അഖിൽ മാരാർക്ക് കുരുക്ക്; മധുവിനെതിരായ അധിക്ഷേപ പരാമർശത്തിനെതിരെ പരാതി
ബിഗ് ബോസ് സീസൺ 5 ൽ മത്സരാർത്ഥികളിൽ ഒരാളായ സംവിധായകൻ അഖിൽ മാരാർ നടത്തിയ ഒരു പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച് കൊണ്ടുള്ളതായിരുന്നു അഖിലിന്റെ പരാമർശം. ഇപ്പോഴിതാ അഖിലിന്റെ പരാമർശത്തിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ദിശ സംഘടന.
ബിഗ് ബോസിലെ ഒരു ടാസ്കിനിടയിലായിരുന്നു അഖിലിന്റെ അധിക്ഷേപ പരാമർഷം. മത്സരാർത്ഥികളുടെ കലാപ്രാവീണ്യം തെളിയിക്കുന്ന ടാസ്കിൽ സാഗർ സൂര്യ എന്ന മത്സരാർത്ഥിക്ക് ലഭിച്ച കഥാപാത്രം മീശമാധവൻ എന്ന ദിലീപ് ചിത്രത്തിലെ കള്ളൻ മാധവൻറെ വേഷമായിരുന്നു. ഈ പ്രകടനത്തിനിടെ സാഗറിനോട് അഖിൽ പറഞ്ഞ കാര്യമാണ് പരാതിക്ക് കാരണമായത്.

ടാസ്കിനിടയിൽ കഥാപാത്രമായി മോഷ്ടിക്കാൻ സാഗർ സൂര്യ ഇറങ്ങിയപ്പോൾ
നിന്നോട് അരിയാഹാരം മോഷ്ടിക്കാനാണോടാ പറഞ്ഞത്. നീ ആരാ മധുവോ, ബാക്കിയുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥ വരും. അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയായി പോകും എന്നിങ്ങനെയായിരുന്നു അഖിലിന്റെ പ്രതികരണം.
വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. അഖിൽ മാരാരുടെ ഉള്ളിലെ സവർണതയാണ് പുറത്തേക്ക് വന്നതെന്നും ഒരു നേരത്തെ അന്നം എടുത്തതിന്റെ പേരിൽ ജാതി കേരളം ആൾക്കൂട്ട കൊലപാതകത്തിന് ഇരയാക്കിയ മധു അയാൾക്ക് തമാശയ്ക്കുള്ള വകയാണെന്നും ചിലർ വിമർശിക്കുന്നു.
മനുഷ്യന്റെ വിശപ്പിനെ പരിഹസിക്കുകയും ആൾക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്നതുമാണ് അഖിലിന്റെ പരാമർശമെന്നും ഇനിയും അഖിൽ ബിഗ് ബോസിൽ തുടരാൻ യോഗ്യനല്ലെന്നും ചിലർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഖിലിനെതിരെ ദിശ പരാതി നൽകിയിരിക്കുന്നത്.
പരാതി നൽകിയത് സംബന്ധിച്ച് ദളിത് പ്രവർത്തകനായ ദിനു വെയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'മധുവിനെ അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ പരാതി നൽകി ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന ബിഗ് ബോസ് എന്ന പരിപാടിയിൽ അഖിൽ മാരാർ എന്നയാൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തിൽ വെച്ച് അപകീർത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗർ സൂര്യ എന്ന വ്യക്തിയോട് "നിന്നോട് അരി ആഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും " എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു .
പ്രസ്തുത അധിക്ഷേപം നടത്തിയതിനു ശേഷം അഖിൽ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു .ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ കൃത്യമായ നടപടികൾ ആവശ്യമുണ്ട്'












Click it and Unblock the Notifications