ബിഗ് ബോസില്‍ തന്നെ തോല്‍പ്പിക്കാന്‍ ഒരു 'മന്ത്രി' ഇടപെട്ടു: വന്‍ വെളിപ്പെടുത്തലുമായി അഖില്‍ മാരാർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ തന്റെ വിജയം തടയാന്‍ വേണ്ടി ഷോയുടെ പുറത്ത് വലിയ നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് അഖില്‍ മാരാർ. ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍ ജേതാവിനെ പ്രഖ്യാപിക്കാന്‍ പോകുമ്പോഴും തനിക്ക് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ല, വിജയം മനസ്സില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പുറത്ത് വലിയ കളികള്‍ നടന്നിരുന്നതായി പിന്നീട് അറിയാന്‍ സാധിച്ചിരുന്നുവെന്നും അഖില്‍ മാരാർ പറയുന്നു. മൂവി വേള്‍ഡ് മീഡിയയെന്ന യൂട്യൂബ് ചാനല്‍ സംഘടിപ്പിച്ച 'മാരാർ ഷോ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീസണ്‍ 5 ജേതാവ്.
ഷോയില്‍ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം പല കാര്യങ്ങളും അറിഞ്ഞു. ഞാന്‍ ജയിക്കരുതെന്ന ആഗ്രഹത്തോടെ വലിയ രീതിയിലുള്ള ചില കളികളും കാര്യങ്ങളുമൊക്കെ നടന്നിരുന്നു. അതൊക്കെ വലിയ സീരിയസ് വിഷമാണ്. മറ്റുള്ളവർക്ക് വേണ്ടി കുറെ റോബോട്ടിക്ക് വോട്ട് വരികയൊക്കെ ചെയ്തെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അഖില്‍ മാരാർ പറയുന്നു.

ജനത്തെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. അത് മാത്രമാണ് എന്റെ ആത്മവിശ്വാസം. അവർ എനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ബിഗ് ബോസിന് അകത്ത് നിന്നുകൊണ്ട് തന്നെ വലിയ വോട്ടിന്റെ വ്യത്യാസത്തിലായിരിക്കും ഞാന്‍ ജയിക്കുകയെന്ന് ഷോയ്ക്ക് അകത്ത് നിന്നുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു. കണ്ടന്റുകളിലാണ് എന്റെ ആത്മവിശ്വാസം.
പക്ഷെ പുറത്ത് ഇറങ്ങിയപ്പോഴാണ് ഞാന്‍ ജയിക്കാതിരിക്കാനുള്ള ബാഹ്യ ഇടപെടലുകള്‍ മന്ത്രി തലത്തില്‍ വരെ നടന്നിരുന്നുവെന്ന് അറിയാന്‍ സാധിച്ചത്. പേരൊന്നും ചോദിക്കരുത്. ഒരു സൂചന മാത്രം. എന്റെ സുഹൃത്തുക്കളൊക്കെ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് ഈ പറയുന്നത്. പുറത്ത് നിന്ന് ഏഷ്യാനെറ്റിലേക്ക് വിളിച്ചായിരുന്നു എന്റെ വിജയം തടയാനുള്ള ശ്രമങ്ങളെന്നും അഖില്‍ വ്യക്തമാക്കുന്നു.
എന്നോട് വിരോധം ഉള്ളതുകൊണ്ടല്ല മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. അങ്ങനെ ഞാന്‍ പറയുന്നുമില്ല. മറ്റുള്ളവരോട് സ്നേഹം ഉള്ളതുകൊണ്ടാണ് അത്തരമൊരു നീക്കം ഉണ്ടായത്. ഞാനും വേറെ ഒരാളും തമ്മില്‍ മത്സരിക്കുന്നു. എന്നോട് ആർക്കും വിരോധമില്ല. പക്ഷെ മറ്റേ ആളോട് ചിലർക്ക് സ്നേഹം ഉണ്ട്. അപ്പോള്‍ എന്റെ എതിർ സ്ഥാനാർത്ഥി വിജയിക്കണമെന്ന് മറ്റുള്ളവർ ആഗ്രഹിക്കുമെന്നും താരം പറയുന്നു.

കൊട്ടാരക്കര മേഖലയില്‍ നിന്നുള്ള മന്ത്രിയായിരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് 'ബാലഗോപാലിനെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരിക്കലും അല്ല. അദ്ദേഹത്തെയൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്' എന്നും അഖില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഇടപെടല്‍ നടന്നെങ്കിലും ജനങ്ങളുടെ വലിയ പിന്തുണയോടെ വിജയിക്കാന്‍ സാധിച്ചു.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ഏതെങ്കിലും ഒരു വ്യക്തി നേരത്തെ കാട്ടിക്കൂട്ടിയത് പോലുള്ള കാര്യങ്ങള്‍ ഒരിക്കലും എന്റെ കാര്യത്തില്‍ ഉണ്ടാവില്ല. ബിഗ് ബോസിന് അകത്ത് ഞാന്‍ എന്താണോ ചെയ്തത്, അതാണ് കഴിഞ്ഞ പത്ത് വർഷമായി പുറത്തും ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കിയാല്‍ അത് മനസ്സിലാക്കാന്‍ കഴിയും.
കെഎം മാണി സാർ മരിച്ചപ്പോള്‍ ഞാന്‍ ഇട്ട പോസ്റ്റ് 'കെഎം മാണി പോയി, ഇനി ജോസ് കെ മാണി എന്ന് പോവുമെന്ന് നോക്കാം, എല്‍ഡിഎഫിലേക്ക്' എന്നായിരുന്നു എന്റെ പോസ്റ്റ്. 2019 ല്‍ ബിജെപി കർണാടകയില്‍ അധികാരത്തില്‍ വരുമെന്ന് ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞ വ്യക്തിയായിരുന്നു. 2018 ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയാവുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ നമുക്കൊരു ഇല്യൂഷനുണ്ടാവും. ഇത്തരത്തില്‍ നേരായ വഴിയിലാണെങ്കില്‍ ബിഗ് ബോസില്‍ കയറി ആദ്യ ആഴ്ചയില്‍ തന്നെ എനിക്ക് വിജയിക്കാനാകുമെന്ന് മനസ്സിലാക്കിയിരുന്നുവെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications