയിച്ച് നടക്കാൻ വേണ്ടിയല്ല വിവാഹം കഴിക്കാൻ തന്നെയായിരുന്നു പ്രണയം പറഞ്ഞത്. തങ്ങൾ കലിപ്പനും കാന്താരിയുമല്ലെന്നും പരസ്പരം പിന്തുണച്ച് മുന്നോട്ട് പോകുന്നവരാണെന്നും റോബിൻ പറഞ്ഞു. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. റോബിന്റെ വാക്കുകളിലേക്ക്

'സിനിമയൊക്കെ ഇറങ്ങി അടുത്ത വർഷമായിരിക്കും വിവാഹം. ഫെബ്രുവരിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എറണാകുളത്ത് ഫ്ളാറ്റെടുത്തത് യാത്രകളും മറ്റും ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു.
ആരതിയോടുള്ള പ്രണയം ആദ്യം അവളുടെ മാതാപിതാക്കളോടാണ് ആദ്യം അറിയിച്ചത്. എനിക്ക് ഇഷ്ടമാണ്, നല്ല രീതിയിൽ നോക്കിക്കോളാം ആലോചിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അവർ ആലോചിച്ച് ഒകെ ആണെന്ന് പറഞ്ഞു'.

'എന്റെ വീട്ടിൽ അവതരിപ്പിക്കേണ്ടി വന്നില്ല. അവർ എന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്നവരാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇപ്പോൾ എന്റെ വീട്ടുകാർ ഞാൻ എവിടെയാണെന്നൊക്കെ അറിയുന്നത്. എന്റെ ഈ ജീവിതത്തിൽ അമ്മയൊക്കെ വളരെ സന്തോഷവതിയാണ്.എംബിബിഎസ് എടുക്കുകയെന്നതൊന്നും ചില്ലറ കാര്യമല്ല. എംഡി ചെയ്യാൻ പോയാൽ ഉത്തരവാദിത്തങ്ങൾ കൂടും. അപ്പോൾ സിനിമയും തന്റെ പാഷനൊന്നും പിന്തുടരാൻ സാധിക്കില്ല. 7 വർഷത്തോളം ഡോക്ടറായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്റെ പാഷനുമായും തനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്'.

'ഈ കലിപ്പന്റെ കാന്താരി എന്നൊക്കെ പറയുന്നത് പോലെയാണ് ഞങ്ങൾ എന്നൊക്കെയാണ് പലരുടേയും ധാരണ.ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നവരാണ്, തെറ്റുകൾ പരസ്പരം ചൂണ്ടിക്കാട്ടി അത് തിരുത്തുന്നവരാണ്. ഞങ്ങൾക്ക് ഒരു പോലെ വളരണം. അവൾ സന്തോഷത്തോടെ ഇരിക്കണം, അവൾ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും. ആരതി എന്നെ ചേട്ടാ എന്ന് വിളിക്കുന്നതാണ് ഇഷ്ടം. അവൾ അത് വിളിച്ചു. ഞാൻ അതിൽ ഒകെയാണ്'.

'ജീവിതത്തിൽ 100 ശതമാനം പെർഫെക്ട് ആയിരിക്കുന്നവർ മാത്രം മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടുക. ഇല്ല എന്നുണ്ടെങ്കിൽ സ്വന്തം കാര്യം നോക്കി ജീവിക്കുക', റോബിൻ പറഞ്ഞു. 'താൻ കലിപ്പന്റെ കാന്താരിയാവാൻ ഒരു പണിയും ഇല്ലാതെ റോബിന്റെ പുറകെ നടക്കുന്ന ആളല്ല. ഞാൻ ഒരു സംരഭകയാണ്. അതിനെ എല്ലാ രീതിയിലും റോബിൻ പിന്തുണക്കുന്നുണ്ടെന്ന് ആരതിയും അഭിമുഖത്തിൽ പ്രതികരിച്ചു.

'ആരതിയുടെ ഫ്രണ്ട്ലിസ്റ്റിൽ കൂടുതൽ റിയാസ് ഫാൻസ് ആണ്, അതിൽ തനിക്ക് പ്രശ്നമില്ല. ആരെ ഇഷ്ടപ്പെടണം എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടമാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ വൈബാണെന്നും ഒരുമിച്ച് പോകാൻ സാധിക്കും എന്നത് കൊണ്ടുമാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പ്രണയിച്ച് നടക്കാൻ ഒന്നും അല്ല പ്രണയം പറഞ്ഞത്. വിവാഹം കഴിക്കാൻ തന്നെയായിരുന്നു തീരുമാനം'

'ബിഗ് ബോസിൽ വരുന്നതിന് മുൻപ് എന്നെ അറിയുന്നവർ കുറവായിരുന്നു. ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കുന്നത് തന്നെ എന്നെ ഇഷ്ടപ്പെടുന്നവർ കാരണമാണ്. എന്നെ ഇഷ്ടപ്പെടുന്നവർ ഇല്ലാണ്ടായാൽ ഞാൻ എന്ന വ്യക്തി തന്നെ ഇല്ലാണ്ടാവും', റോബിൻ പറഞ്ഞു.

'സോഷ്യൽ മീഡിയയിൽ ഉള്ള ആളുകളാണ് മൊത്തം മലയാളികൾ എന്നാണ് പലരുടേയും ചിന്ത. അങ്ങനെ ആയിരുന്നെങ്കിൽ ബിഗ് ബോസ് സീസൺ 4 ന്റെ വിജയി മറ്റാരെങ്കിലും ആകണമായിരുന്നു. സോഷ്യൽ മീഡിയയുടെ അഭിപ്രായ പ്രകാരം വേറെ പലരുമായിരുന്നു ബിഗ് ബോസ് സീസൺ 4 ന്റെ വിജയി. എന്നാൽ വിജയിച്ചത് അപ്രതീക്ഷതമായിട്ടുള്ള വ്യക്തിയായിരുന്നു. പുറത്ത് നിന്ന് പിന്തുണച്ചാൽ ബിഗ് ബോസിൽ വിജയിക്കാൻ സാധിച്ചുവെന്നാല്ലോ, സീസൺ 5 ലും അപ്പോൾ അത്തരത്തിലൊരു സാധ്യത ഇല്ലേ', റോബിൻ ചോദിച്ചു.. .












Click it and Unblock the Notifications