'നീ എന്തിനാണ് എന്നെ ചൊറിയുന്നത്,ഞാൻ നിന്നെ ജുനൂക്കാന്ന് വിളിച്ചോ?' '; ജുനൈസിനെ പറപ്പിച്ച് സെറീന
കൊച്ചി: ബിഗ് ബോസിൽ മത്സരാർത്ഥികൾ തമ്മിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം അടിയുണ്ടാകാറുണ്ട്. ചെറിയ കാര്യങ്ങളിൽ തുടങ്ങുന്ന പരസ്പരമുള്ള വാക്ക്പോരുകൾ വലിയ പൊട്ടിത്തെറിയിൽ കലാശിച്ച സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സെറീനയും ജുനൈസും തമ്മിലുള്ള ചെറിയൊരു വാക്ക് തർക്കത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംസാരത്തിനിടയിൽ ജുനൈസ് സെറീനയെ വിമർശിച്ചതാണ് തർക്കത്തിന്റെ തുടക്കം. എല്ലാത്തിനും ഇടയ്ക്ക് 'ഞങ്ങൾ' എന്നാണ് സെറീന പറയുന്നത് എന്ന് ജുനൈസ് പറയുകയായിരുന്നു. എന്നാൽ അങ്ങനെ താൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് ജുനൈസിനോട് സെറീന പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അങ്ങനെ പറയുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ലയെന്നും ഇപ്പോൾ ജുനൈസ് എന്തിനാണ് തന്നെ ചൊറിയുന്നതെന്നും സെറീന ചോദിക്കുന്നുണ്ട്.

'ഗാർഡൻ ഏരിയയിൽ എല്ലാവരോടും വന്നിരിക്കാൻ പറഞ്ഞു, അതിനിടയിൽ ലോലിപ്പോപ്പും നുണഞ്ഞുകൊണ്ട് എന്നെ ചൊറിയേണ്ട കാര്യമെന്താണ്, നിന്നെ ഞാൻ തക്കുടു ജുനൈസ് എന്ന് വിളിച്ചോ? വിളിച്ചവരെ പോയി ചൊറിയൂ,ഒരു പണിയും ഇല്ല, ഞാൻ സീക്രട്ട് റൂമിൽ പോയി വന്നപ്പോൾ തൊട്ട് എന്നെ ചൊറിയുകയാണ്. ചൊറിയണം വല്ലതുമുണ്ടോ നിന്റെ കൈയ്യിൽ? എന്നിട്ട് എല്ലാം കഴിഞ്ഞ് പറയും സെറീന മാറിയെന്ന്, കോപ്പ്', ദേഷ്യത്തോടെ സെറീന പറഞ്ഞു.
ഇതോടെ കോപ്പ് എന്നത് മോശം വാക്കാണ് എന്ന് ജുനൈസ് ചൂണ്ടിക്കാട്ടി. എന്നാൽ കോപ്പ് മോശം വാക്കല്ലെന്നും കുന്തം,കുടച്ചക്രം എന്നൊക്കെ പറയുന്നത് പോലെ സാധാരണ ഉപയോഗിക്കുന്ന വാക്ക് മാത്രമാണതെന്നും സെറീന പറഞ്ഞു. സുഹൃത്തായ റെനീഷയും ഇത് ഏറ്റുപിടിച്ചു. ഇതോടെ കോപ്പ് എന്നത് വലിയ ചീത്ത വാക്ക് അല്ലെന്നും അതേസമയം ബഹുമാനം ഇല്ലാതെ പറയുന്നൊരു വാക്കാണെന്നും ജുനൈസ് പറഞ്ഞു. ഒടുവിൽ ജുനൈസ് ക്ഷമ പറയുന്നതും വീഡിയോയിൽ കാണാം.
അതിനിടെ മറ്റൊരു അവസരത്തിൽ ഗാർഡൻ ഏരിയയിൽ വെച്ച് അഖിൽ മാരാർ-ശോഭ-ജുനൈസ് തർക്കത്തിൽ ജുനൈസ് നടത്തിയൊരു പരാമർശത്തിനെതിരെ റെനീഷയും രൂക്ഷമായി പ്രതികരിച്ചു. തർക്കത്തിനിടയിൽ ജുനൈസിനെ അഖിൽ സാഡിസ്റ്റ് എന്ന് വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ശോഭ രംഗത്തെത്തിയതോടെ ഇത് വലിയൊരു തർക്കമാകുകയായിരുന്നു. ഇതോടെയാണ് റെനീഷ ജുനൈസിനെതിരെ രംഗത്തെത്തിയത്.
'നിങ്ങളെല്ലാം പെർഫെക്ട് ആണോ. നീ ആരെയും കളിയാക്കാറില്ലേ. ടാസ്ക് നടന്നപ്പോൾ നീ എത്രതവണ മുണ്ട് പൊക്കിയ കാര്യം പറഞ്ഞിട്ടുണ്ട്. അത് കളിയാക്കലല്ലേ. അത് ആരെയും വേദനിപ്പിക്കില്ലേ. നിന്നെ പറഞ്ഞാൽ മാത്രം നിനക്ക് വേദനിക്കും. പുള്ളിയെ പറഞ്ഞാൽ പുള്ളിക്ക് വിഷമം ആവില്ലേ. പുള്ളിക്ക് ഫീലിംഗ്സ് ഒന്നുമില്ലേ. നീ മാത്രമാണോ മനുഷ്യൻ. നീ ചെയ്താൽ ശരി, അഖിൽ ചെയ്താൽ അത് പ്രശ്നമോ', എന്നായിരുന്നു റെനീഷ തുറന്നടിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ അഖിൽ മാരാർ-ശോഭ-ജുനൈസ് തർക്കത്തിൽ ഇടപെട്ട് അത് വഷളാക്കിയത് റെനീഷയും സെറീനയുമാണെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്.
റെനീഷയും സെറീനയും നല്ല ഗെയിമേഴ്‌സ് ഒക്കെത്തന്നെയാണ് പക്ഷേ മറ്റുള്ളവരുടെ പ്രശ്നത്തിൽ കയറിയുള്ള അനാവശ്യ മോഡേറ്ററ്റർ/ജഡ്ജ് ജോലിയാണ് മിക്ക പ്രശ്നങ്ങളെയും മറ്റൊരു രീതിയിലേക്ക് വഴിതിരിച്ച് വിടാൻ കാരണമാകുന്നതെന്നാണ് ആരാധകൻ പറയുന്നത്.
'ബിഗ് ബോസിൽ ഉണ്ടാകുന്ന മിക്ക വഴക്കുകളും പഴയ ഏതേലും സംഭവങ്ങളിലെ ശരി തെറ്റുകൾകൂടി ആശ്രയിച്ചായിരിക്കും. അതുകൂടി വിലയിരുത്തിയ ശേഷമേ നമുക്ക് ന്യായം ആരുടെ ഭാഗത്താണ്, തെറ്റ് ആരുടേതാണ് എന്നൊക്കെ മനസിലാക്കാൻ പറ്റു.ഇത് ഒരു വഴക്കുണ്ടാകുമ്പോൾ പകുതിസമയത്തോ തീരുമ്പോഴോ കയറി വന്ന് എന്തെങ്കിലും കുറച്ചു ഇന്റർവ്യൂ ചോദ്യങ്ങൾ ചോദിച്ച്, അപ്പോൾ തന്നെ വിധി പറയൽ ആണ് റെനീഷയുടെ പ്രധാന ജോലി.
ഇന്നലത്തെ വഴക്ക് കാണുമ്പോൾ അറിയാം ശരിക്കും വഴക്ക് ഒത്തുതീർപ്പ് ആക്കാൻ വന്ന മോഡറേറ്റർ റെനീഷയും-സെറീനയും ആണ് അവസാനം അഖിൽ ചെയ്തതൊക്കെ വെളുപ്പിച്ച് ശോഭയേയും ജുനൈസിനെയും മാത്രം കുറ്റക്കാരാക്കിയത്.ശോഭ സാധാരണ എന്തെങ്കിലും വഴക്കുണ്ടായാലും കഴിയുന്നതും പിന്നീട് അവരോട് പോയി സംസാരിച്ചു തീർക്കാറുണ്ട്. പക്ഷെ ശോഭയും അഖിലും ജുനൈസും ചേർന്നുള്ള ഈ വിഷയത്തിൽ സെറീനയും റെനീഷയും ആണ് ശോഭയോടുള്ള ദേഷ്യം മനസ്സിൽ വെച്ച് ശോഭയെ മാത്രം വിരൽ ചൂണ്ടി പെരുമാറുന്നത്', ആരാധകൻ പറഞ്ഞു.












Click it and Unblock the Notifications