അഖിൽ മാരാരോ ശോഭയോ അതോ വമ്പൻ ട്വിസ്റ്റോ? മുൻ ബിഗ് ബോസ് താരങ്ങൾ പറയുന്നത് ഇങ്ങനെ
കൊച്ചി: പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മലയാളം ബിഗ് ബോസ് മലയാളം സീസൺ 5 ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഞായറാഴ്ച വൈകീട്ട് മുതലാണ് ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമാവുന്നത്. നിലവിൽ ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍, ഷിജു അബ്ദുള്‍ റഷീദ് എന്നിവരാണ് ആറ് പേര്‍. ഇതിൽ ഒരാൾക്കൂടി ഇന്ന് പുറത്താകുമെന്നാണ് ഏറ്റവും ഒടുവിലായി വന്ന പ്രമോ വ്യക്തമാക്കുന്നത്.
അതേസമയം ഇത്തവണ ആര് കപ്പ് ഉയർത്തുമെന്ന ചർച്ചകളും പ്രവചനങ്ങളും ഇതിനോടകം തന്നെ ബിഗ് ബോസ് ആരാധകർക്കിടയിൽ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ പ്രവചനങ്ങളുമായി മുൻ ബിഗ് ബോസ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ബഷീർ ബഷി, ഷിയാസ് കരീം, രജിത് കുമാർ എന്നിവരാണ് ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം പങ്കിട്ടത്.

തന്റെ അഭിപ്രായത്തിൽ അഖിൽ മാരാർ ആയിരിക്കും ഇത്തവണ കപ്പ് ഉയർത്തുകയെന്നാണ് ബഷീർ ബഷി പറഞ്ഞത്.'ഇപ്പോൾ ബിഗ് ബോസിൽ അർഹതപ്പെട്ടവരിൽ ഒരാൾ അഖിലേട്ടനാണ്. അവിടെ അർഹതയുള്ള വേറൊരാൾ ഇല്ല', ബഷീർ ബഷി പറഞ്ഞു. ഷിയാസ് കരീമും ഇതേ അഭിപ്രായമായിരുന്നു പങ്കിട്ടത്. 'എന്റെ മനസിൽ അഖിൽ മാരാരും റിനോഷ് ജോർജുമാണ് ഉണ്ടായിരുന്നത്. റിനോഷ് പോയല്ലോ, ഇനി അഖിലേട്ടൻ ജയിക്കട്ടെ', ഷിയാസ് പറഞ്ഞു.
അഖിലും ശോഭയും ഡിസർവിംഗ് തന്നെയാണെങ്കിലും വ്യത്യസ്തമായൊരു അഭിപ്രായമാണ് തനിക്ക് പങ്കുവെയ്ക്കാൻ ഉള്ളതെന്നായിരുന്നു രജിത് കുമാർ പറഞ്ഞത്. 'ലാലേട്ടൻ പറഞ്ഞത് പറഞ്ഞത് പോലെ ബിഗ് ബോസ് എന്നത് പ്രവചനാതീതമാണ്. അതിനാൽ വലിയ പ്രേക്ഷക പിന്തുണയുള്ള മറ്റ് രണ്ട് കഥാപാത്രങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് തന്റെ കണക്ക് കൂട്ടൽ. ഷിജുവും റെനീഷയും ആണവർ. ഷിജുവിന് നല്ല വോട്ടുണ്ട്. ഷിജുവിനെ നമ്മൾ ഫോക്കസ് ചെയ്യാത്തത് അദ്ദേഹം അഖിലിന്റെ നിഴലിൽ ഒതുങ്ങി പോയത് കൊണ്ടാണ്.
ഷിജു നല്ല പ്ലയർ ആണ്. രണ്ട് തവണ കാപ്റ്റൻ ആയിട്ടുണ്ട്.ഞാൻ നേരിട്ട് പോയി കണ്ടയാളാണ്. അദ്ദേഹം കലാകാരനാണ്, ആർട്ടിസ്റ്റ് എന്ന നിലയിൽ 120 ഓളം സിനിമ ചെയ്തു കഴിഞ്ഞയാളാണ്. അതുമാത്രമല്ല ഗെയിമൊക്കെ നല്ല നിലയിലാണ് അദ്ദേഹം ചെയ്യുന്നത്. അതിനെക്കാളൊക്കെ അപ്പുറം ഒരു ജെന്റിൽമാൻ എന്ന നിലയിൽ ഉള്ള ടോപ് ക്ലാസ് ബിഹേവിയർ ആണ് അദ്ദേഹം അവിടെ പ്രകടിപ്പിച്ചിട്ടുള്ളത്.
അതുപോലെ തന്നെയാണ് റെനീഷ റഹ്മാനും. എന്തുകൊടുത്താലും പെർഫെക്ട് ആയി ചെയ്ത് കൊണ്ടിരിക്കുന്ന വ്യക്തിയാണവർ. ആർട്ടിസ്റ്റ് എന്ന നിലയിലാണെങ്കിലും ഗെയിമർ എന്ന തരത്തിലാണെങ്കിലും മികച്ച നിലയിൽ മുന്നിൽ നിൽക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസിൽ നിന്നും വ്യത്യസ്തമായൊരു ഫലം വന്നാൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർക്കും നല്ല നിലയിൽ വോട്ടുകൾ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് കിട്ടുന്ന വോട്ടും പിന്തുണയും മുഖ്യധാരയിൽ എത്തുന്നില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്', രജിത് കുമാർ പറഞ്ഞു.
ബിഗ് ബോസ് സീസൺ 5 ടൈറ്റിൽ വിന്നർക്ക് 50 ലക്ഷം രൂപ ക്യാഷ് അവാർഡ് ആയിരിക്കും ലഭിക്കുക. മണി ബോക്സ് ടാസ്കിൽ മത്സരാർത്ഥിയായ നാദിറ ഏഴരലക്ഷം രൂപയെടുത്ത് പുറത്ത് പോയത് കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തുവർക്ക് ഈ തുക കിഴിച്ചുള്ള സമ്മാനമായിരിക്കും ലഭിക്കുക. അതേസമയം മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷക വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക.












Click it and Unblock the Notifications