'അഖിൽ മാരാർ ഇല്ലെങ്കിൽ പുറത്ത് ശോഭയുണ്ടോ, സത്യം പറ റിയാസേ?'; അഖിലിന്റെ വായടപ്പിച്ച് റിയാസ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ആവേശകരമായ പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ വീണ്ടും രണ്ട് ചാലഞ്ചേഴ്സിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. സീസൺ 3യിലേയും 4ലേയും വൈൽഡ് കാർഡ് എൻട്രികളായിരുന്ന പൊളി ഫിറോസും റിയാസ് സലീമുമാണ് ഹൗസിൽ എത്തിയിരിക്കുന്നത്. ശക്തരായ മുൻ മത്സരാർത്ഥികളുടെ വരവ് ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല.
പുറത്ത് നിന്ന് ഷോ കണ്ട് എത്തിയ ഇരുവരും മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനങ്ങളെ കുറിച്ചും വിവാദപരമായ പരാമർശങ്ങളെ കുറിച്ചുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും സൂചന നൽകുന്നുണ്ട്. ഇത് മത്സരാർത്ഥികളെ അസ്വസ്ഥമാക്കുന്നുമുണ്ട്. അതേസമയം ചാലഞ്ചേഴ്സിൽ നിന്നും തങ്ങളുടെ പുറത്തെ പ്രതിച്ഛായ എങ്ങനെയെന്ന് കൂടുതലായി അറിയാനുള്ള ശ്രമങ്ങളും ചില മത്സരാർത്ഥികൾ നടത്തുന്നുണ്ട്. അത്തരത്തിൽ അഖിൽ മാരാർ തുടങ്ങിവെച്ച ചർച്ചയാണ് ഇപ്പോൾ വൈറലാകുന്നത്. റിയാസിനോടായിരുന്നു അഖിലിന്റെ ചോദ്യം.

സംസാരിക്കുന്നതിനിടയിൽ റിയാസെ താനൊരു ചോദ്യം ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയുമോയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു റിയാസിനോടുള്ള ചോദ്യം അഖിൽ ഉന്നയിച്ചത്. അഖിൽ മാരാർ ഇല്ലെങ്കിൽ ശോഭയുണ്ടോയെന്നായിരുന്നു അഖിലിന്റെ ചോദ്യം. ഇതിന് പുറത്തെ മാറ്റങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയണമെന്നില്ല എന്നായി റിയാസിന്റെ പ്രതികരണം. എന്നാൽ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല എന്നായി അഖിൽ.
നിങ്ങൾക്ക് വലിയ പ്രധാന്യം ഉണ്ടെന്ന് സ്വയം ചിന്തിച്ച് കൂട്ടരുത് മാരാർ എന്നായി ഇതോടെ റിയാസ്. എന്നാൽ അഖിൽ വീണ്ടും ചോദ്യമുയർത്തി, അഖിൽ മാരാർ-ശോഭ കോമ്പോ ഉണ്ടായിരുന്നില്ലെങ്കിൽ ശോഭയുടെ കണ്ടൻറ് എന്താകുമായിരുന്നുവെന്നായി അഖിൽ. ഇതോടെ അഖിൽ മാരാർ ഇല്ലെങ്കിലും ശോഭ ഉണ്ട് എന്നായി റിയാസ്. എല്ലാവർക്കും അവരുടേതായ പ്രാധാന്യമുണ്ടെന്നും റിയാസ് പറഞ്ഞു. ഇതോടെ 100 ദിവസം കഴിഞ്ഞ് പുറത്തെത്തിയാൽ താൻ റിയാസിനോട് ഇക്കാര്യം ചോദിക്കുമെന്നും അപ്പോൾ കാണാമെന്നും അഖിൽ പറഞ്ഞു. സകല കളിയും പഠിച്ച് വന്നവനാണല്ലോ റിയാസ് എന്നും അഖിൽ പറഞ്ഞു.
അതിനിടയിൽ ശോഭയും ഇടപെട്ടു. തനിക്ക് വേണ്ടി ബിഗ് ബോസിൽ ഇത്രയും നാൾ ഗെയിം കളിച്ചത് അഖിൽ മാരാർ ആയിരുന്നുവല്ലോയെന്നായിരുന്നു ശോഭ തുറന്നടിച്ചത്. തനിക്കും പ്രാധാന്യമുണ്ടെന്ന് പറഞ്ഞ റിയാസിനോട് ശോഭ നന്ദിയും പ്രകടിപ്പിച്ചു.
ബിഗ് ബോസിൽ ശോഭ-അഖിൽ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ആരാധകർക്കിടയിൽ തുടക്കത്തിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയിരുന്നു. ഇരുവരുടേതും 'ടോം ആന്റ് ജെറി' കൂട്ടുകെട്ടാണെന്ന നിലയ്ക്കായിരുന്നു അഖിൽ മാരാർ ഫാൻ ഗ്രൂപ്പുകളിൽ ഈ സൗഹൃദം ആഘോഷിക്കപ്പെട്ടത്. എന്നാൽ അഖിലിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പലപ്പോഴും ശോഭ ചോദ്യമുയർത്തിയതോടെ ഈ കൂട്ട് കെട്ട് പിരിയുകയും ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ശത്രുക്കൾ എന്ന നിലയിലേക്ക് ഇരുവരും മാറുകയും ചെയ്തു.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ ഹൗസിൽ വലിയ തർക്കം ഉടലെടുത്തിരുന്നു. തന്റെ കാര്യങ്ങൾ നേടിയെടുക്കാനായി മറ്റുള്ളവരെ സുഖിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണ് ശോഭ എന്ന അഖിലിന്റെ ആരോപണമാണ് തർക്കത്തിന് വഴിവെച്ചത്. 'പുറത്ത് സുഖിപ്പിച്ച് നടന്ന് കാര്യങ്ങൾ നേടിയെടുക്കുന്ന ആളാണ്, നിന്റെ ബിസിനസ് നീ ചെയ്യുന്നത് എങ്ങനെയാണ്, ഓരോരുത്തരേയും സുഖിപ്പിച്ച് കച്ചവടം ചെയ്യുകയല്ലേ', എന്നായിരുന്നു അഖിൽ പറഞ്ഞത്. ഇതിന് അഖിൽ മാരാരിന് അത്തരത്തിൽ മാത്രമേ ചിന്തിക്കാൻ സാധിക്കൂവെന്നായിരുന്നു ശോഭ നൽകിയ മറുപടി.
അതേസമയം അഖിലിന്റെ ഈ പരാമർശത്തിനെതിരെ ഷിജു അടക്കമുള്ളവർ അഖിലിനെതിരെ രംഗത്തെത്തിയിരുന്നു. പരാമർശം ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നായിരുന്നു സഹമത്സരാർത്ഥികൾ വ്യക്തമാക്കിയത്.












Click it and Unblock the Notifications