'അഖിൽ മാരാർ അത് ചെയ്യാത്തത് ക്യാമറ ഉള്ളത് കൊണ്ടായിരിക്കാം; അത്തരം ഗെയിം ഞാൻ പ്രോത്സാഹിപ്പിക്കില്ല'; റിയാസ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തനായ മത്സരാർത്ഥി തന്നെയാണ് അഖിൽ മാരാർ എന്ന് മുൻ ബിഗ് ബോസ് താരം റിയാസ് സലീം. എന്നാൽ അഖിലിന്റെ ഗെയിമിനെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും റിയാസ് പറഞ്ഞു. അഖിൽ മാരാരുടെ 'മുണ്ടുപൊക്കൽ' വിഷയം ഉൾപ്പെടെയുള്ള വിവാദങ്ങളിലായിരുന്നു റിയാസിന്റെ പ്രതികരണം. ഇത്തവണത്തെ സീസണിൽ ചില മത്സരാർത്ഥികളും കണ്ടന്റുകളും വളരെ ഫേക്കായിട്ടാണ് അനുഭവപ്പെട്ടതെന്നും റിയാസ് വ്യക്തമാക്കി. 'ജാങ്കോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം.
റിയാസ് പറഞ്ഞത്-'അഖിൽ മാരാർ മുണ്ട് പൊക്കിയപ്പോൾ അതിന് പിന്നിൽ മോശമായ ഉദ്ദേശമൊന്നുമില്ലായിരുന്നു.പക്ഷേ വളരെ അടുത്ത് ഒരു സ്ത്രീയും ട്രാൻസ്ജെന്റർ വുമണുമൊക്കെ ഉണ്ടായിരുന്നു. പെട്ടെന്ന് അങ്ങനെ ഒരു ആക്ട് കാണുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് അതിനെ കുറിച്ച് അപ്പോൾ തന്നെ പ്രതികരിച്ചത്. മാത്രമല്ല അഖിൽ മാരാരുടെ ഭാഗത്ത് നിന്ന് ഇതിന് മുൻപും അങ്ങനെയുള്ള പ്രവൃത്തികളും സംസാരങ്ങളും ഉണ്ടായിട്ടുണ്ട്.
വളരെ അഗ്രസീവായി സ്ത്രീകളോട് അഖിൽ സംസാരിച്ചിട്ടുണ്ട്.സ്ത്രീകളെ ഇടിക്കും എന്ന നിലയ്ക്ക് അടുത്ത് പോയിട്ടുണ്ട്. ആളുകൾ പറയും അയാൾ ഇടിക്കില്ലെന്നൊക്കെ, അങ്ങനെയെങ്കിൽ അങ്ങനെ കാണിച്ച് അവവരുടെ അടുത്തേക്ക് പോകേണ്ടതില്ലല്ലോ.ചിലപ്പോൾ കാമറ കോൺഷ്യസ് ആയത് കൊണ്ടായിരിക്കും ആ പ്രവൃത്തി ചെയ്യാത്തത്. ഒരുപക്ഷേ യഥാർത്ഥ ജീവിതത്തിൽ അത് ചെയ്യുമായിരിക്കാം. അതുകൊണ്ട് കൂടിയാണ് മുണ്ടുപൊക്കൽ സംഭവത്തിൽ പ്രതികരിച്ചത്.
അഖിൽ മാരാർ ഒരു മോശം മനുഷ്യനാണെന്ന് ഞാൻ പറയില്ല, സ്ത്രീ വിരുദ്ധനാണെന്ന് പറയുന്നില്ല. പക്ഷേ സ്ത്രീകളുടെ കഠിനാധ്വാനത്തെ അയാൾ വിലകുറച്ച് കാണും. അത്തരത്തിലുള്ള നിരവധി പ്രതികരണങ്ങൾ അയാൾ നടത്തിയിട്ടുണ്ട്. പുരുഷൻമാരുടെ നറേറ്റീവിൽ നിന്ന് മാത്രം ചിന്തിക്കുന്നൊരു വ്യക്തിയായിട്ട് എനിക്ക് അഖിൽ മാരാറെ തോന്നിയിട്ടുണ്ട്.

അഖിൽ മാരാരിൽ ചില നല്ല കാര്യങ്ങൾ ഉണ്ട്. അയാൾ ഒരു നല്ല ഗെയിമർ കൂടിയാണ്. കേരളത്തിൽ എന്ത് വർക്കാവുമെന്ന് അഖിലിനറിയാം. ആ ഗെയിമിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അവിടെയുള്ള മറ്റേത് മത്സരാർത്ഥികളെക്കാളും ബുദ്ധിപരമായി ഗെയിം കളിക്കുന്നത് അഖിൽ തന്നെയാണ്.
അഖിൽ മാരാർക്കെതിരെ മത്സരിക്കാൻ കഴിയുന്ന മത്സരാർത്ഥികൾ ബിഗ് ബോസിൽ ഉണ്ട്. ഒരുപക്ഷേ അവർ സമയമെടുക്കാം. സെറീന, നാദിറ, ജുനൈസ് ഇവരൊക്കെ അവിടെ നടക്കുന്ന കാര്യങ്ങൾക്കെതിരെ കൃത്യമായി സംസാരിക്കുന്നവർ തന്നെയാണ്. പക്ഷേ ചില മത്സരാർത്ഥികൾ 24 മണിക്കൂറും പൊളിറ്റിക്കൽ കറക്ടനസിനെ കുറിച്ചൊക്കെ സംസാരിച്ച് അതിന്റെ വാല്യു പോലും ഇല്ലാതാക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. അങ്ങനെ ചൂണ്ടിക്കാട്ടുമ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾക്ക് ഒരു വാല്യു ഇല്ലാതെ വരും.
ബിഗ് ബോസ് സീസൺ 4 ൽ ചില മത്സരാർത്ഥികൾ ഒഴിച്ച് ബാക്കിയുള്ളവർ വളരെ റിയൽ ആയിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഉണ്ടായ പല വിഷയങ്ങളും റിയൽ ആയിരുന്നു. സൗഹൃദങ്ങളും നിലപാടുകളും എന്തിന് ശത്രുത പോലും ശക്തമായിരുന്നു. പക്ഷേ ഈ സീസണിൽ അങ്ങനെ അല്ല. നിലപാടുകളിൽ എതിർപ്പ് കാണിക്കും പക്ഷേ അവസാനും അത് പറഞ്ഞ് തീർക്കും.
ഈ സീസണിൽ ഉള്ള മത്സരാർത്ഥികൾക്ക് കാര്യങ്ങൾ എങ്ങനെ വർക്കാവുമെന്ന ധാരണ ഉണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടം പോലെ ഫേക്ക് കണ്ടന്റുകൾ ഉണ്ട്. ഇത്തവണത്തേത് സീസൺ ഓഫ് ഒറിജിനൽസ് എന്നാണെങ്കിലും ഫേക്ക് ആണ് അവിടുത്തെ പല കാര്യങ്ങളും', റിയാസ് പറഞ്ഞു.












Click it and Unblock the Notifications